അഭ്യൂഹങ്ങള്‍ക്ക് വിരാമം; രാജി വച്ചേക്കുമെന്ന വാര്‍ത്ത നിഷേധിച്ച് ഫ്രാന്‍സിസ് പാപ്പാ

രാജി വയ്ക്കാനൊരുങ്ങുന്നുവെന്ന അഭ്യൂഹങ്ങള്‍ നിഷേധിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. രാജി വയ്ക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നും ശസ്ത്രക്രിയയ്ക്കു ശേഷം ആരോഗ്യവാനായി സാധാരണ ജീവിതമാണു നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജൂലൈ നാലിന് കുടല്‍ ശസ്ത്രക്രിയയ്ക്കു വിധേയനായ പാപ്പാ ഡിസംബറില്‍ 85 ാം ജന്മവാര്‍ഷികത്തില്‍ രാജി വച്ചേക്കുമെന്ന് ഇറ്റലിയിലെ ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. സ്പാനിഷ് എപ്പിസ്‌കോപ്പല്‍ കോണ്‍ഫറന്‍സ് നടത്തുന്ന റേഡിയോ ശൃംഖലയായ ‘കോപ്പി’ന്റെ പ്രതിനിധിക്കു നല്കിയ അഭിമുഖത്തിലാണ് പാപ്പ ഇക്കാര്യം വെളിപ്പെടുത്തിയത്.

ശസ്ത്രക്രിയാനന്തരമുള്ള ആരോഗ്യാവസ്ഥയെക്കുറിച്ചും പാപ്പാ പങ്കുവച്ചു: “വന്‍കുടലിനെ ബാധിക്കുന്ന ‘ഡിവെര്‍ട്ടിക്കുല’ എന്ന അസുഖത്തെ തുടര്‍ന്നായിരുന്നു ശസ്ത്രക്രിയ. കുടലില്‍ നിന്ന് 33 സെന്റിമീറ്റര്‍ മുറിച്ചുമാറ്റി. ഇപ്പോള്‍ എന്തും ഭക്ഷിക്കാനാകും. മുമ്പ് അതു സാധ്യമല്ലായിരുന്നു. ആന്റിബയോട്ടിക്കും മറ്റും കഴിച്ചുപോന്നിരുന്ന എന്നോട് ശസ്ത്രക്രിയ നടത്താന്‍ ഉപദേശിച്ചത് വത്തിക്കാനിലുള്ള ഒരു നഴ്സാണ്. താന്‍ ഇപ്പോഴും ഓപ്പറേഷനു ശേഷമുള്ള മരുന്നുകള്‍ കഴിക്കുന്നുണ്ടെന്നും തന്റെ ദൗത്യനിര്‍വ്വഹണ മേഖലയിലേക്ക് ക്രമേണ തിരിച്ചെത്തി തുടങ്ങിയെന്നും തികച്ചും സാധാരണ ജീവിതം നയിക്കുകയാണെന്നും പാപ്പാ പറഞ്ഞു.

സെപ്റ്റംബര്‍ ഒന്നിന് 90 മിനിറ്റ് ദൈര്‍ഖ്യമുള്ള അഭിമുഖം പ്രക്ഷേപണം ചെയ്തതോടെയാണ് പാപ്പയുടെ രാജി സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്ക് വിരാമമായത്. അഫ്ഗാനിസ്ഥാനിലെ സംഭവ വികാസങ്ങള്‍, സ്പെയിനിലെ ദയാവധം, കൂരിയാ നവീകരണം ഉള്‍പ്പെടെയുള്ള നിരവധി വിഷയങ്ങള്‍ അഭിമുഖത്തില്‍ ഇടംപിടിച്ചു.

 

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.