ക്രൈസ്തവികതയുടെ അതികായനാണ് വിശുദ്ധ അഗസ്റ്റിന്‍! മാര്‍പാപ്പ

ക്രൈസ്തവികതയുടെ അതികായനാണ് വി. അഗസ്റ്റിനെന്നും പാരമ്പര്യത്തോടുള്ള വിശ്വസ്തത ഫലപ്രദമായ ഭാവി ഉറപ്പാക്കുമെന്നും ചൂണ്ടിക്കാട്ടി ഫ്രാന്‍സിസ് പാപ്പ. കെട്ടുറപ്പുള്ള പാരമ്പര്യങ്ങളാണ് നല്ല മൂല്യങ്ങളുള്ള ഭാവിയുടെ അടിത്തറയെന്നും പാപ്പ പറഞ്ഞു. സെന്റ് അഗസ്റ്റിയന്‍ സന്യാസികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പാപ്പ പാരമ്പര്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വ്യക്തമാക്കിയത്.

ആധുനിക ലോകത്ത് ജീവിക്കാന്‍ പാരമ്പര്യങ്ങളില്‍ നിന്ന് പിന്തിരിയേണ്ടത് അത്യാവശ്യമാണെന്നാണ് ചിലരുടെ കണ്ടുപിടുത്തം. എന്നാല്‍ ഇത് വലിയ നാശത്തിലേയ്ക്കു മാത്രമേ നയിക്കുകയുള്ളൂ. സുസ്ഥിരമായ നമ്മുടെ ഭാവിയെ സുരക്ഷിതവും എക്കാലവും നിലനില്‍ക്കുന്നതും ഫലപ്രദവുമാക്കി മാറ്റുന്ന വലിയ ഘടകമാണ് പാരമ്പര്യ വിശ്വാസങ്ങള്‍.

യഥാര്‍ത്ഥ പാരമ്പര്യം ഒരു വൃക്ഷത്തിന്റെ വളര്‍ച്ചയ്ക്കാവശ്യമായ എല്ലാ ഘടകങ്ങളും മണ്ണില്‍ നിന്ന് വലിച്ചെടുക്കാന്‍ പാകത്തില്‍ ആഴത്തിലേയ്ക്ക് ഇറങ്ങുന്ന വേരിന് തുല്യമാണ്. അതായത് കാലഘട്ടത്തിന്റെ മാറ്റത്തിന് അനുസരിച്ച് മാറേണ്ടി വരുമ്പോഴും നിങ്ങളുടെ വേരുകളില്‍ നിന്ന് ഒരിക്കലും പിന്മാറരുത്. അങ്ങനെ ചെയ്താല്‍ അത് സ്വയം കൊലപ്പെടുത്തുന്നതിന് തുല്യവുമാണ്.

വി. അഗസ്റ്റിന്റെ ജീവിതമാണ് സന്യാസജീവിത പാരമ്പര്യത്തില്‍ നിങ്ങളുടെ വേരുകള്‍. അവ കണ്ടെത്തി വിശ്വസ്തതയോടെ നില്‍ക്കുമ്പോള്‍ മാത്രമേ നിങ്ങളുടെ സന്യാസജീവിതം പൂര്‍ണ്ണമാവുകയുള്ളൂ. മാത്രമല്ല ആ പാരമ്പര്യങ്ങളെ സ്‌നേഹിക്കുവാനും കൂടുതല്‍ ആഴത്തില്‍ മനസ്സിലാക്കുവാനും നിങ്ങള്‍ക്ക് സാധിക്കണം. ദൈവത്തെ ചൂണ്ടിക്കാണിച്ച് ദൈവത്തിലേയ്ക്ക് നമ്മെ ആകര്‍ഷിക്കുകയും ചേര്‍ത്തുനിര്‍ത്തുകയും ചെയ്ത വ്യക്തിയാണ് വി. അഗസ്റ്റിന്‍. പാപ്പ പറഞ്ഞു.