സഹനങ്ങളുടെ കാലത്ത് ക്രൈസ്തവര്‍ക്ക് മാതൃക പരിശുദ്ധ കന്യകാമറിയം എന്ന് ഫ്രാന്‍സിസ് പാപ്പാ

സഹനങ്ങളുടെയും കഷ്ടപ്പാടുകളുടെയും നേരത്ത് ക്രൈസ്തവര്‍ക്ക് മാതൃക പരിശുദ്ധ കന്യകാമറിയം ആണെന്ന് ഫ്രാന്‍സിസ് പാപ്പാ. കുരിശിന്‍ചുവട്ടില്‍ നിന്ന് ക്രിസ്തുവിന്റെ സഹനങ്ങളില്‍ പങ്കുപറ്റിയവളാണ് മറിയം. സഹനങ്ങളില്‍ പങ്കുചേര്‍ന്നെങ്കിലും അമ്മ സഹനങ്ങളില്‍ സ്വയം മുങ്ങിപ്പോകാന്‍ അനുവദിച്ചില്ല – പാപ്പാ പറഞ്ഞു.

മാതാവിന്റെ അതേ നിശ്ചയദാര്‍ഢ്യത്തോടും ധൈര്യത്തോടും കൂടെ കുരിശിന്‍ചുവട്ടില്‍ നില്‍ക്കേണ്ടത് എങ്ങനെയെന്ന് നമുക്ക് മറിയത്തില്‍ നിന്നു പഠിക്കാം. തന്റെ മകന്റെ സഹനങ്ങളില്‍ സഹയാത്ര ചെയ്തവളാണ് മാതാവ്. തന്റെ കടാക്ഷം കൊണ്ട് പുത്രന് പിന്തുണ നല്‍കുകയും തന്റെ ഹൃദയം കൊണ്ട് അവിടുത്തേയ്ക്ക് സംരക്ഷണമൊരുക്കുകയും ചെയ്തു അമ്മ. ആമ്മേന്‍ പറഞ്ഞുകൊണ്ട് മറിയം ദൈവഹിതത്തിന് സമ്പൂര്‍ണ്ണമായി കീഴ്പ്പെട്ടു. ഇതേ അനുസരണയുടെ വഴി കത്തോലിക്കാ സഭയും പിന്തുടരണം. കുടിയേറ്റക്കാരോടും അവരുടെ കുടുംബങ്ങളോടും വീടില്ലാത്തവരോടും ‘അതെ’ എന്നും ‘ആമ്മേന്‍’ എന്നും പറയാന്‍ ഓരോ ക്രിസ്ത്യാനിക്കും സാധിക്കണം – പാപ്പാ പറഞ്ഞു.

മറിയത്തെപ്പോലെ സ്വാഗതം ചെയ്യുന്ന, സംരക്ഷിക്കുന്ന, പ്രോത്സാഹിപ്പിക്കുന്ന, ഒന്നിപ്പിക്കുന്ന ഒരു സംസ്‌കാരം കത്തോലിക്കാ സഭയും വളര്‍ത്തണം. സമൂഹത്തില്‍ നിന്ന് കുടിയേറ്റക്കാരെ അകറ്റിനിര്‍ത്തുന്ന പ്രവണത അവസാനിപ്പിക്കണം. പരിശുദ്ധ മറിയത്തെപ്പോലെ എങ്ങനെയാണ് കുരിശിന്‍ചുവട്ടില്‍ നില്‍ക്കേണ്ടത് എന്ന് നാം പഠിക്കണം. ഹൃദയം അടച്ചുപൂട്ടി വയ്ക്കരുത്. തുറന്നതും ആര്‍ദ്രവുമായ ഹൃദയത്തോടെ, ഭക്തിയോടും ആദരവോടും കൂടെ നാം യേശുവിന്റെ കൂടെ സഞ്ചരിക്കണം – പരിശുദ്ധ പിതാവ് കൂട്ടിച്ചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.