കുടുംബങ്ങള്‍ക്ക് മാര്‍പാപ്പ നല്‍കുന്ന പ്രധാനപ്പെട്ട ഉപദേശം

ചെറിയ കാര്യങ്ങളില്‍ ശ്രദ്ധ വയ്ക്കുക എന്നതാണ് കുടുംബങ്ങള്‍ക്ക് മാര്‍പാപ്പ നല്‍കുന്ന ഒരു പ്രധാനപ്പെട്ട ഉപദേശം. ദാമ്പത്യജീവിതത്തില്‍ ചിലപ്പോഴെല്ലാം ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍ തര്‍ക്കങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. എന്നാല്‍ ആ തര്‍ക്കം അന്നന്ന് ഉറങ്ങും മുമ്പേ പറഞ്ഞുതീര്‍ക്കണം. തര്‍ക്കം തീര്‍ക്കാന്‍ മറ്റ് മദ്ധ്യസ്ഥരെയൊന്നും വിളിച്ചുകൊണ്ടു വരേണ്ട കാര്യമില്ല. ഒരു തലോടലോ സ്നേഹപൂര്‍ണ്ണമായ സ്പര്‍ശമോ മതിയാകും!

സ്വപ്നം കാണുന്ന കുടുംബങ്ങള്‍ ആവുക. സ്വപ്നങ്ങളില്ലാത്ത കുടുംബങ്ങളുണ്ടാകുകയില്ല. ഈ സ്വപ്നം കാണാനുള്ള കഴിവ് ഇല്ലാതാകുമ്പോഴാണ് കുട്ടികള്‍ വളരാതാകുന്നത്, സ്നേഹത്തിന്റെ വളര്‍ച്ച മുരടിക്കുന്നത്, ജീവിതം വാടി വീണുപോകുന്നത്. ഓരോ ദിവസവും സ്വയം പരിശോധിക്കുക. ഇന്ന് ഞാന്‍ എന്റെ കുഞ്ഞുങ്ങളുടെ ഭാവിയെക്കുറിച്ച് സ്വപ്നം കണ്ടോ? എന്റെ മാതാപിതാക്കളെക്കുറിച്ചും മുത്തശീമുത്തച്ന്മാരെക്കുറിച്ചും സ്വപ്നം കണ്ടോ? സ്വപ്നം കാണാനുള്ള ഈ കഴിവ് ഇല്ലാതാക്കരുത്. നമുക്ക് ചുറ്റുമുള്ള എല്ലാ നന്മകളെക്കുറിച്ചും സ്വപ്നം കാണുക. അപ്പോള്‍ എല്ലാം മനോഹരമായിത്തീരും.

ഒരുമിച്ച് പ്രാര്‍ത്ഥിക്കുക. ഒരുമിച്ച് കളിക്കുക. രണ്ടും പ്രധാനപ്പെട്ടതാണ്. നിങ്ങള്‍ കുട്ടികളോടൊത്ത് കളിക്കാന്‍ സമയം കണ്ടെത്താറുണ്ടോ? അത് തീര്‍ച്ചയായും വേണം. കുട്ടികളോടൊത്ത് ചെലവഴിക്കാന്‍ എല്ലാ ദിവസം സമയം കണ്ടെത്തണം. കുടുംബത്തിലാണ് നാം ആദ്യമായി പ്രാര്‍ത്ഥിക്കാന്‍ പഠിക്കുന്നത്. ഒരുമിച്ചു പ്രാര്‍ത്ഥിക്കുന്ന കുടുംബം ഒരുമിച്ചു നിലനില്‍ക്കുന്നു. ഇത് വളരെ പ്രധാനപ്പെട്ടതാണ്. നാം സ്വയം ദൈവത്തിന്റെ വലിയ കുടുംബമായ സഭയുടെ ഭാഗമായി കാണുകയാണ്. മറ്റുള്ളവരുടെ ആവശ്യങ്ങള്‍ മനസ്സിലാക്കുകയാണ്. ഇത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. തിരുസഭയെക്കുറിച്ചുള്ള ദൈവപദ്ധതിയില്‍ കുടുംബങ്ങള്‍ക്ക് വലിയ സ്ഥാനമുണ്ട്.

സ്വന്തം കുറവുകള്‍ അംഗീകരിക്കുക. ക്ഷമാശീലം പാലിക്കുക. ഇവ രണ്ടും കുടുംബജീവിതത്തില്‍ അത്യന്താപേക്ഷികമാണ്. നമ്മുടെ എല്ലാ കുറവുകളും വെളിപ്പെടുന്ന ഇടമാണ് കുടുംബം. നമ്മുടെ കുറവുകള്‍ അംഗീകരിക്കാന്‍ മടിക്കരുത്. ക്ഷമിക്കാനും പരസ്പരം വിട്ടുവീഴ്ച കാണിക്കാനും പഠിക്കണം. അതുപോലെ പ്രധാനപ്പെട്ട ഒന്നാണ് ക്ഷമാശീലം. ക്രിസ്തു തന്റെ സഭയെ കരുതിയതുപോലെ സ്വന്തം ഭാര്യയെയും കുഞ്ഞുങ്ങളെയും സംരക്ഷിക്കുക. അവര്‍ക്കായി കരുതുക. ക്ഷമാശീലത്തോടെ അവരെ സ്നേഹിക്കുക. അപ്പോള്‍ കുടുംബം സ്വര്‍ഗ്ഗതുല്യമായി തീരും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.