മലയാളത്തിലും ഇംഗ്ലീഷിലും ബൈബിൾ പകർത്തി എഴുതിയ രാഷ്ട്രീയക്കാരൻ 

ഐശ്വര്യ സെബാസ്റ്റ്യൻ

ഓൺലൈൻ ആയിട്ടുപോലും പുസ്തകങ്ങൾ വായിക്കാൻ കഴിയുന്ന ഈ കാലത്ത് എഴുത്തിനൊക്കെ എന്ത് പ്രസക്തിയാണുള്ളത് എന്നാണ് പലരും ചോദിക്കുന്നത്. അതിനുള്ള ഉത്തരമാണ്, രണ്ടു ഭാഷകളിൽ ബൈബിൾ പകർത്തിയെഴുതിയ പി.ജെ. ജെയിംസ് എന്ന ജെയിംസ് ചേട്ടൻ. വചനത്തോടുള്ള തന്റെ പ്രണയത്തെക്കുറിച്ച് സംസാരിക്കുകയാണ് അടൂർ ഏഴംകുളം, സെന്റ് മേരീസ് കത്തോലിക്ക മലങ്കര പള്ളി ഇടവകാംഗമായ പി.ജെ. ജെയിംസ്.

ദൈവവചനത്തോടുള്ള പ്രണയം 

ബാല്യം മുതലേ ഇടവക ദേവാലയം തന്റെ പ്രിയപ്പെട്ട സ്ഥലമായിരുന്നുവെന്നാണ് ജെയിംസ് ചേട്ടൻ പറയുന്നത്. തന്റെ മാതാപിതാക്കൾ തികഞ്ഞ ക്രിസ്തുവിശ്വാസികളായിരുന്നെന്നും 50 വർഷത്തിലധികമായി സുവിശേഷവേല ചെയ്ത ആളായിരുന്നു തന്റെ അമ്മയെന്നും ജെയിംസ് ചേട്ടൻ അഭിമാനപൂർവ്വം പറയുന്നു.

മാതാപിതാക്കളിൽ നിന്നു ലഭിച്ച ഈ വിശ്വാസം ജെയിംസ് ചേട്ടൻ ഇന്നും മുറുകെപ്പിടിക്കുന്നു. ചെറുപ്പം മുതലേ ദൈവവചനത്തോട് ജെയിംസ് ചേട്ടന് ഒരു പ്രത്യേക ഇഷ്ടമായിരുന്നു. കുടുംബം ഒരു കൊച്ചുദേവാലയമായിട്ടാണ് ജെയിംസ് ചേട്ടന് അനുഭവപ്പെട്ടത്. കാരണം എപ്പോഴും പ്രാർത്ഥനകളും വചനവും മുഴങ്ങുന്ന ഒരു അന്തരീക്ഷമായിരുന്നു ജെയിംസ് ചേട്ടന്റെ ഭവനം. ഇങ്ങനെ വളർന്ന ഒരാൾക്ക് വചനത്തോട് സ്നേഹം തോന്നുന്നതിൽ തെല്ലും അത്ഭുതപ്പെടാനില്ല.

ക്രിസ്തുവിശ്വാസിയായ ഒരു രാഷ്ട്രീയക്കാരൻ 

ജെയിംസ് ചേട്ടൻ ഒരു രാഷ്ട്രീയക്കാരനും അതേസമയം തന്നെ ഒരു ബിസിനസുകാരനുമായിരുന്നു. സഹോദരനോടോപ്പം ചേർന്ന് ഇന്റെർലോക്കിന്റെ ബിസിനസാണ് അദ്ദേഹം ചെയ്തുകൊണ്ടിരുന്നത്. ഭാര്യ ഷീല, അധ്യാപികയാണ്. രണ്ട് മക്കളുണ്ട് – ക്രിസ്റ്റോയും ക്രിസ്റ്റിയും; രണ്ടു പേരും ഡോക്ടർമാരാണ്.

ഞാനും എഴുതുകയാണ് ദൈവവചനം എന്ന തീരുമാനം 

പണ്ടു മുതലേ ദൈവവചനം നൂറും ഇരുനൂറും തവണ എഴുതുന്ന ശീലം ജെയിംസ് ചേട്ടനുണ്ടായിരുന്നു. അപ്പോഴാണ്, തനിക്ക് എന്തുകൊണ്ട് ദൈവവചനം മുഴുവൻ എഴുതിക്കൂടാ എന്ന ചിന്ത അദ്ദേഹത്തിന്റെ മനസ്സിലേക്ക് കടന്നുവരുന്നത്.

