മറിയത്തെ കൂടാതെ രക്ഷയില്ല: മാര്‍പാപ്പ

മറിയമില്ലാതെ രക്ഷയില്ലെന്ന് ആവര്‍ത്തിച്ചുകൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പ. പുതുവര്‍ഷാരംഭത്തില്‍ ദൈവമാതൃത്വ തിരുനാളിന്റെ ആഘോഷവേളയില്‍ വചനസന്ദേശം നല്കവേയാണ് പാപ്പാ ഇക്കാര്യം പറഞ്ഞത്.

ദൈവത്തില്‍ മനുഷ്യത്വം ഉള്‍ച്ചേര്‍ന്നിരിക്കുന്നുവെന്ന സത്യം ലോകത്തോട് വിളിച്ചുപറയുന്ന ദിവസമാണ് ദൈവമാതൃത്വ തിരുനാള്‍ ദിനമെന്ന് പാപ്പ പറഞ്ഞു. നസ്രത്തിലെ മറിയം സ്ത്രീയും അമ്മയുമാണ്. മറിയത്തിലാണ് രക്ഷ പൂവണിഞ്ഞത്. മാനവികതയില്‍ ദൈവികത മെനഞ്ഞെടുത്തവളാണ് നസ്രത്തിലെ മറിയം. ഒരു സ്ത്രിയിലൂടെ യാഥാര്‍ത്ഥ്യമായ ദൈവ-മനുഷ്യ ഉടമ്പടിയുടെ മഹോത്സവമാണ് ദൈവമാതൃത്വ തിരുനാള്‍.

അമ്മയുടെ ഉദരത്തില്‍ രൂപമെടുത്ത് ഉടലോടെ ഇന്നും ക്രിസ്തു സ്വര്‍ഗ്ഗീയമഹത്വത്തില്‍ വാഴുന്നുവെന്നത് ക്രിസ്തീയവിശ്വാസമാണെന്നും പാപ്പ പറഞ്ഞു. ദൈവം തന്റെ തിരുക്കുമാരനെ ഒരു സ്ത്രീയിലൂടെയാണ് ഈ ലോകത്തില്‍ മനുഷ്യനായി പിറക്കാന്‍ ഇടയാക്കിയത്. സ്ത്രീത്വത്തിന് എതിരായ സകല തിന്മകളും അതുകൊണ്ട് ദൈവനിന്ദയാണെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു.