പ്രാർത്ഥനയിൽ വളരണമെന്നാണ് യേശു പഠിപ്പിക്കുന്നത്: മാർപാപ്പ

പ്രാർത്ഥനയെക്കുറിച്ചും എങ്ങനെ പ്രാർത്ഥിക്കണം എന്നതിനെക്കുറിച്ചുമാണ് സാന്താ മാർത്തയിൽ വിശുദ്ധ ബലിയ്ക്കിടെയാണ് മാർപാപ്പ വ്യാഴാഴ്ച പറഞ്ഞതും പഠിപ്പിച്ചതും.

എന്തെങ്കിലും ആവശ്യവുമായി സ്നേഹിതൻ വാതിലിൽ മുട്ടുമ്പോൾ കിടക്കയിലാണെങ്കിലും എഴുന്നേറ്റ് അവന് ആവശ്യമുള്ളത് കൊടുക്കുന്ന യഥാർത്ഥ സ്നേഹിതനെക്കുറിച്ച് ഈശോ പറഞ്ഞത് മാർപാപ്പ ഓർമിപ്പിച്ചു.

ഈ ഉപമയിലെ ആവശ്യക്കാരനെപ്പോലെ ഇടിച്ചുകയറിച്ചെന്ന് ആത്മവിശ്വാസത്തോടെ വേണം ദൈവത്തോട് പ്രാർത്ഥിക്കാൻ. ചോദിക്കുവിൻ നിങ്ങൾക്ക് ലഭിക്കും എന്നരുൾചെയ്ത കർത്താവിനോട് ധൈര്യത്തോടെ, ഭയം കൂടാതെ, മടുപ്പ് കൂടാതെ ചോദിക്കണം. എല്ലാം സ്വന്തമായുള്ള ദൈവം നമ്മിൽ കരുണ തോന്നി നമ്മെ സഹായിക്കുക തന്നെ ചെയ്യും. പാപ്പാ പറഞ്ഞു.

അതേസമയം ചോദിക്കുന്നതെല്ലാം ആ നിമിഷം ലഭിക്കുമെന്ന് പ്രതീക്ഷിക്കരുത്. ക്ഷമയോടെ കാത്തിരുന്ന് വീണ്ടും വീണ്ടും ചോദിക്കണം. മോനിക്കാ പുണ്യവതിയുടെ ജീവിതാനുഭവങ്ങൾ ഇക്കാര്യത്തിൽ മാതൃകയാക്കണം. പാപ്പാ ഓർമിപ്പിച്ചു.

എനിക്കിത് വേണം എന്നുപറഞ്ഞ് വാശിപിടിച്ച് കരയുന്ന കുട്ടികളെ കണ്ടിട്ടില്ലേ. അവരുടെ കരച്ചിൽ സഹിക്കാതാവുമ്പോൾ മാതാപിതാക്കൾ വഴങ്ങും. ഇതുപോലെയാണ് ദൈവത്തോടും ചോദിക്കേണ്ടത്. എന്നാൽ ചിലർ ചിന്തിക്കും, അങ്ങനെ വാശിപിടിച്ചാൽ ദൈവം കോപിക്കുമോ എന്ന്. എന്നാൽ കർത്താവ് തന്നെയാണ് പറഞ്ഞിട്ടുള്ളത്, മക്കൾക്ക് നല്ല വസ്തുക്കൾ കൊടുക്കണമെന്ന് ദുഷ്ടരായ നിങ്ങൾക്ക് അറിയാമെങ്കിൽ തന്നോട് ചോദിക്കുന്നവർക്ക് എത്രയോ അധികമായി ദൈവം പരിശുദ്ധാത്മാവിനെ നൽകുകയില്ല എന്ന്. അതുകൊണ്ട് ദൈവത്തോട് ഒരു കാര്യവും ചോദിക്കുന്നതിൽ മടി കാണിക്കരുത്. മാർപാപ്പ വ്യക്തമാക്കി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.