കർണ്ണാടകയിൽ കുരിശുകൾ നീക്കം ചെയ്ത് പോലീസ്

ക്രിസ്ത്യാനികൾ സർക്കാർ ഭൂമി കൈയ്യേറ്റം ചെയ്യുകയും അനുവാദമില്ലാതെ കുരിശുകൾ സ്ഥാപിക്കുകയും ചെയ്തു എന്നാരോപിച്ച് കർണ്ണാടകയിൽ പോലീസ് കുരിശുകൾ നീക്കം ചെയ്യുന്നു. ഏകദേശം പതിനഞ്ചോളം കുരിശുകളാണ് പോലീസിന്റെ നേതൃത്വത്തിൽ നീക്കം ചെയ്തത്. കർണ്ണാടകയിൽ നടക്കുന്ന രണ്ടാമത്തെ സംഭവമാണിത്.

മുന്നൂറിലധികം പൊലീസും റവന്യൂ ഉദ്യോഗസ്ഥരും സെപ്റ്റംബർ 23-ന് ചിക്കബല്ലാപുര ജില്ലയിലെ സുസായ് പല്യയിലെ സെന്റ് ജോസഫ് പള്ളിയിൽ എത്തിയാണ് കുരിശുകൾ നീക്കം ചെയ്തത്. ആറ് മണിക്കൂർ ചെലവിട്ടാണ് ഇവിടെയുള്ള കുന്നിൻ മുകളിൽ നിന്ന് 32 മീറ്റർ നീളമുള്ള കുരിശും കുന്നിൻമുകളിലേയ്ക്കുള്ള വഴിയിൽ 14 മീറ്റർ നീളമുള്ള ഏഴ് കുരിശുകളും പോലീസ് നീക്കിയത്.

“മുൻ‌കൂട്ടി അറിയിക്കാതെ സർക്കാർ ഉദ്യോഗസ്ഥർ ഏകപക്ഷീയമായി പ്രവർത്തിച്ചു. അഞ്ച് പതിറ്റാണ്ടിലേറെയായി നോമ്പുകാലത്ത് ഞങ്ങൾ കുരിശിന്റെ വഴി പ്രാർത്ഥിക്കുന്നതിനായി ഈ സ്ഥലം ഉപയോഗിക്കുന്നു” – ഇടവക വികാരി ഫാ. ആന്റണി ബ്രിട്ടോ രാജൻ പറഞ്ഞു.
നൂറുകണക്കിന് ഇടവകക്കാർ സംഭവസ്ഥലത്ത് ഒത്തുകൂടി.

സംസ്ഥാന ഹൈക്കോടതി ഉത്തരവ് പാലിക്കുകയാണെന്ന് പോലീസ് ഉദ്യോഗസ്ഥർ അവകാശപ്പെട്ടെങ്കിലും ഉത്തരവ് കാണിക്കാൻ വിസമ്മതിച്ചതായി ഇടവക വികാരി പറയുന്നു. തങ്ങളുടെ പക്കൽ, നിയമപരമായി ഭൂമി കൈവശമുണ്ടെന്ന് തെളിയിക്കുന്നതിനുള്ള രേഖകൾ ഉണ്ടെന്ന് ഇടവക അധികൃതർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.