സ്റ്റാച്യുസ് നദിയിൽ എറിഞ്ഞ സംഭവത്തിൽ പാപ്പായുടെ ക്ഷമാപണം

‘പാച്ചമാമാ’ എന്നറിയപ്പെടുന്ന മൂന്ന് സ്റ്റാച്യുസ് റോമിലെ ടൈബര്‍ നദിയില്‍ എറിയപ്പെട്ട സംഭവത്തില്‍ മാര്‍പ്പാപ്പാ ക്ഷമാപണം നടത്തി. സിനഡിന്റെ പതിനഞ്ചാം പൊതുയോഗത്തിലെ ജനറല്‍ കോണ്‍ഗ്രിഗേഷനില്‍ ആണ് ഫ്രാന്‍സീസ് പാപ്പാ ഈ അനിഷ്ടസംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുകയും ക്ഷമ യാചിക്കുകയും ചെയ്തത്.

“പ്രകോപനപരമായ പ്രവർത്തികൾ ചെയ്ത് ബുദ്ധിമുട്ടിച്ചതിൽ റോം രൂപതയുടെ മെത്രാന്‍ എന്ന നിലയില്‍ ഞാൻ നിങ്ങളോട് ക്ഷമ ചോദിക്കുന്നു,” പാപ്പാ പറഞ്ഞു. ‘സാന്ത മരിയ ഇന്‍ ത്രസ്പൊന്തീന’ മരിയന്‍ ദേവാലയത്തിലാണ് സിനഡില്‍ പങ്കെടുക്കുന്ന തെക്കെ അമേരിക്കയില്‍ നിന്നുള്ള “ഏക്വിപെ ഇത്തിനെറാന്തെ” (EQUIPE ITINERANTE) എന്ന സംഘം ഈ സ്റ്റാച്യു വച്ചിരുന്നത്. ഇക്കഴിഞ്ഞ ഇരുപതാം തീയതി രാത്രിയില്‍ ഒരാള്‍ അവ എടുത്തുകൊണ്ടു പോയി അടുത്തുള്ള ടൈബര്‍ നദിയില്‍ എറിയുകയായിരുന്നു.

ഭൂമാതാവിനെ പ്രതീകാത്മകമായി ഗര്‍ഭിണിയുടെ രൂപത്തില്‍ അവതരിപ്പിച്ചിരിക്കുന്ന ഈ സ്റ്റാച്യുസ്  വിഗ്രഹാരാധനയ്ക്കു വേണ്ടിയല്ല ദേവാലയത്തില്‍ വച്ചിരുന്നതെന്ന് പാപ്പാ സിനഡുയോഗത്തില്‍ വ്യക്തമാക്കി. മാദ്ധ്യമലോകത്ത് ഏറെ കോലാഹലം സൃഷ്ടിച്ച ഈ സ്റ്റാച്യുസ് ഇറ്റലിയുടെ പൊലീസ് കണ്ടെടുത്തുവെന്നും പ്രതിമകള്‍ക്ക് കേടുപാടുകള്‍ ഒന്നും സംഭവിച്ചിട്ടില്ലെന്നും പാപ്പാ വെളിപ്പെടുത്തി.