പ്രകൃതിയെ നശിപ്പിക്കുന്നതിലൂടെ വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് മാര്‍പാപ്പ

പ്രകൃതിയെ നശിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പാരിസ്ഥിതികവും സാമൂഹികവും മാനവികവുമായ പ്രത്യാഘാതങ്ങളുണ്ടെന്ന് ഫ്രാന്‍സിസ് പാപ്പാ. ‘അങ്ങേയ്ക്കു സ്തുതിയായിരിക്കട്ടെ’ എന്ന പാപ്പായുടെ ചാക്രികലേഖനവുമായി ബന്ധപ്പെട്ട ‘ലൗദാത്തോ സി’ വാരാഘോഷത്തോടനുബന്ധിച്ച് നല്‍കിയ സന്ദേശത്തിലാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

ഭൂമിയുടെ വികസനത്തില്‍ പങ്കുചേരുന്ന മനുഷ്യര്‍ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതുപോലെ അതിന്റെ ജീര്‍ണ്ണതയും പരിണിതഫലവും പാരിസ്ഥിതികം മാത്രമല്ല, സാമൂഹികവും മാനവികവുമായ പ്രതിസന്ധികളായി മനുഷ്യര്‍ അനുഭവിക്കേണ്ടിവരുമെന്ന് പാപ്പാ സൂചിപ്പിച്ചു. പൊതുവെ പാരിസ്ഥിതികപ്രവര്‍ത്തനങ്ങളില്‍ ഒരു മന്ദഗതിയും പിറകോട്ടു പോക്കും കാണുന്നുണ്ടെന്നും പാപ്പാ ചൂണ്ടിക്കാട്ടി.

ഈ മേഖലയിലെ സാങ്കേതികവും സാമ്പത്തികവും രാഷ്ട്രീയവുമായ പ്രശ്നങ്ങള്‍ സഭ പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നുണ്ട്. സാധിക്കുന്നിടങ്ങളില്‍ സഭ പ്രവര്‍ത്തിക്കുന്നുമുണ്ട്. ഒരു പാരിസ്ഥിതിക മാനസാന്തരത്തിന്റെ മനഃസാക്ഷി ജനങ്ങള്‍ക്കിടയില്‍ രൂപീകരിക്കുവാന്‍ സഭയ്ക്കു സാധിക്കുകയും ചെയ്യും. ഭൂമി ദൈവത്തിന്റെ ദാനമാണ്. ദൈവം സ്‌നേഹത്തോടെ സൃഷ്ടി ചെയ്ത മനോഹരമായ ഉദ്യാനമാണത്. ദൈവത്തിന്റെ മനോഹാരിത ആസ്വദിക്കുന്ന മനുഷ്യന്‍ അത് നശിപ്പിക്കുകയല്ല വേണ്ടത്, മറിച്ച് കൂടുതല്‍ മെച്ചപ്പെടുത്തുകയും, അത് വളര്‍ത്തുവാനും സംരക്ഷിക്കുകയുമാണ് വേണ്ടത്. നാം അതിന്റെ സൂക്ഷിപ്പുകാരാണ്. ഒപ്പം ഇവിടെ നമ്മോടൊപ്പം ജീവിക്കുന്നവരുമായി നീതിയിലും സാഹോദര്യത്തിലും വസിക്കേണ്ടത് ക്രിസ്തു പഠിപ്പിച്ചിട്ടുള്ള സുവിശേഷ ധര്‍മ്മവുമാണെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.