ലോകഭക്ഷ്യ ദിനത്തോടനുബന്ധിച്ചു ഫ്രാൻസിസ് പാപ്പായുടെ സന്ദേശം: ദരിദ്രരുടെ അപ്പം നഷ്ടപ്പെടുത്തരുത്

ലോകഭക്ഷ്യ ദിനത്തോട് അനുബന്ധിച്ച് ഫ്രാൻസിസ് പാപ്പാ എഫ് ഐ ഒ ഡയറക്ടർ ജനറൽ ക്യു ഡോങ്ക്യുവെയ്ക്ക് അയച്ച സന്ദേശം ആരംഭിക്കുന്നത് തന്നെ ‘സീറോ ഹംഗർ’ എന്ന ഈ വർഷത്തെ പ്രമേയത്തെ അടിസ്ഥാനമാക്കിയാണ്. സമീപകാലങ്ങളിൽ എത്ര  ശ്രമിച്ചിട്ടും ഭക്ഷ്യ മേഖലയിൽ സുസ്ഥിരവികസനത്തിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾ കാര്യക്ഷമമാകുന്നില്ലെന്ന് പാപ്പാ തൻ്റെ സന്ദേശത്തിൽ പറഞ്ഞു.

ലോകത്ത് 820 ദശലക്ഷം ആളുകൾ പട്ടിണി അനുഭവിക്കുമ്പോൾ 700 ദശലക്ഷം ആളുകൾ അമിതഭാരം ഉള്ളവരാണ്. മാർപാപ്പ ഇത്തരം സ്ഥിതി വിശേഷത്തെ  വളരെ ക്രൂരവും നീതിരഹിതവും വിരോധാ ഭാസപരവുമായ പ്രവർത്തി എന്നാണ് വിശേഷിപ്പിച്ചത്. പാവങ്ങളുടെ അപ്പം പാഴായി പോകുന്നു, നഷ്ടപ്പെടുത്തി കളയുന്നു, വലിച്ചെറിയപ്പെടുന്നു. വളരെ ദുഖത്തോടെ മാർപ്പാപ്പ തൻ്റെ സന്ദേശത്തിൽ ഓർമ്മിപ്പിച്ചു.

“കച്ചവട മനോഭാവം നിലനിൽക്കുമ്പോളും എന്ത് വിലകൊടുത്തും ലാഭം നേടണമെന്ന മനസ്ഥിതിയും ഇന്ന് ലോകത്തിൽ കൂടി വരുന്നു. വിശപ്പും പോഷകാഹാര കുറവും ദരിദ്രരുടെ ഇടയിൽ വർദ്ധിക്കുന്നു. അതിനാൽ നാം പാഴാക്കി കൊണ്ടിരിക്കുന്നതും സ്വരുക്കൂട്ടി വെച്ചിരിക്കുന്നതും പാവങ്ങളുടെ അപ്പമാണെന്ന് മറക്കാതിരിക്കുക” ഈ ഒരു ഓർമ്മപ്പെടുത്തലോടെയാണ് പാപ്പാ തൻ്റെ സന്ദേശം അവസാനിപ്പിച്ചത്.