യേശുവിന്റെ പരസ്യജീവിതം ആരംഭിക്കുന്നതിന് മുമ്പുള്ള മുപ്പതുവര്‍ഷക്കാലത്തെക്കുറിച്ചു മാര്‍പാപ്പ

യേശുവിന്റെ പരസ്യജീവിതം ആരംഭിക്കുന്നതിന് മുമ്പുള്ള മുപ്പതുവര്‍ഷക്കാലത്തെക്കുറിച്ചു ഫ്രാന്‍സിസ് പാപ്പാ പങ്കുവച്ച സന്ദേശം ഇങ്ങനെ…

യേശു തന്റെ പരസ്യജീവിതം ആരംഭിക്കുന്നതിന് മുമ്പുള്ള മുപ്പതുവര്‍ഷക്കാലത്തെക്കുറിച്ചു നമുക്കറിയാവുന്നത് ഒറ്റക്കാര്യം മാത്രമാണ്: അതായത്, യേശു കുടുംബത്തില്‍ ചിലവഴിച്ച രഹസ്യജീവിത വര്‍ഷങ്ങളാണത്. ഇവയില്‍ കുറച്ചു കാലം ഹേറോദേസിന്റെ പീഢനത്തില്‍ നിന്ന് പലയാനം ചെയ്ത് ഒരു കുടിയേറ്റക്കാരനെപ്പോലെ, ഈജിപതിലും, ശേഷിച്ച വര്‍ഷങ്ങള്‍ നസ്രത്തില്‍, യൗസേപ്പിന്റെ തൊഴില്‍ പഠിച്ചുകൊണ്ടും, വീട്ടില്‍ മാതാപിതാക്കളെ അനുസരിച്ചുകൊണ്ടും പഠനത്തിലും തൊഴിലിലും വ്യാപൃതനായിക്കൊണ്ടും കഴിഞ്ഞു. പുറത്തു പ്രത്യക്ഷനാകാതെ ദൈനംദിന ജീവിതം നയിച്ചുകൊണ്ട് കര്‍ത്താവ് ഭൂമിയില്‍ കൂടുതല്‍ സമയവും ചിലവഴിച്ചു എന്നത് ശ്രദ്ധേയമാണ്. സുവിശേഷങ്ങളില്‍ കാണുന്നതനുസരിച്ച് മൂന്ന് വര്‍ഷമാണ് അവിടത്തെ പ്രഭാഷണങ്ങളുടെയും അത്ഭുതങ്ങളുടെയും മറ്റ് നിരവധി കാര്യങ്ങളുടെയും സമയം എന്ന് നമുക്കു കരുതാം. മൂന്നു വര്‍ഷങ്ങള്‍. ശേഷിച്ച വര്‍ഷങ്ങള്‍ മുഴുവനും കുടുംബത്തില്‍ രഹസ്യജീവിതത്തിലായിരുന്നു.

ഇത് നമുക്കുള്ള ഒരു മനോഹര സന്ദേശമാണ്: ഇത് ദൈനംദിന ജീവിതത്തിന്റെ മഹത്വത്തെയും, ജീവിതത്തിലെ ഒരോ പ്രവര്‍ത്തിയുടെയും, അത് എത്ര നിസ്സാരവും നിഗൂഢവുമായാലും, ദൈവതിരുമുമ്പില്‍ അതിന്റെ പ്രാധാന്യത്തെയും ആവിഷ്‌ക്കരിക്കുന്നു.

ഈ മുപ്പതുവര്‍ഷത്തെ രഹസ്യ ജീവിതത്തിനുശേഷം യേശുവിന്റെ പരസ്യജീവിതം ആരംഭിക്കുന്നു. അത് കൃത്യമായി ആരംഭിക്കുന്നത് ജോര്‍ദ്ദാന്‍ നദിയിലെ ജ്ഞാനസ്‌നാനത്തോടെയാണ്. എന്നാല്‍, ദൈവമായ യേശു എന്തിനാണ് സ്‌നാനം സ്വീകരിക്കുന്നത്? പാപങ്ങള്‍ക്ക് മാപ്പു ചോദിച്ചുകൊണ്ട്, മാനസ്സാന്തരപ്പെടുന്നതിനുള്ള, കൂടുതല്‍ നന്നാകുന്നതിനുള്ള, സന്നദ്ധതയുടെ അടയാളമായിരുന്ന ഒരു അനുതാപ കര്‍മ്മം അടങ്ങിയതായിരുന്നു യോഹന്നാന്റെ മാമ്മോദീസാ. യേശുവിന് തീര്‍ച്ചയായും അത് ആവശ്യമില്ലായിരുന്നു.

