സിറിയയിൽ യാതന അനുഭവിക്കുന്നവർക്കായി പ്രാർത്ഥിച്ച് ഫ്രാൻസിസ് പാപ്പാ

കുർദിഷ് സേനയ്‌ക്കെതിരെ തുർക്കി നടത്തുന്ന യുദ്ധത്തിൽ സമാധാനത്തിന്റെ പാത സ്വീകരിക്കുവാൻ ആവശ്യപ്പെട്ട് ഫ്രാൻസിസ് പാപ്പാ. യുദ്ധം മൂലം വലയുന്ന സാധാരണക്കാരുടെ വേദന ചൂണ്ടിക്കാട്ടിയാണ് പാപ്പാ സമാധാനത്തിനുള്ള ആഹ്വാനം നടത്തിയത്.

“എന്റെ ചിന്തകൾ വീണ്ടും മിഡിൽ ഈസ്റ്റിലേയ്ക്കു പോകുന്നു. പ്രത്യേകിച്ചും, പ്രിയപ്പെട്ടതും പീഡിപ്പിക്കപ്പെടുന്നതുമായ സിറിയയിലേയ്ക്ക്. സൈനിക നടപടികൾ കാരണം വീട് ഉപേക്ഷിക്കാൻ നിർബന്ധിതരായ ജനങ്ങളുടെ അവസ്ഥയെക്കുറിച്ചുള്ള വാർത്തകളാണ് പുറത്തുവരുന്നത്. ഈ ഒരു യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ നേതാക്കളോടും സമാധാനത്തിന്റെ, പ്രശ്‌നപരിഹാരത്തിന്റെ പാത സ്വീകരിക്കുവാൻ ഞാൻ അഭ്യർത്ഥിക്കുന്നു” – പാപ്പാ പറഞ്ഞു.

യുദ്ധം മൂലം വീട് വിടേണ്ടിവരുന്ന പ്രിയ സമൂഹത്തിനായി താൻ പ്രാർത്ഥിക്കുന്നുവെന്ന് വെളിപ്പെടുത്തിയ പാപ്പാ, സിറിയയിലെ ക്രിസ്ത്യാനികളുടെ കാര്യത്തിലും ആശങ്ക പ്രകടിപ്പിച്ചു. യുദ്ധം സിറിയയിലെ ക്രൈസ്തവരുടെ എണ്ണം കുറയുന്നതിൽ കാര്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഒരു ലക്ഷത്തിലധികം ക്രിസ്ത്യാനികൾ ഉണ്ടായിരുന്ന സിറിയയിൽ ഇപ്പോൾ നാല്പതിനായിരത്തിൽ താഴെ മാത്രമേ ക്രിസ്ത്യാനികൾ ഉള്ളൂ. ഐ.എസ് ഭീകരരുടെ ആക്രമണം മൂലം നാടും വീടും ഉപേക്ഷിച്ചു പോയവരാണ് ഏറെയും.