അബോർഷനെ അനുകൂലിക്കുന്ന രാഷ്ട്രീയക്കാര്‍ക്ക് ദിവ്യകാരുണ്യ സ്വീകരണത്തിന് അനുമതിയില്ല: കര്‍ദ്ദിനാള്‍ ബുര്‍ക്കെ

അബോർഷൻ, സ്വവര്‍ഗ്ഗ വിവാഹം തുടങ്ങിയ വിഷയങ്ങളില്‍ സഭയുടെ പഠനങ്ങൾക്കു വിരുദ്ധമായ നിലപാട് സ്വീകരിക്കുന്നവര്‍ക്ക് ദിവ്യകാരുണ്യമില്ലായെന്ന് തുറന്നടിച്ച് അമേരിക്കന്‍ കര്‍ദ്ദിനാളും മാള്‍ട്ട മിലിറ്ററി ഓര്‍ഡര്‍ അധ്യക്ഷനുമായ കര്‍ദ്ദിനാള്‍ റെയ്മണ്ട് ബുര്‍ക്കെ. ഇക്കഴിഞ്ഞ വ്യാഴാഴ്ച ഫോക്സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് കര്‍ദ്ദിനാള്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ക്രിസ്തീയ ധാര്‍മ്മികതയില്‍ നിന്ന് അകന്നുകഴിയുന്നവര്‍ ദിവ്യകാരുണ്യ സ്വീകരണത്തിന് അര്‍ഹരല്ല. ഗര്‍ഭഛിദ്രത്തെയും സ്വവര്‍ഗ്ഗ വിവാഹത്തേയും പോലെയുള്ള സാമൂഹ്യതിന്മകളെ പിന്തുണയ്ക്കുന്ന ജോ ബേഡനെപ്പോലെയുള്ള കത്തോലിക്കാ രാഷ്ട്രീയക്കാര്‍ ദിവ്യകാരുണ്യം സ്വീകരിക്കരുത്.

‘ദിവ്യകാരുണ്യ സ്വീകരണത്തിന് വരരുത്’ എന്നു പറയുന്നത് ഒരു ശിക്ഷയല്ല. മറിച്ച്, അവര്‍ക്ക് ചെയ്യുന്ന ഒരു ഉപകാരമാണ്. കാരണം, അവര്‍ ദിവ്യകാരുണ്യം സ്വീകരിച്ചാല്‍ അതൊരു ദൈവനിന്ദയാകും – കർദ്ദിനാൾ വ്യക്തമാക്കി.

കത്തോലിക്കാ സഭയുടെ ഉന്നത നീതിപീഠമായ അപ്പസ്തോലിക സിഗ്നാച്ചുറായിലെ സുപ്രീം ട്രിബ്യൂണലിന്റെ തലവനായി സേവനമനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം തിരുസഭയുടെ പാരമ്പര്യം ശക്തമായി മുറുകെപ്പിടിക്കുന്നയാളാണ്. നിരവധി പ്രതിസന്ധികള്‍ ഉണ്ടെങ്കിലും യുവതലമുറയില്‍ വിശ്വാസികളായ കത്തോലിക്കര്‍ ഉള്ളതിനാല്‍ സഭയുടെ ഭാവിയെക്കുറിച്ച് തനിക്ക് ശുഭപ്രതീക്ഷകളാണ് ഉള്ളതെന്ന് പറഞ്ഞുകൊണ്ടാണ് കര്‍ദ്ദിനാള്‍ തന്റെ അഭിമുഖം അവസാനിപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.