വിവാഹത്തിന്റെ മനോഹാരിതയെക്കുറിച്ച് മാർപാപ്പ

വിവാഹത്തെ സംബന്ധിച്ച യേശുക്രിസ്തുവിന്റെ വചനങ്ങൾ ആസ്പദമാക്കിയാണ് ഞായറാഴ്ച, സെന്റ് പീറ്റേഴ്സ് സ്വകയറിൽ ഏഞ്ചലസ് പ്രാർത്ഥനയ്ക്കിടെ മാർപാപ്പ സംസാരിച്ചത്.

മോശയുടെ നിയമമനുസരിച്ച് ഭാര്യയെ ഉപേക്ഷിക്കുന്നത് നിയമാനുസൃതമാണോ എന്ന, യേശുവിനെ പരീക്ഷിക്കാനായുള്ള ഫരിസേയരുടെ ചോദ്യത്തിന് യേശു നൽകിയ മറുപടിയാണ് മാർപാപ്പ ശ്രദ്ധയിൽപ്പെടുത്തിയത്.

“നിങ്ങളുടെ ഹൃദയകാഠിന്യം നിമിത്തമാണ് മോശ ഇങ്ങനെയൊരു അനുമതി നൽകിയത്. എന്നാൽ ആദിമുതലേ അങ്ങനെയായിരുന്നില്ല. നിങ്ങളുടെ സ്വാർത്ഥത കൊണ്ടായിരുന്നു അത്. എന്നാൽ സൃഷ്ടാവിന്റെ ലക്ഷ്യം അതായിരുന്നില്ല. പരസംഗം മൂലമല്ലാതെ ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരുവളെ വിവാഹം ചെയ്യുന്നവൻ അവളുമായി വ്യഭിചാരം ചെയ്യുന്നു”. ഈശോ പറഞ്ഞു.

വിവാഹത്തിന്റെ മഹത്വം വ്യക്തമാക്കുന്നതാണ് യേശുവിന്റെ വാക്കുകൾ. പരസ്പര ഐക്യത്തിലും സ്നേഹത്തിലുമുള്ള ജീവിതമാണ് വിവാഹത്തിലൂടെ യേശു ആവശ്യപ്പെടുന്നത്. പരസ്പരമുള്ള കുറ്റപ്പെടുത്തലുകൾ ഈ ബന്ധത്തിൽ അസ്വസ്ഥതകൾ സൃഷ്ടിക്കും. മനുഷ്യ ബന്ധങ്ങളിലെ ഏറ്റവും പവിത്രവും മനോഹരവുമായ ബന്ധമാണ് ഭാര്യ, ഭർത്തൃ ബന്ധം. ജനതകളുടെ മാതാവെന്ന നിലയിൽ ഈ ബന്ധം ദൃഢമായി നിലനിർത്താൻ സഭ എന്നും ശ്രദ്ധാലുവാണ്. മാർപാപ്പ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.