നീതി പരിശീലിക്കാന്‍ മൂന്ന് മൗലീകപുണ്യങ്ങള്‍ അഭ്യസിക്കുക: കോടതിവര്‍ഷത്തിന്റെ ഉദ്ഘാടനവേളയില്‍ ഫ്രാന്‍സിസ് പാപ്പാ

അധികൃത സഹോദര്യം സാക്ഷാത്ക്കരിക്കുന്നതിനുള്ള വഴിയാണ് നീതിയുടെ മാര്‍ഗ്ഗമെന്നും അത് സകലര്‍ക്കും വിശിഷ്യാ, ഏറ്റവും വേധ്യരും ബലഹീനരുമായവര്‍ക്ക് സംരക്ഷണം ഉറപ്പേകുന്നുവെന്നും മാര്‍പ്പാപ്പാ. വത്തിക്കാനില്‍ തൊണ്ണൂറ്റിയൊന്നാം കോടതിവര്‍ഷത്തിന്റെ ഉദ്ഘാടനവേളയില്‍ നടത്തിയ പ്രഭാഷണത്തിലാണ് പാപ്പാ ഇപ്രകാരം ഉദ്‌ബോധിപ്പിച്ചത്.

നീതിയെക്കുറച്ചുള്ള ഈ ബോധ്യത്തില്‍ മുന്നേറാന്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പാപ്പാ പ്രചോദനം പകരുകയും ചെയ്തു. നീതിയെക്കുറിച്ചുള്ള സുവിശേഷഭാഷ്യം എന്തെന്നു വിശദീകരിച്ച പാപ്പാ, യേശു മുന്നോട്ടുവയ്ക്കുന്ന നീതി സാങ്കേതികമായി പ്രയോഗിക്കുന്ന നിയമങ്ങളുടെ ഒരു സംഹിതയല്ലെന്നും മറിച്ച്, നീതിനിര്‍വ്വാഹക ഉത്തരവാദിത്വമുള്ളവരെ നയിക്കുന്ന ഹൃദയഭാവമാണെന്നും ഉദ്‌ബോധിപ്പിച്ചു.

നീതിയുടെ മേഖലയില്‍ വിവേകം, ആത്മധൈര്യം, ആത്മസംയമനം എന്നീ മൗലീകപുണ്യങ്ങളുടെ പ്രാധാന്യവും പാപ്പാ ചൂണ്ടിക്കാട്ടി. വിവേകം എന്ന പുണ്യം, തെറ്റും ശരിയും ഏതെന്ന് തിരിച്ചറിയാനുള്ള പ്രാപ്തി നല്കുകയും ഓരോ വ്യക്തിക്കും അര്‍ഹമായത് എന്താണോ അത് അവന്റെമേല്‍ ആരോപിക്കാന്‍ അനുവദിക്കുകയും ചെയ്യുന്നുവെന്ന് പാപ്പാ പറഞ്ഞു.

ആത്മനിയന്ത്രണം കാര്യങ്ങളെയും അവസ്ഥകളെയും വിലയിരുത്തുന്ന പ്രക്രിയയില്‍ മിതത്വത്തിന്റെയും സന്തുലനത്തിന്റെയും ഒരു ഘടകമാണെന്നും അത് മനഃസാക്ഷിക്കനുസൃതം തീരുമാനമെടുക്കാന്‍ നമുക്ക് സ്വാതന്ത്ര്യം നല്കുന്നുവെന്നും ആത്മധൈര്യമാകട്ടെ, നമ്മുടെ മുന്നിലുള്ള പ്രതിബന്ധങ്ങളെ സമ്മര്‍ദ്ദങ്ങള്‍ക്കും വികാരങ്ങള്‍ക്കും വിധേയരാകാതെ നേരിടാന്‍ നമ്മെ പ്രാപ്തരാക്കുന്നുവെന്നും പാപ്പാ ഉദ്‌ബോധിപ്പിച്ചു.