വീഴുമ്പോള്‍ പത്രോസ് കരഞ്ഞതുപോലെ കരയാനുള്ള കൃപയ്ക്കായി നമുക്ക് അപേക്ഷിക്കാം: ഫ്രാന്‍സിസ് പാപ്പാ

പാപത്തിലേയ്ക്കു‌ള്ള വഴി തെളിക്കുന്നത് ചെറിയ പ്രലോഭനങ്ങള്‍ക്കു മുന്നില്‍ ശിരസ്സ് കുനിച്ചുകൊടുക്കുന്നതിനാലാണെന്ന് ഫ്രാന്‍സിസ് പാപ്പാ മുന്നറിയിപ്പ് നല്‍കി. നമ്മുടെ ആത്മാവില്‍ ചെറിയ ചെറിയ പ്രലോഭനങ്ങള്‍ വളരാന്‍ നാം അനുവദിക്കുമ്പോള്‍ പാപം നമ്മില്‍ വളരുകയും നാം വീഴുകയും ചെയ്യുന്നു. അപ്പോള്‍ നാം ഒഴികഴിവുകള്‍ പറയും – മാര്‍പാപ്പാ ഓര്‍മ്മിപ്പിച്ചു.

“നമ്മുടെ ഹൃദയത്തെ നന്മയില്‍ നിന്ന് തിന്മയിലേയ്ക്ക്‌ വീഴ്ത്തുന്ന പ്രക്രിയ നമ്മുടെ ഉള്ളില്‍ പതുക്കെപ്പതുക്കെ വളര്‍ന്ന് മറ്റുള്ളവരെയും ബാധിച്ച് അവസാനം ഒഴികഴിവുകള്‍ കണ്ടെത്തുന്നതാണ്” – പാപ്പാ വിശദമാക്കി.

“നാം പാപത്തിലാണെന്നു മനസ്സിലായാല്‍ ഉടനെ ദൈവത്തോട് മാപ്പ് യാചിക്കണം, അതാണ് ആദ്യപടി. അപ്പോള്‍ നമ്മള്‍ ചോദിക്കുന്നു. ഞാന്‍ എങ്ങനെയാണ് വീണത്? ഇതെല്ലാം എങ്ങനെയാണ് തുടങ്ങിയത്? എങ്ങനെയാണ് പാപം വളര്‍ന്നതും എന്നെ രോഗബാധ പോലെ ബാധിച്ചതും? അവസാനം എന്റെ വീഴ്ചയെ ഞാന്‍ ന്യായീകരിച്ചോ?”

“പിശാച് തന്ത്രശാലിയാണ്. ഘട്ടംഘട്ടമായാണ് അവന്‍ മനുഷ്യരെ കെണിയില്‍ അകപ്പെടുത്തുന്നത്. ചെറിയ ഒരു കാര്യത്തില്‍ തുടങ്ങുന്നു, എന്നിട്ട് ഒരു ആഗ്രഹത്തില്‍ അത് വളരുന്നു, മറ്റുള്ളവരിലേയ്ക്ക്‌ പടരുന്നു, അവസാനം സ്വയം ന്യായീകരിക്കുന്നു” പാപ്പാ വ്യക്തമാക്കി.

ജീവിതത്തില്‍ എല്ലായ്‌പ്പോഴും നാം വീഴുന്ന സമയങ്ങളുണ്ട്. നാം ഓരോരുത്തരും പാപികളാണ്. എന്നാല്‍, ദൈവത്തിന്റെ മുന്നിലുള്ള നമ്മുടെ മനോഭാവമാണ് പ്രധാനം. സേവനത്തില്‍ സഥിരതയോടെയായിരിക്കുവാനും, വീഴുമ്പോള്‍ പത്രോസ് കരഞ്ഞതുപോലെ കരയാനുള്ള കൃപയ്ക്കായും നമുക്ക് അപേക്ഷിക്കാം” പാപ്പാ പറഞ്ഞു.