പൂര്‍ണ്ണത തികഞ്ഞവര്‍ക്കുള്ള സമ്മാനമല്ല കുര്‍ബാനയെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ

പൂര്‍ണ്ണത തികഞ്ഞവര്‍ക്കുള്ള സമ്മാനമല്ല കുര്‍ബാനയെന്നും അതിലുപരിയായി സഭയിലെ യേശുസാന്നിധ്യത്തിന്റെ സമ്മാനമാണ് എന്നുമുള്ള തന്റെ വിശ്വാസം ആവര്‍ത്തിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. ദിവ്യകാരുണ്യ സ്വീകരണത്തില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്നും മാര്‍പാപ്പ പറഞ്ഞു. ഗര്‍ഭച്ഛിദ്ര അവകാശത്തിനായി വാദിക്കുന്നവര്‍ക്കു ദിവ്യകാരുണ്യം നല്‍കരുതെന്ന നിലപാടിനോടുള്ള തന്റെ പ്രതികരണം അറിയിക്കവേയാണ് പാപ്പാ ഇക്കാര്യങ്ങള്‍ പറഞ്ഞത്. അത്തരത്തിലുള്ള രാഷ്ട്രീയക്കാരെ അപലപിക്കുന്നതിനു പകരമായി അവരോട് അനുകമ്പയും ആര്‍ദ്രതയും പ്രകടമാക്കുകയാണു വേണ്ടതെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.

താന്‍ ഒരിക്കലും ആര്‍ക്കും കുര്‍ബാന നിഷേധിച്ചിട്ടില്ലെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. അതേസമയം, തനിക്ക് മുന്‍പില്‍ ഗര്‍ഭച്ഛിദ്ര അനുകൂലിയായ ഒരു രാഷ്ട്രീയക്കാരനും ദിവ്യ കാരുണ്യ സ്വീകരണത്തിനു വന്നിട്ടുമില്ല. ഒരിക്കല്‍ ഒരു പ്രായമായ സ്ത്രീക്ക് താന്‍ കുര്‍ബാന നല്‍കിയ ശേഷം, അവള്‍ യഹൂദയാണെന്ന് ഏറ്റുപറയുകയുണ്ടായി.

ഗര്‍ഭച്ഛിദ്രത്തെ അനുകൂലിക്കുന്ന രാഷ്ട്രീയക്കാരന്‍ സഭയ്ക്ക് പുറത്താണോയെന്ന് പറയാന്‍ പാപ്പ വിസമ്മതിച്ചെങ്കിലും, സഭയുമായി അനുരഞ്ജനത്തിലല്ലാത്ത ആര്‍ക്കും കുര്‍ബാന നല്‍കാനാകില്ലെന്ന് വ്യക്തമാക്കി. സ്ലോവാക് തലസ്ഥാനമായ ബ്രാറ്റിസ്ലാവയില്‍ നിന്ന് ഹ്രസ്വമായ യാത്രയില്‍ ഫ്രാന്‍സിസ് പാപ്പയ്ക്കു മുന്നില്‍ ഒട്ടേറെ ചോദ്യങ്ങള്‍ നിരത്തി മാധ്യമ പ്രവര്‍ത്തകര്‍. എന്തുകൊണ്ടാണ് ചില ആളുകള്‍ കോവിഡ് -19 വാക്സിനുകള്‍ എടുക്കാന്‍ വിസമ്മതിക്കുന്നതെന്ന് തനിക്കു മനസ്സിലാകുന്നില്ലെന്നും ‘മനുഷ്യത്വത്തിന് വാക്സിനുകളുമായി സൗഹൃദത്തിന്റെ ചരിത്രമുണ്ട്’ എന്നും അവരെ സഹായിക്കാന്‍ ശാന്തമായ ചര്‍ച്ച ആവശ്യമാണെന്നും പാപ്പാ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.