ദൈവസ്‌നേഹമായ പരിശുദ്ധാത്മാവ് നമ്മുടെ ആത്മാവില്‍ പ്രവര്‍ത്തിക്കുന്നു: മാര്‍പാപ്പ

ദൈവസ്‌നേഹമായ പരിശുദ്ധാത്മാവ് നമ്മുടെ ആത്മാവില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് മാര്‍പാപ്പ. ആത്മാവിന്റെ ഏറ്റവും സ്വീകാര്യനായ അതിഥിയായി അവിടുന്ന് നമ്മുടെ ഹൃദയാന്തരത്തിലേയ്ക്ക് ഇറങ്ങിവരുന്നുവെന്നും നമ്മെ ഒരിക്കലും കൈവെടിയാത്ത ദൈവത്തിന്റെ യഥാര്‍ത്ഥ സ്‌നേഹമാണ് പരിശുദ്ധാത്മാവെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു. ക്രൂശിതനും ഉത്ഥിതനുമായ ക്രിസ്തുവില്‍ ദൈവസ്‌നേഹത്തിന്റെ സൗന്ദര്യവും സത്യവും അനുഭവിക്കാന്‍ പരിശുദ്ധാത്മാവിന്റെ വരദാനങ്ങള്‍ക്കായി നമ്മുടെ ഹൃദയങ്ങള്‍ തുറക്കാം. എല്ലായ്‌പ്പോഴും നമുക്കു മുന്നേ നീങ്ങുന്ന ഈ സ്‌നേഹത്തിനു സാക്ഷിയായി മുന്നേറാന്‍ അവിടുന്ന് നമ്മെ ഉണര്‍ത്തുന്നു – പാപ്പാ പറഞ്ഞു.

“നാമോരോരുത്തരും നമ്മുടെ ലോകത്തില്‍ വിളിക്കപ്പെട്ടിരിക്കുന്നത് പരിശുദ്ധാത്മാവില്‍ സാക്ഷികളാകാനും ആശ്വാസം പകരാനുമാണ്. അത് പ്രാര്‍ത്ഥനയും സാന്നിധ്യവും കൊണ്ടാവണം. കഴിഞ്ഞകാല തെറ്റുകളില്‍ കെട്ടപ്പെടാതെയും ഭാവിയെക്കുറിച്ചുള്ള ഭയത്താല്‍ മരവിക്കാതെയും വര്‍ത്തമാനകാലത്തില്‍ ജീവിക്കാന്‍ പരിശുദ്ധാത്മാവ് നമ്മെ ആഹ്വാനം ചെയ്യുന്നു. ദൈവത്തിന്റെ കണ്ണുകളിലൂടെ ലോകത്തെ കാണാനും, നമ്മുടെ സഹോദരീ-സഹോദരന്മാരെ അവിടുത്തെ ഹൃദയത്തിന്റെ സൗമ്യതയോടെ പരിഗണിക്കാനും പരിശുദ്ധാത്മാവ് നമ്മെ പഠിപ്പിക്കുമാറാകട്ടെ.

യേശു നമ്മെ പഠിപ്പിക്കുന്നതുപോലെ, എല്ലാവരെയും സ്‌നേഹിക്കാനും കഴിയട്ടെ. അല്ലാതെ നാം ചിന്തിക്കുന്നതുപോലെ നമ്മെ സ്‌നേഹിക്കുന്നവരെ മാത്രം സ്‌നേഹിച്ചാല്‍ പോരെന്ന് പരിശുദ്ധാത്മാവ് നമ്മെ നിര്‍ബന്ധിക്കുന്നു. നമ്മുടെ ശത്രുക്കളോട് ക്ഷമിക്കുവാനും നാം സഹിക്കേണ്ടിവന്ന ദുഷ്‌ക്കര്‍മ്മങ്ങള്‍ മറക്കാനും അവിടുന്നു നമ്മെ പ്രാപ്തരാക്കുന്നു. മാത്രമല്ല സ്‌നേഹത്തില്‍ ക്രിയാത്മകരാകാനും അവിടുന്നു നമ്മെ അനുദിനം പ്രചോദിപ്പിക്കുന്നു” – പാപ്പാ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.