പഴയ-പുതിയ തലമുറകള്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തണം

പഴയ-പുതിയ തലമുറകള്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഫ്രാൻസിസ് പാപ്പാ. പനാമയില്‍ നിന്നെത്തിയ അമ്പതോളം പേരടങ്ങിയ തീര്‍ത്ഥാടകസംഘത്തെ വ്യാഴാഴ്ച വത്തിക്കാനില്‍ സ്വീകരിച്ച് സംബോധന ചെയ്യവെയാണ്‌ പാപ്പാ ഇക്കാര്യം വ്യക്തമാക്കിയത്.

പഴയ-പുതിയ തലമുറകള്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തേണ്ടത് ഇന്നിന്റെ ആവശ്യമാണ്. എന്നാൽ പലപ്പോഴും അത് സംഭവിക്കുന്നില്ല. മുത്തശ്ശീമുത്തച്ഛന്മാരും യുവജങ്ങളും തമ്മിലുള്ള ബന്ധത്തിന് മൗലികവാദം, ആശയാധിപത്യം തുടങ്ങിയവ ഭീഷണിയായി തീരുന്നു. ഈ അവസ്ഥ മാറേണ്ടതുണ്ട് -പാപ്പാ ചൂണ്ടിക്കാട്ടി.

യുവജനസംഗമത്തോടനുബന്ധിച്ച് പനാമയിലെത്തിയ താന്‍ കണ്ടത് ഒരു കുലീന രാഷ്ട്രത്തെയാണെന്നും ഈ ആഭിജാത്യം ജനങ്ങളുടെ ആദരവിലും അവരുടെ സ്നേഹത്തിലും ആവിഷ്കൃതമാണെന്നും പാപ്പാ അനുസ്മരിച്ചു. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ ഈ മാഹാത്മ്യത്തെ തകര്‍ക്കുന്ന നിരവധി അപകടങ്ങള്‍ ലാറ്റിനമേരിക്കയില്‍ ഉണ്ടെന്നും പാപ്പാ പറഞ്ഞു.