പാവങ്ങള്‍ക്കായുള്ള ഇന്നിന്റെ മുറവിളിയാണ് ‘പ്രിയ ആമസോണ്‍’: പോളണ്ടിലെ മെത്രാന്‍സംഘം

ആമസോണിയന്‍ സിനഡിനുശേഷം ഫ്രാന്‍സിസ് പാപ്പാ പ്രബോധിപ്പിച്ച ‘കേരിദ ആമസോണിയ’ (Querida Amazonia) – ‘പ്രിയ ആമസോണ്‍’ എന്ന അപ്പസ്‌തോലിക ലിഖിതം പാവങ്ങള്‍ക്കും തദ്ദേശജനതകള്‍ക്കുമായുള്ള സഭയുടെ ഇന്നിന്റെ മുറവിളിയാണെന്ന് പോളണ്ടിലെ മെത്രാന്‍സംഘം പ്രതികരിച്ചു. ആമസോണിനെ സംബന്ധിച്ച മെത്രാന്മാരുടെ സിനഡു സമ്മേളത്തിന്റെ പഠനങ്ങളെ ആധാരമാക്കി ഫ്രാന്‍സിസ് പാപ്പാ പ്രബോധിപ്പിച്ച അപ്പോസ്‌തോലിക പ്രബോധനത്തെക്കുറിച്ചു നടത്തിയ പഠനത്തിനുശേഷം പോളണ്ടിലെ മെത്രാന്‍സംഘം ഫെബ്രുവരി 19-ാം തീയതി ബുധനാഴ്ച പ്രസിദ്ധപ്പെടുത്തിയ പ്രസ്താവനയിലാണ് ഇങ്ങനെ പ്രതികരിച്ചത്.

ആമസോണിലെ പാവങ്ങളുടെയും തദ്ദേശീയ ജനതകളുടെയും ക്ലേശങ്ങളും അവരുടെ അവകാശങ്ങളും ലോകം അറിയുവാനും അതിനായി പോരാടുവാനും ഫ്രാന്‍സീസ് പാപ്പായുടെ നവമായ പ്രബോധനം സഹായകമാകുമെന്ന് പോളിഷ് മെത്രാന്‍സംഘത്തിനു വേണ്ടി പ്രസിഡന്റും പോസ്‌നാന അതിരൂപതയുടെ (Poznana) മെത്രാപ്പോലീത്തയുമായ സ്റ്റാനിസ്ലാവൂസ് ഗദേസ്‌ക്കി അഭിപ്രായപ്പെട്ടു.

സാധാരണ ജനങ്ങളും സഭാശുശ്രൂഷകര്‍ പോലും മറന്നുപോവുകയും എത്തിപ്പെടാന്‍ മടിക്കുകയും ചെയ്യുന്ന വിസ്തൃതമായ ആമസോണ്‍ മഴക്കാടുകളുടെ ഭൂപ്രദേശത്തേയ്ക്കും വൈവിധ്യമാര്‍ന്ന സാംസ്‌കാരികതയുള്ള ജനതകളിലേയ്ക്കും അവരുടെ ജീവിതപരിസരങ്ങളിലേയ്ക്കും ഈ പ്രബോധനത്തിലൂടെ ഫ്രാന്‍സിസ് പാപ്പാ ലോകശ്രദ്ധ ആകര്‍ഷിച്ചിരിക്കുകയാണ്. ആമസോണിലെ തദ്ദേശജനതകളെയും അവരുടെ ഭൂപ്രദേശത്തെ സമ്പന്നമായ പ്രകൃതിയെയും ജീവജാലങ്ങളെയും സംരക്ഷിക്കാനുമുള്ള ശ്രമകരവും നീതിനിഷ്ഠവുമായ കര്‍മ്മപദ്ധതിയാണ് ‘കേരിദ ആമസോണിയ’ എന്ന അപ്പസ്‌തോലിക ലിഖിതമെന്നും പോളണ്ടിലെ മെത്രാന്മാര്‍ ചൂണ്ടിക്കാട്ടി.