തൊഴില്‍മേഖലയിലെ ചൂഷണത്തിനെതിരെ മാര്‍പാപ്പ

തൊഴില്‍മേഖലയിലെ ചൂഷണത്തില്‍ മൗനം പാലിച്ചുകൊണ്ട് അനേകര്‍ കൂട്ടുപ്രതികളായിത്തീരുന്നുവെന്ന് ഫ്രാന്‍സിസ് പാപ്പാ. ഇറ്റലിയിലെ രണ്ടു വ്യവസായശാലകള്‍ പാക്കിസ്ഥാനികളായ തൊഴിലാളികളെ നിഷ്‌ക്കരുണം ചൂഷണം ചെയ്‌തെന്ന് കോടതി കണ്ടെത്തിയ പശ്ചാത്തലത്തില്‍ തൊഴില്‍മേഖലയിലെ ചൂഷണത്തെക്കുറിച്ച് ഇറ്റലിക്കാരനായ രചയിതാവും പത്രപ്രവര്‍ത്തകനുമായ മൗറീത്സിയൊ മജ്ജ്യാനി എഴുതിയ തുറന്ന കത്തിന് മറുപടിയായി അദ്ദേഹത്തിനയച്ച കത്തിലാണ് ഫ്രാന്‍സിസ് പാപ്പായുടെ ഈ പ്രതികരണമുള്ളത്.

തൊഴില്‍മേഖലയിലെ ചൂഷണം അപകടത്തിലാക്കുന്നത് വ്യക്തിമാഹാത്മ്യത്തെയാണെന്നും അടിമപ്പണി വഴി അത് പലപ്പോഴും എളുപ്പത്തില്‍ ചവിട്ടിമെതിക്കപ്പെടുകയാണെന്നും ഈ ചൂഷണത്തില്‍ അനേകര്‍ മൗനം വഴി കൂട്ടുപ്രതികളാകുന്നുണ്ടെന്നും പാപ്പാ കുറ്റപ്പെടുത്തി. പകര്‍ച്ചവ്യാധിയുടെ ഫലമായി അടച്ചുപൂട്ടപ്പെട്ട വേളയിലും നമുക്ക് ഭക്ഷ്യവസ്തുക്കള്‍ ലഭിച്ചുകൊണ്ടിരുന്നതിനു പിന്നില്‍ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട അനേകായിരം തൊഴിലാളികള്‍ ഉണ്ട് എന്ന് നമ്മില്‍ പലര്‍ക്കും മനസ്സിലാക്കാന്‍ കഴിഞ്ഞുവെന്നും പാപ്പാ പറഞ്ഞു. ആകയാല്‍ ഈ ചൂഷണത്തിനെതിരായി പ്രതികരിക്കുമ്പോള്‍ ആദ്യം ഈ മരണസംവിധാനങ്ങള്‍ക്കെതിരെ പാപത്തിന്റെ ഘടനകള്‍ക്കതിരെ പരാതിപ്പെടുകയും രണ്ടാമതായി മുതലെടുപ്പുപ്രവണതകളെ വര്‍ജ്ജിക്കുകയും വേണമെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.