അത് കൊറോണ കാലമായിരുന്നു. എല്ലാവരുടെയും ജീവിതം വീടുകളിൽ മാത്രം ഒതുങ്ങിയ സമയം. പിന്നെ ജെയിംസ് ചേട്ടൻ ഒന്നും ചിന്തിച്ചില്ല. ഓരോ ദിവസവും മലയാളം ബൈബിളിലെ ഓരോ അദ്ധ്യായം വീതം എഴുതിത്തുടങ്ങി. ഒരു വർഷം കഴിഞ്ഞപ്പോൾ സ്വന്തം കൈപ്പടയിൽ എഴുതിയ ബൈബിൾ എന്ന് ജെയിംസ് ചേട്ടനും അവകാശപ്പെടാനായി. പക്ഷേ, അതുകൊണ്ടൊന്നും അദ്ദേഹം തന്റെ ഉദ്യമം നിർത്തിയില്ല. വീണ്ടും എഴുതാൻ തുടങ്ങി; ഒരു ഇംഗ്ലീഷ് ബൈബിൾ. ഒരു വർഷം കൊണ്ട് ഇംഗ്ലീഷ് ബൈബിളും തയ്യാർ.

കോവിഡ് സമയമായതിനാലും മറ്റ് പരിപാടികളൊന്നും ഇല്ലാത്തതിനാലും ദിവസം എട്ട്‌ മണിക്കൂർ വരെ ബൈബിൾ എഴുതാൻ അദ്ദേഹം സമയം ചിലവഴിച്ചിരുന്നു. ഒരു ദിവസം ഇരുപതു പേജുകൾ എഴുതിത്തീർക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. എന്നാൽ അറുപതു പേജുകൾ വരെ എഴുതിയ ദിവസങ്ങളുമുണ്ട്.

ദൈവവചനം എഴുതിയപ്പോൾ 

“ബൈബിൾ എഴുതുക എന്നുള്ളത് തനിക്കൊരു ജോലിയായിരുന്നില്ല, മറിച്ച് അതൊരു താല്പര്യമായിരുന്നു. ചെറുപ്പം മുതലേ വചനത്തോട് തുടങ്ങിയ ഇഷ്ടത്തിന്റെ ഒരു പ്രകടനം” – ജെയിംസ് ചേട്ടൻ പറയുന്നു. ബൈബിൾ എഴുതിയതിലൂടെ ആത്മീയവും ഭൗതികവുമായിട്ടുള്ള ഒട്ടനവധി അനുഗ്രഹങ്ങൾ തന്നെ തേടിയെത്തിയതായി ജെയിംസ് ചേട്ടൻ പറയുന്നു. പക്ഷേ, ഭൗതികനേട്ടങ്ങളെ അദ്ദേഹം ലക്ഷ്യം വയ്ക്കാറില്ല. ഇതിലൂടെ തനിക്ക് ലഭിച്ച ആത്മീയാനന്ദം വാക്കുകൾക്ക് അതീതമാണെന്നാണ് അദ്ദേഹം പറയുന്നത്.

ഇനി എന്താണ് ചെയ്യേണ്ടത് 

ഹിന്ദി അക്ഷരങ്ങൾ തനിക്ക് എഴുതാനും വായിക്കാനും അറിയാം. പിന്നെ എന്തുകൊണ്ട് ഒരു ഹിന്ദി ബൈബിൾ എഴുതിക്കൂടാ എന്നായി പിന്നീടുള്ള അദ്ദേഹത്തിന്റെ ചിന്ത. ഇപ്പോൾ ജെയിംസ് ചേട്ടൻ ഹിന്ദി ബൈബിളിന്റെ പണിപ്പുരയിലാണ്. അധികം വൈകാതെ ആ ആഗ്രഹവും തനിക്ക് സഫലമാക്കണമെന്നാണ് ജെയിംസ് ചേട്ടൻ പറയുന്നത്.

എല്ലാത്തിനും കാരണം പ്രാർത്ഥനകൾ 

രണ്ട് ഭാഷകളിൽ ബൈബിളുകൾ എഴുതാൻ 57 -കാരനായ തനിക്ക് കഴിഞ്ഞത് അനേകരുടെ പ്രാർത്ഥന തന്നോടൊപ്പം ഉള്ളതുകൊണ്ടാണെന്ന് ജെയിംസ് ചേട്ടൻ ഉറപ്പിച്ചു പറയുന്നു. സംഭവിച്ചതും സംഭവിച്ചുകൊണ്ടിരിക്കുന്നതും സംഭവിക്കാൻ പോകുന്നതും ദൈവകൃപ എന്നാണ് അദ്ദേഹം പറയുന്നത്. തുടർന്നും തനിക്കു വേണ്ടി പ്രാർത്ഥിക്കണമെന്ന് ജെയിംസ് ചേട്ടൻ ആവശ്യപ്പെടുകയാണ്.

പുനലൂർ ബിഷപ് അഭിവന്ദ്യ സിൽവെസ്റ്റർ പൊന്നുമുത്തൻ പിതാവ്, തന്റെ ഈ ആത്മീയശുശ്രൂഷയെ ആശീർവദിച്ചതിൽ ജെയിംസ് ചേട്ടന് ഏറെ സന്തോഷമുണ്ട്.

ഐശ്വര്യ സെബാസ്റ്റ്യൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.