ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ മതസ്വാതന്ത്ര്യത്തെ കുറിച്ചുള്ള റിപ്പോർട്ടുമായി പൊന്തിഫിക്കൽ ഫൗണ്ടേഷൻ

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മനുഷ്യർ അനുഭവിക്കുന്ന മതസ്വാതന്ത്ര്യത്തെ കുറിച്ചുള്ള വിശദമായ പഠന റിപ്പോർട്ട് പ്രസിദ്ധീകരിക്കുവാനൊരുങ്ങി പൊന്തിഫിക്കൽ ഫൗണ്ടേഷൻ എയ്ഡ് ടു ദി ചർച്ച് ഇൻ നീഡ് സംഘടന. ഏപ്രിൽ 20 -ന് പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരിക്കുന്ന ഈ റിപ്പോർട്ട് മനുഷ്യന്റെ അന്തസ്സിനെ സംരക്ഷിക്കുന്നതിന് പുതിയ പ്രചോദനം നൽകാൻ ശ്രമിക്കുകയാണ്. ‘റിലീജിയസ് ഫ്രീഡം ഇൻ ദി വേൾഡ് 2021’ എന്ന പേരിലായിരിക്കും ഈ റിപ്പോർട്ട് പ്രസിദ്ധീകരിക്കുക.

“ലോകത്തിലെ മതസ്വാതന്ത്ര്യത്തെ കുറിച്ചുള്ള ഞങ്ങളുടെ റിപ്പോർട്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മതപീഡനങ്ങൾ മൂലം അടിച്ചമർത്തപ്പെടുകയും പാർശ്വവൽക്കരിക്കപ്പെടുകയും ചെയ്യുന്ന ജനങ്ങളുടെ ശബ്ദമായി മാറും. റോമിലും ലോകത്തിലെ മറ്റു നഗരങ്ങളിലും, ഈ റിപ്പോർട്ടിനൊപ്പം കഴിയുന്നത്ര ആളുകളിലേക്ക് പ്രത്യേകിച്ച് മനുഷ്യാവകാശ സംരക്ഷണങ്ങളിൽ താൽപര്യമുള്ള ആളുകളിലേക്ക്‌ എത്തിച്ചേരാനും കഴിയും” – എസി‌എൻ ഇന്റർനാഷണൽ എക്സിക്യൂട്ടീവ് ചെയർമാൻ തോമസ് ഹെയ്ൻ-ഗെൽ‌ഡെർൻ വെളിപ്പെടുത്തി. വിവരശേഖരണം, പ്രാർത്ഥന, സജീവമായ ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നീ മൂന്നു പ്രധാന ദൗത്യങ്ങളിലൊന്നാണ് ഈ റിപ്പോർട്ടിലൂടെ എസിഎൻ നിർവ്വഹിക്കുന്നത്.

ലോകത്തിലെ 196 രാജ്യങ്ങളിലെ മതസ്വാതന്ത്ര്യത്തിന്റെ അവസ്ഥ പതിവായി പരിശോധിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുന്ന ഏക അന്താരാഷ്ട്ര കത്തോലിക്കാ സ്ഥാപനമാണ് എസി‌എൻ. വേൾഡ് റിലീജിയസ് ഫ്രീഡം റിപ്പോർട്ട് (ആർ‌എഫ്‌ആർ) ആദ്യമായി പ്രസിദ്ധീകരിച്ചത് 1999 -ലായിരുന്നു. അതിന്റെ പതിനഞ്ചാം പതിപ്പാണ് ഈ വർഷം പുറത്തിറങ്ങുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.