ദൈവത്തോട് ചോദ്യം ചോദിക്കാന്‍ ധൈര്യമുണ്ടാകണമെന്ന് മാര്‍പാപ്പ

പ്രാര്‍ത്ഥനാമദ്ധ്യേ ദൈവത്തോട് ചോദ്യങ്ങള്‍ ചോദിക്കാന്‍ ധൈര്യമുണ്ടാകണമെന്ന് മാര്‍പാപ്പ. പ്രതിവാര പൊതുകൂടിക്കാഴ്ചയില്‍ പ്രാര്‍ത്ഥനയെക്കുറിച്ച് സംസാരിക്കവേയാണ് പാപ്പാ ഇക്കാര്യം എടുത്തുപറഞ്ഞത്.

പലപ്പോഴും ദൈവമുമ്പാകെ പ്രതിഷേധിക്കുന്നത് ഒരു പ്രാര്‍ത്ഥനാരീതിയാണ്. ദൈവത്തോട് കോപിക്കുന്നതും പ്രാര്‍ത്ഥനയുടെ ഒരു മാര്‍ഗ്ഗമാണ്. കാരണം, ഒരു കുഞ്ഞ് പലതവണ പിതാവിനോട് ദേഷ്യപ്പെടുന്നു. ഇത് അപ്പനുമായുള്ള ബന്ധത്തിന്റെ ഒരു രീതിയാണ്. കാരണം പിതാവിന് അവനെ അറിയാം എന്നതിനാലാണ് അവന്‍ ദേഷ്യം പ്രകടമാക്കുന്നത് – പാപ്പാ പറഞ്ഞു.

“നാം ഇങ്ങനെ പറയാന്‍ പഠിക്കണം. എന്റെ ദൈവമേ, ഞാന്‍ നിന്നില്‍ വിശ്വസിക്കുന്നത് തടയാന്‍ നീ എല്ലാം ചെയ്യുന്നതായ തോന്നലുളവാകുന്നുവെങ്കിലും ഞാന്‍ നിന്നോടു പ്രാര്‍ത്ഥിക്കുന്നത് തുടരും. വിശ്വാസികള്‍ ഒരിക്കലും പ്രാര്‍ത്ഥനയ്ക്ക് വിരാമമിടുന്നില്ല. ദൈവം തന്നോട് അന്യായമായി പെരുമാറുന്നുവെന്ന് അംഗീകരിക്കാതിരിക്കുകയും പ്രതിഷേധിക്കുകയും തന്നെ വിചാരണയ്ക്ക് വിധേയമാക്കുകയും ചെയ്യുന്ന ജോബിന്റെ മനോഭാവത്തിനു സമാനമായി തോന്നാം ഇത്. എന്നാല്‍, ദൈവം നമ്മുടെ യാചന കേള്‍ക്കുമെന്ന ഉറപ്പ് ഉണ്ടാവണം” – പാപ്പാ കൂട്ടിച്ചേര്‍ത്തു.

ജോബിനെക്കാള്‍ കുറഞ്ഞ അളവില്‍ വിശുദ്ധിയും ക്ഷമയും ഉള്ളവരായ നമുക്കും അറിയാം, സ്വര്‍ഗ്ഗത്തിലേക്കുയര്‍ത്തിയ രോദനങ്ങള്‍ക്കും നിരവധിയായ ചോദ്യങ്ങള്‍ക്കും അവസാനം ദൈവം നമുക്ക് ഉത്തരം നല്‍കുമെന്ന്.

‘എന്തുകൊണ്ട്?’ എന്ന പ്രാര്‍ത്ഥന മറക്കരുത്. കുട്ടികള്‍ക്ക് കാര്യങ്ങള്‍ മനസിലാകാതിരിക്കുന്ന സമയം തുടങ്ങുമ്പോള്‍ അവര്‍ ചോദിക്കുന്നതാണ് ‘എന്തുകൊണ്ട്’ എന്ന്. കുട്ടി അച്ഛനോട് ചോദിക്കുന്നു: ‘അച്ഛാ, എന്തുകൊണ്ട് ..? എന്നാല്‍ നാം ഒരു കാര്യം ശ്രദ്ധിക്കണം: ആ കുഞ്ഞ് അച്ന്റെ ഉത്തരം ശ്രദ്ധിക്കുന്നില്ല. അവന്‍ മറ്റൊരു ചോദ്യവുമായി വരുന്നു. പിതാവിന്റെ ശ്രദ്ധ തന്നിലേക്ക് ആകര്‍ഷിക്കുക മാത്രമാണ് അവന്റെ ലക്ഷ്യം. ദൈവത്തോടു ചോദ്യം ചോദിക്കാന്‍ ധൈര്യം വേണം. ഇടയ്‌ക്കൊക്കെ ദൈവത്തോട് ദേഷ്യപ്പെടുന്നതും കുറച്ചൊക്കെ നല്ലതാണ്. അത് നമുക്ക് ദൈവത്തോടുണ്ടായിരിക്കേണ്ട, പിതാവിന് പുത്രനോടും പുത്രന് പിതാവിനോടുമുള്ള ബന്ധത്തെ ഉണര്‍ത്താന്‍ സഹായകമാണ്” – പാപ്പാ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.