യഥാർത്ഥ ക്രിസ്ത്യാനി ദൈവവുമായി സദാ സ്നേഹ ബന്ധത്തിലായിരിക്കും: മാർപാപ്പ

ക്രിസ്ത്യാനി എന്ന നിലയിൽ ജീവിതത്തിൽ വഴിതെറ്റിപോവാതിരിക്കാൻ ദൈവവുമായി സ്നേഹബന്ധത്തിലായിരിക്കണമെന്ന് മാർപാപ്പ. ചൊവ്വാഴ്ച കാസാ സാന്താ മാർത്തയിൽ വിശുദ്ധ ബലിയ്ക്കിടെയാണ് മാർപാപ്പ ഇക്കാര്യം പറഞ്ഞത്.

കർത്താവിനെ സ്നേഹിക്കുകയും അവിടുന്നിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുകയും ചെയ്യണം. ഗലാത്തിയാക്കാർക്കെഴുതിയ ലേഖനത്തിൽ വിശുദ്ധ പൗലോസ് ശ്ലീഹാ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. ദൈവത്തെ കുറിച്ചുള്ള വിചിന്തനവും സേവനവും തമ്മിൽ ചേർന്ന് പോകണമെന്ന് വിശുദ്ധ ലൂക്കാ സുവിശേഷകൻ, യേശുവിനെ വീട്ടിലേക്ക് സ്വീകരിച്ച മർത്തായുടെയും മറിയത്തിന്റെയും സംഭവത്തിലൂടെയും വിവരിക്കുന്നുണ്ട്. പാപ്പാ ഓർമിപ്പിച്ചു.

മറിയം കർത്താവിന്റെ വചനം ശ്രവിച്ചുകൊണ്ടിരുന്നപ്പോൾ മർത്താ പല കാര്യങ്ങളിൽ വ്യാപൃതനായി. മറിയത്തേക്കാൾ ശക്തയും ധീരയുമായിരുന്നു മർത്തായെങ്കിലും യേശുവിനെ ശ്രവിക്കാൻ അവൾ സമയം കണ്ടെത്തിയില്ല. പല ക്രൈസ്തവരുടെയും അവസ്ഥയും ഇതാണ്. തിരക്കേറിയ ജീവിതത്തിനിടയിൽ ദൈവത്തിനുവേണ്ടിയോ ചിലപ്പോഴൊക്കെ സ്വന്തം മക്കൾക്കുവേണ്ടിയോ പോലും സമയം ചെലവഴിക്കാൻ അവർ തയാറല്ല.

അതേസമയം മറിയം ഒന്നുംചെയ്യാതെ ഇരിക്കുകയായിരുന്നില്ല. അവൾ പ്രാർത്ഥനയോടെ യേശുവിന്റെകാൽക്കൽ ഇരിക്കുകയും പിന്നീട് ചെയ്യാനുള്ള പ്രവർത്തികൾക്കായുള്ള ഊർജ്ജവും പ്രചോദനവും സംഭരിക്കുകയുമായിരുന്നു.

പരസ്പരം സ്നേഹിക്കുന്ന ദമ്പതികൾ പങ്കാളിക്കായി സമയം ചെലവഴിക്കും. സമാനമായ രീതിയിൽ യേശുവിനെ സ്നേഹിക്കുന്നവർ അവിടുത്തെ വാക്കുകൾക്കായി കാതോർക്കും. ഏത് പ്രവർത്തിയിലും അവിടുത്തെ സാന്നിധ്യത്തിനായി പ്രാർത്ഥിക്കുകയും ചെയ്യും. മാർപാപ്പ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.