വാസ്തവത്തില്‍ സ്‌നാപക യോഹന്നാന്‍ എതിര്‍ക്കാന്‍ ശ്രമിക്കുന്നു, പക്ഷേ യേശു നിര്‍ബന്ധിക്കുന്നു. അത് എന്തുകൊണ്ട് ? കാരണം, പാപികളോടൊപ്പമായിരിക്കാന്‍ അവിടന്ന് ആഗ്രഹിക്കുന്നു: അതുകൊണ്ടാണ് അവന്‍ അവരോടൊപ്പം അണിനിരന്ന് അവരെപ്പോലെ തന്നെ ചെയ്യുന്നത്. ആരാധനാഗീതത്തില്‍ പറയുന്നതുപോലെ, ”നഗ്‌നമായ ആത്മാവോടും നഗ്‌നമായ പാദങ്ങളോടും” സമീപിച്ചവരുടെ (ജനങ്ങളുടെ) മനോഭാവത്തോടെയാണ് അവിടന്ന് അത് ചെയ്യുന്നത്. നഗ്‌നമായ ആത്മാവ്, അതായത്, യാതൊന്നും മറയ്ക്കാത്ത പാപി. യേശു ചെയ്യുന്നത് ഇതാണ്, നമ്മുടെ അവസ്ഥയില്‍ ആമഗ്‌നനാകുന്നതിനായി യേശു നദിയിലിറങ്ങുന്നു. സ്‌നാനം, വാസ്തവത്തില്‍, അര്‍ത്ഥമാക്കുന്നത് ”നിമജ്ജനം” എന്നാണ്. തന്റെ ശുശ്രൂഷയുടെ ആദ്യ ദിവസം, യേശു അവിടത്തെ ”പദ്ധതിയുടെ പ്രകടന പത്രിക” പ്രദാനം ചെയ്യുന്നു. ഒരു പരമാധികാര തീരുമാനമോ ബലപ്രയോഗമോ ഒരു ഉത്തരവോ കൊണ്ട് ഉന്നതത്തിലിരുന്നു നമ്മെ രക്ഷിക്കുകയല്ല താന്‍ ചെയ്യുന്നതെന്ന് അവിടന്ന് നമ്മോട് പറയുന്നു, അവിടന്ന് അങ്ങനെയല്ല ചെയ്യുന്നത്: അവിടന്ന് നമ്മെ രക്ഷിക്കുന്നത് നമ്മുടെ അടുത്തേക്കു വരുകയും നമ്മുടെ പാപങ്ങള്‍ സ്വയം ഏറ്റെടുക്കുകയും ചെയ്തുകൊണ്ടാണ്.

ഇതാ. ഇങ്ങനെയാണ് ദൈവം ലോകത്തിന്റെ തിന്മയെ ജയിക്കുന്നത്: സ്വയം താഴ്ത്തിക്കൊണ്ട് ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട്. നമുക്കും മറ്റുള്ളവരെ ഉയര്‍ത്താന്‍ കഴിയുന്ന മാര്‍ഗ്ഗം കൂടിയാണിത്: വിധിച്ചുകൊണ്ടല്ല, എന്തുചെയ്യണമെന്ന് നിര്‍ദ്ദേശിച്ചുകൊണ്ടല്ല, മറിച്ച് മറ്റുള്ളവരുടെ ചാരെ ആയിരുന്നുകൊണ്ടും, സഹനത്തില്‍ പങ്കുചേര്‍ന്നുകൊണ്ടും, ദൈവസ്‌നേഹം പങ്കുവച്ചുകൊണ്ടുമാണ്. അടുപ്പം എന്നത് നമ്മുടെ കാര്യത്തില്‍ ദൈവത്തിന്റെ ശൈലിയാണ്; അവിടന്നു തന്നെ അത് മോശയോട് പറയുന്നു: ”നിങ്ങള്‍ ചിന്തിച്ചുനോക്കൂ: ഞാന്‍ നിങ്ങളുടെ ചാരെയുള്ളതു പോലെ തങ്ങളുടെ ദേവന്മാര്‍ അടുത്തുള്ള ഏതു ജനതയുണ്ട്?” നമ്മുടെ കാര്യത്തില്‍ ദൈവത്തിന്റെ രീതിയാണ് അടുപ്പം. പാപ്പാ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.