ഈ സിസ്റ്റേഴ്സ് ഇനി നേഴ്സുമാര്‍; കൊറോണ ബാധിതരായ നേഴ്സുമാരെ പരിചരിക്കുന്ന സന്യാസിനിമാർ

സ്വന്തം ജീവന്‍ പോലും പണയം വെച്ചുകൊണ്ട് പോളണ്ടിലെ ബോക്കിനിയ എന്ന സ്ഥലത്തെ ഡൊമിനിക്കന്‍ സിസ്റ്റേഴ്സ് ഇറങ്ങി തിരിച്ചിരിക്കുന്നത് നേഴ്സുമാരെ ശുശ്രൂഷിക്കുവാനാണ്. ഇവിടുത്തെ നേഴ്സിംഗ് ഹോമിലെ 15 ഓളം ജീവനക്കാരെയും 30 താമസക്കാരെയുമാണ് കൊറോണ രോഗം ബാധിച്ചത്.

ബോച്ച്നിയയിലെ  ഈ നേഴ്സിംഗ് ഹോമില്‍ രോഗം അതിരൂക്ഷമായി വ്യാപിച്ചതിനെ തുടര്‍ന്ന് മറ്റ് ജീവനക്കാര്‍ ജോലി രാജിവെച്ച് പോയി. ഈ സാഹചര്യത്തില്‍ പത്തോളം ഡൊമിനിക്കന്‍ സിസ്റ്റേഴ്സ് രോഗബാധിതരെ ശുശ്രൂഷിക്കുവാനുള്ള ചുമതല സ്വയം ഏറ്റെടുക്കുകയായിരുന്നു. അത്യാവശ്യ സാധനങ്ങള്‍ ഉള്‍പ്പെടെയാണ് ഇവര്‍ നല്‍കിവരുന്നത്. രോഗബാധിതരായവര്‍ക്ക് ഭക്ഷണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഈ സിസ്റ്റേഴ്സ് ആണ് ക്രമീകരിക്കുന്നത്.

അത്യാവശ്യ സന്ദര്‍ഭത്തില്‍ ഈ സ്ഥലം അണുവിമുക്തമാക്കാനും ഒഴിപ്പിക്കാനുമുള്ള സഹായം ചെയ്തുകൊടുക്കുവാനും ഇവർ മറന്നില്ല. “ഞങ്ങൾ എല്ലാം ദൈവത്തിന്റെ കൈയിൽ കൊടുക്കുന്നു. അനന്തരഫലങ്ങൾ പരിഗണിക്കാതെ മറ്റുള്ളവരെ സേവിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.” പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന സിസ്റ്റർ ജൂലിയറ്റ പറഞ്ഞു. ഒരു മെഡിക്കൽ വിദഗ്ധനുമായി നിരന്തരം ഇവരുടെ ആരോഗ്യസംബന്ധമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തുകൊണ്ടാണ് ഇവര്‍ തങ്ങളുടെ ശുശ്രൂഷ നിര്‍വ്വഹിക്കുന്നത്.