
നിങ്ങള്‍ എത്ര പാപിയാണെങ്കിലും ബലഹീനനാണെങ്കിലും ക്രിസ്തുവിന്റെ സ്നേഹം മാറുകയില്ലെന്ന സന്ദേശവുമായി ഫ്രാന്‍സിസ് പാപ്പാ. യോഗ്യതയുള്ളവരെ മാത്രമല്ല, ഇല്ലാത്തവരെയും ഈ വിധം ശുശ്രൂഷിക്കാന്‍ കത്തോലിക്കര്‍ക്ക് കടമയുണ്ടെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു.
“നിങ്ങള്‍ കരുതുന്നതുപോലെ നിങ്ങള്‍ എല്ലാം ശരിയായി ചെയ്യുന്നതുകൊണ്ടൊന്നുമല്ല ദൈവം നിങ്ങളെ സ്നേഹിക്കുന്നത്. ദൈവം വെറുതെ നിങ്ങളെ സ്നേഹിക്കുന്നു, അത്രയേ ഉള്ളൂ. നിരുപാധികമാണ് അവിടുത്തെ സ്നേഹം. അത് നിങ്ങളെ ആശ്രയിച്ചല്ല നിലകൊള്ളുന്നത്” – പാപ്പാ ക്രിസ്തുമസ് ജാഗരവേളയില് സെന്റ് പീറ്റേഴ്സ് ബസലിക്കയില്‍ വച്ചു പറഞ്ഞു.
“മറ്റൊരാള്‍ നമുക്കുവേണ്ടി നന്മ ചെയ്താലേ അയാള്‍ക്കുവേണ്ടി നാം നന്മ ചെയ്യുകയുള്ളൂ എന്ന ശാഠ്യം നമുക്ക് ഉപേക്ഷിക്കാം” – പാപ്പാ ആഹ്വാനം ചെയ്തു. “നിങ്ങളുടെ ധാരണകള്‍ തെറ്റായിരിക്കാം. നിങ്ങള്‍ എല്ലാം അലങ്കോലമാക്കുന്ന വ്യക്തിയായിരിക്കാം. എന്നാല്‍ ദൈവം നിങ്ങളെ സ്നേഹിച്ചുകൊണ്ടേയിരിക്കുന്നു. പാപികളാണെങ്കിലും ദൈവം നമ്മെ സ്നേഹിച്ചുകൊണ്ടേയിരിക്കുന്നു. ഇതാണ് നമുക്കുള്ള ക്രിസ്തുമസ് സമ്മാനം” – പാപ്പാ കൂട്ടിച്ചേര്‍ത്തു.