സഭയിൽ ചലനമുണ്ടാക്കുക: മാർപാപ്പ

“ഞാനുൾപ്പെടെയുള്ള, സിനഡിൽ പങ്കെടുക്കുന്ന എല്ലാ യുവജനങ്ങളും മാർപാപ്പയോട് കടപ്പെട്ടിരിക്കുന്നു. സിനഡിൽ പങ്കെടുക്കാനും സംസാരിക്കാനും സാധിച്ചതിനെപ്രതിയാണത്. സിനഡിലെ യുവജനങ്ങളുടെ സാന്നിധ്യം അത്യധികം ഫലദായകമാണ്. എല്ലാവരും ഒന്നിച്ചു വർത്തിക്കുന്നു. ഇടവേളയ്ക്കിടെ പാപ്പായോട് സംസാരിക്കാൻ അവസരം ലഭിച്ചിരുന്നു. നിങ്ങൾ യുവജനങ്ങൾ മനസ് തുറന്ന് സംസാരിക്കണമെന്നും സഭയിൽ ചലനങ്ങളുണ്ടാക്കാൻ നിങ്ങൾക്ക് സാധിക്കുമെന്നും പാപ്പാ ഉറപ്പും ആത്മവിശ്വാസവും നൽകി“. സിനഡിൽ പങ്കെടുക്കാനെത്തിയ മെക്സിക്കോ സ്വദേശിനിയായ കൊറീന ഫിയോർ മോർട്ടോള റോഡ്രിഗസ് എന്ന യുവതിയുടെ വാക്കുകളാണിവ.

“പ്രതികൂല സാഹചര്യങ്ങളിലും ആപത്ത് സമയത്തും മനസ് മടുത്ത് പിന്തിരിയുന്ന സഭയെയല്ല യുവജനങ്ങൾക്ക് വേണ്ടത്. ഉപവി പ്രവർത്തനങ്ങളിലൂടെ പ്രശസ്തയായ ഒരു സഭയെ ആണ് അവർക്കാവശ്യം. ഒരിക്കലും സംഭവിക്കാൻ പാടില്ലാതിരുന്നതും നിര്‍ഭാഗ്യവശാൽ സംഭവിച്ചു പോയതുമായ സഭയിലെ തെറ്റുകളുടെ പേരിൽ സിനഡിൽ പങ്കെടുത്ത പിതാക്കന്മാർ ഞങ്ങളോട് മാപ്പ് ചോദിച്ചപ്പോൾ ഞങ്ങൾക്കുണ്ടായ വികാരം പറഞ്ഞറിയിക്കാനാവില്ല. റോഡ്രിഗസ് കൂട്ടിച്ചേർത്തു.

തങ്ങളെ നയിക്കുന്നവരെയല്ല, തങ്ങളെ അനുയാത്ര ചെയ്യുന്നവരെയാണ് ആവശ്യമെന്നും നന്മകൾ മാത്രം വിതയ്ക്കുന്ന ഒരു കൊടുങ്കാറ്റ് പോലെ തങ്ങളുടെ ഊർജ്ജം സഭയ്ക്കും വിശ്വാസത്തിനുമായി സമർപ്പിക്കാൻ തയാറാണെന്നും യുവതി പറഞ്ഞു. സിനഡിനിടയിലെ വാർത്താസമ്മേളനത്തിലാണ് യുവതി ഇക്കാര്യങ്ങൾ പറഞ്ഞത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.