സത്യത്തോടുള്ള ഭയമാണ് കാപട്യമെന്ന് ഫ്രാന്‍സിസ് പാപ്പാ

സത്യത്തോടുള്ള ഭയമാണ് കാപട്യമെന്ന് ഫ്രാന്‍സിസ് പാപ്പാ. സ്വയം ആയിരിക്കുന്നതിനേക്കാള്‍ അങ്ങനെയാണെന്ന് ഭാവിക്കാന്‍ ഒരാള്‍ ഇഷ്ടപ്പെടുന്നു. സത്യം തുറന്നു പറയാനുള്ള ധൈര്യത്തിന് ഈ അഭിനയം വിഘാതമാകുന്നു. അതിനാല്‍, എല്ലാം അവഗണിച്ച് എല്ലായ്‌പ്പോഴും എല്ലായിടത്തും സത്യം പറയാനുള്ള കടമയില്‍ നിന്ന് ഒരാള്‍ എളുപ്പത്തില്‍ ഒളിച്ചോടുന്നു. ഔപചാരികതയുടെ ചിഹ്നത്തില്‍ വ്യക്തിബന്ധങ്ങള്‍ ജീവിക്കുന്ന ഒരു അന്തരീക്ഷത്തില്‍, കപടതയുടെ അണു (വൈറസ്) എളുപ്പത്തില്‍ പടരുന്നു. ബുധനാഴ്ച വത്തിക്കാനില്‍ അനുവദിച്ച പ്രതിവാര പൊതുദര്‍ശന പരിപാടിയുടെ അവസരത്തിലാണ് പാപ്പാ ഇക്കാര്യം പറഞ്ഞത്.

ബൈബിളില്‍ കപടതയ്ക്കെതിരെ പോരാടുന്ന നിരവധി ഉദാഹരണങ്ങളുണ്ടെന്നും പാപ്പാ വിശദമാക്കി. ഉള്ളം നിറയെ കാപട്യവും അനീതിയും വച്ചുകൊണ്ട് പുറമെ നീതിമാന്മാരായി പ്രത്യക്ഷപ്പെടുന്നവരെ യേശു ശക്തമായി ശാസിക്കുന്ന വിവിധ സന്ദര്‍ഭങ്ങള്‍ സുവിശേഷങ്ങളും അവതരിപ്പിക്കുന്നുണ്ട്.

‘മുഖംമൂടി അണിഞ്ഞ് ജീവിക്കുകയും സത്യത്തെ അഭിമുഖീകരിക്കാന്‍ ഭയപ്പെടുകയും അഭിനയിക്കുകയും മുഖസ്തുതി പറയുകയും വഞ്ചിക്കുകയും ചെയ്യുന്ന വ്യക്തിയാണ് കപടനാട്യക്കാരന്‍. ഇക്കാരണത്താല്‍, അവന് യഥാര്‍ത്ഥത്തില്‍ സ്‌നേഹിക്കാന്‍ കഴിയില്ല: അവന്‍ സ്വാര്‍ത്ഥതയില്‍ ജീവിക്കുന്നതില്‍ സ്വയം ഒതുങ്ങുന്നു, സ്വന്തം ഹൃദയം സുതാര്യമായി കാണിക്കാനുള്ള ശക്തി അവനില്ല” – പാപ്പാ പറഞ്ഞു.

ദൗര്‍ഭാഗ്യവശാല്‍ സഭയിലും കാപട്യമുണ്ടെന്ന് പാപ്പാ തുറന്നടിച്ചു. ‘കപടനാട്യക്കാരായ ക്രൈസ്തവരും ശുശ്രൂഷകരും നിരവധിയുണ്ട്. കര്‍ത്താവിന്റെ വാക്കുകള്‍ നാം ഒരിക്കലും മറക്കരുത്: “നിങ്ങളുടെ വാക്ക് അതെ, അതെ, എന്നോ അല്ല, അല്ല എന്നോ ആയിരിക്കട്ടെ. ഇതിനപ്പുറമുള്ളത് ദുഷ്ടനില്‍നിന്നു വരുന്നു” (മത്തായി 5:37).

സഹോദരീസഹോദരന്മാരേ, ഇന്ന് നമുക്കു ചിന്തിക്കാം: അത് കാപട്യമാണ്. സത്യസന്ധരായിരിക്കുന്നതിന്, സത്യം പറയുന്നതിന്, സത്യം കേള്‍ക്കുന്നതിന്, സത്യത്തിന് അനുരൂപരാകുന്നതിന് നാം ഭയപ്പെടേണ്ടതില്ല. അപ്രകാരം നമുക്കു സ്‌നേഹിക്കാന്‍ സാധിക്കും. കപടനാട്യക്കാരന് സ്‌നേഹിക്കാന്‍ സാധിക്കില്ല. മറിച്ച് സത്യത്താലല്ലാതെ വര്‍ത്തിക്കുക എന്നാല്‍, കര്‍ത്താവ് തന്നെ പ്രാര്‍ത്ഥിച്ച സഭൈക്യത്തെ അപകടത്തിലാക്കുക എന്നാണ്” – പാപ്പാ വിശദമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.