26 പേരുടെ നാമകരണ നടപടികള്‍ക്ക് പാപ്പായുടെ അംഗീകാരം

കത്തോലിക്കാ സഭയില്‍ ഇരുപത്തിയാറു പേരുടെ നാമകരണ നടപടികള്‍ക്കു കൂടി ഫ്രാന്‍സിസ് മാര്‍പാപ്പ അംഗീകാരം നല്‍കി. ഇറ്റലി, സ്‌പെയിന്‍ പോളണ്ട്, കാനഡ, ജര്‍മനി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരുടെ നാമകരണ നടപടികളുമായി മുന്നോട്ടുപോകാനായി വിശുദ്ധരുടെ നാമകരണ നടപടികള്‍ക്കായുളള വത്തിക്കാന്‍ തിരുസംഘത്തിന്റെ തലവന്‍ കര്‍ദിനാള്‍ ആഞ്ചലോ ബെച്ചുവിനോട് മാര്‍പാപ്പ ആവശ്യപ്പെടുകയും ചെയ്തു.

സിസ്റ്റേഴ്‌സ് ഓഫ് ദി പൂവര്‍, പലാസോളോ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകനും ഇറ്റാലിയന്‍ വൈദികനുമായിരുന്ന ഫാ. ലൂയിജി മരിയ പലാസോളോയുടെ മദ്ധ്യസ്ഥതയില്‍ നടന്ന അത്ഭുതത്തിനും അംഗീകാരം ലഭിച്ചു. ഇതോടുകൂടി ലൂയിജി മരിയ പലാസോളോ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെടാനുള്ള നാമകരണ നടപടികള്‍ക്ക് അവസാനമായി.

വിശുദ്ധ പദവി പ്രഖ്യാപനത്തിന്റെ തീയതി പിന്നീട് പ്രഖ്യാപിക്കും. ഒലിന്റ്റോ മരേല എന്ന മറ്റൊരു ഇറ്റാലിയന്‍ വൈദികന്റെ മദ്ധ്യസ്ഥതയില്‍ നടന്ന അത്ഭുതത്തിനും അംഗീകാരം ലഭിച്ചു. വാഴ്ത്തപ്പെട്ട പദവിയിലേക്കു ഫാ. ഒലിന്റ്റോ മരേല ഉയര്‍ത്തപ്പെടും. 1936ല്‍ നടന്ന സ്പാനിഷ് ആഭ്യന്തര കലാപത്തില്‍ വിശ്വാസത്തിന്റെ പേരില്‍ ജീവത്യാഗം ചെയ്ത പതിനഞ്ചോളം വൈദികരുടെയും, അല്‍മായരുടെയും രക്തസാക്ഷിത്വവും വത്തിക്കാന്‍ അംഗീകരിച്ചു. ഇവരെയും വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തും.