ആണവായുധങ്ങൾ അധാർമികം: ജപ്പാന് പാപ്പയുടെ സന്ദേശം

ആണവായുധങ്ങൾ ഉപയോഗിക്കുന്നത് അധാർമ്മികമാണെന്നും ആണവായുധങ്ങളുടെ വിനാശകരമായ ശക്തി ഇനി ഒരിക്കലും മനുഷ്യചരിത്രത്തിൽ ആവർത്തിക്കാതിരിക്കാൻ നിങ്ങൾക്കൊപ്പം പ്രാർത്ഥിക്കുകയാണെന്നും ഫ്രാൻസിസ് പാപ്പ. നവംബർ 23-26 വരെ നടത്തുന്ന അപ്പസ്‌തോലിക സന്ദർശനത്തിന്  മുന്നോടിയായി അയച്ച വീഡിയോ സന്ദേശത്തിലാണ് പാപ്പാ ഈ കാര്യം ഓർമിപ്പിച്ചിരിക്കുക.

സായുധ പോരാട്ടങ്ങൾക്കിടയിൽ ഓരോ മനുഷ്യന്റെയും മൂല്യവും അന്തസ്സും സംരക്ഷിക്കുകയെന്നത് വലിയ ഒരു വെല്ലുവിളിയാണ്. ശക്തമായ സഹജീവിബോധം നമ്മുടെ ഉള്ളിലുണ്ടെങ്കിലും സമാധാനപരമായ അന്തരീക്ഷം പരത്തുകയെന്നത് ഇന്ന് ലോകം അഭിമുഖീകരിക്കുന്ന പ്രധാനപ്പെട്ട ഒരു ഭീഷണിയാണെന്ന് പാപ്പാ ചൂണ്ടിക്കാട്ടി.

വിവിധ മതവിശ്വാസികളായ ആളുകൾക്കിടയിൽ സഹവർത്തിത്വവും സാഹോദര്യവും വളർത്തിയെടുക്കുക എന്നത് വളരെ പ്രധാനപ്പെട്ടതാണ് എന്ന് ചൂണ്ടിക്കാട്ടിയ പാപ്പാ പരസ്പരം ബഹുമാനിച്ചുകൊണ്ട് മനുഷ്യന്റെ അടിസ്ഥാനപരമായ വളർച്ച ലക്ഷ്യമാക്കാൻ തന്റെ സന്ദർശനം ആളുകളെ പ്രോത്സാഹിപ്പിക്കുമെന്നും അത് സുരക്ഷിതവും ശാശ്വതവുമായ സമാധാനത്തിലേക്ക് ജപ്പാനെ നയിക്കുമെന്നും ഉള്ള തന്റെ പ്രതീക്ഷയും സന്ദേശത്തിൽ വെളിപ്പെടുത്തി.