ഉത്തർപ്രദേശിൽ കത്തോലിക്കാ വൈദികനു നേരെ മതപരിവർത്തന ആരോപണം ഉന്നയിച്ച് പോലീസ്

ഉത്തർപ്രദേശിൽ ഒരു കത്തോലിക്കാ വൈദികനു മേൽ വ്യാജ മതപരിവർത്തനം ആരോപിച്ച് പോലീസ്. അനധികൃതമായി തടങ്കലിൽ കഴിഞ്ഞ രണ്ട് സന്യാസിനിമാരെ സഹായിക്കാൻ ശ്രമിച്ചതിന്റെ പേരിലാണ് നിർബന്ധിത മതപരിവർത്തന ആരോപണം. കഴിഞ്ഞ മാസമാണ് പോലീസ്, ഫാ. ബർത്തലോമിസ് മിഞ്ച് എന്ന വൈദികനു നേരെ ആരോപണം ഉന്നയിച്ചത്.

മുൻകൂർ ജാമ്യം ലഭിക്കുന്നതിനായി വൈദികൻ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. യൂണിയൻ ഓഫ് കാത്തലിക് ഏഷ്യൻ ന്യൂസ് (UCAN) ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

സംസ്ഥാനത്തെ മതപരിവർത്തന വിരുദ്ധ നിയമം ലംഘിച്ചുവെന്ന് ആരോപിച്ച് ഒക്ടോബർ 10 -ന് മൗ ജില്ലയിൽ രണ്ട് സന്യാസിനിമാരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവർ ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോൾ തീവ്ര ഹിന്ദുത്വവാദികൾ അവരെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഇവർക്കെതിരെയുള്ള ആരോപണങ്ങൾ തെറ്റാണെന്ന് തെളിഞ്ഞതിനാൽ അന്നു തന്നെ വിട്ടയച്ചിരുന്നു.

സന്യാസിനിമാരെ കസ്റ്റഡിയിലെടുത്ത വിവരമറിഞ്ഞ് ഫാ. ബർത്തലോമിസ് മിഞ്ച് പോലീസ് സ്റ്റേഷനിലെത്തി. പോലീസുമായുള്ള സംഭാഷണത്തിൽ, താൻ സെന്റ് ജോസഫ് സ്‌കൂളിലെ പ്രിൻസിപ്പലാണെന്ന് ഫാ. മിഞ്ച് ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി. പിന്നീട്, സ്കൂൾ പ്രിൻസിപ്പലിനെതിരെ നിർബന്ധിത മതപരിവർത്തന പരാതി പോലീസ് രജിസ്റ്റർ ചെയ്തതായി ഫാ. മിഞ്ച് അറിഞ്ഞു. ദിവസങ്ങൾക്കു ശേഷം, ഒരു ഉദ്യോഗസ്ഥൻ ഫാ. മിഞ്ചിന്റെ വസതിയിലെത്തി ഒരു മണിക്കൂറിലധികം അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു.

“തീവ്ര ഹിന്ദുത്വവാദികൾ പള്ളികളിലും പ്രാർത്ഥനാ ഹാളുകളിലും ഇരച്ചുകയറുകയും ബഹളമുണ്ടാക്കുകയും നിയമവിരുദ്ധമായ മതപരിവർത്തനം ആരോപിക്കുകയും ചെയ്യുന്നത് ഉത്തർപ്രദേശ് സംസ്ഥാനത്തെ പൊതുപ്രവണതയായി മാറിയിരിക്കുന്നു” – ഫാ. മിഞ്ച് വെളിപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.