ബോണക്കാട്ട് കുരിശുയാത്രയ്ക്ക് നേരെ പോലീസ്  ആക്രമണം: നാല്‍പ്പതിലധികം പേര്‍ക്ക് പരിക്ക്

തിരുവനനതപുരം: വിതുര ബോണക്കാട് കുരിശുമലയിലേക്കു കുരിശുയാത്ര നടത്തിയ നെയ്യാറ്റിന്‍കര രൂപതയിലെ വിശ്വാസികള്‍ക്കു നേരേ പോലീസ് ലാത്തിച്ചാര്‍ജ്. ലാത്തിച്ചാര്‍ജിലും സംഘര്‍ഷത്തിലും പരിക്കേറ്റ നാല്‍പ്പതിലധികം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഗുരൂതരമായി പരിക്കേറ്റ 18 പേര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ്.

വര്‍ഷാദ്യ വെള്ളിയില്‍ നടത്തുന്ന പ്രാര്‍ഥനയുടെ ഭാഗമായി വാഹനങ്ങളില്‍ കൂട്ടം കൂട്ടമായി ബോണക്കാടെത്തിയ വിശ്വാസികളെ ബോണക്കാട്ടെ വനമേഖലയുടെ പ്രവേശന കവാടമായ കാണിത്തടം ചെക്‌പോസ്റ്റില്‍ പോലീസ് തടയുകയും തുടര്‍ന്ന് പ്രക്ഷോഭം ആരംഭിക്കുകയുമായിരുന്നു.

വിതുര തേവിയോട് ദൈവപരിപാലന ദേവാലയത്തില്‍ നിന്നും ഇന്നലെ രാവിലെ പത്തോടെ നെയ്യാറ്റിന്‍കര രൂപതാ വികാരി ജനറാള്‍ മോണ്‍. ജി. ക്രിസ്തുദാസ് കുരിശുയാത്ര ഉദ്ഘാടനം ചെയ്യ്തു. തുടര്‍ന്ന് ബോണക്കാടെത്തിയവരുമായി അരമണിക്കൂറോളം പോലീസുമായി ചര്‍ച്ചകള്‍ നടത്തിയെങ്കിലും പോലീസ് വഴങ്ങാതെ വന്നതോടെ വിശ്വാസികള്‍ ബാരിക്കേടുകള്‍ മറിച്ചിട്ട് മുന്നോട്ട് പോകാനും വിശ്വാസികളും പോലീസിനെ കല്ലെറിഞ്ഞ് തടയാനും ശ്രമിച്ചു. ഇതോടെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തുകയായിരുന്നു. ചിതറിയോടിയ വൈദികരും കന്യാസ്ത്രീകളുമടക്കമുള്ളവരെ പോലീസ് തല്ലിച്ചതച്ചു.

തുടര്‍ന്ന് ഉപരോധവുമായി വീണ്ടും വിശ്വാസികള്‍ കാണിത്തടത്തേക്ക് സംഘടിച്ചെത്തിയതോടെ പോലീസ് ചര്‍ച്ചയ്ക്കു തയാറായി. ചര്‍ച്ചകള്‍ക്കൊടുവില്‍ ചെറു സംഘങ്ങളായി വിശ്വാസികളെ കടത്തിവിടാമെന്ന് ധാരണയായെങ്കിലും അതിനു വിശ്വാസികള്‍ തയ്യാറായില്ല. തുടര്‍ന്നു വിതുര ജംഗ്ഷനിലേക്ക് ഉപരോധ സമരവുമായെത്തിയ വിശ്വാസികളെ വീണ്ടും പോലീസ് അടിച്ചൊതുക്കുകയായിരുന്നു. വിശ്വാസികളെ പോലീസ് അറസ്റ്റ് ചെയ്യുന്ന നിലപാടെടുത്തതോടെ വീണ്ടും പോലീസ് സ്‌റ്റേഷനു മുന്നില്‍ ഉപരോധ സമരവും നടന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.