തലശേരി അതിരൂപതയുടേത് വലിയ കാർഷികമുന്നേറ്റം: മുഖ്യമന്ത്രി പിണറായി വിജയൻ

ഉത്തരമലബാറിലെ വിദ്യാഭ്യാസവിപ്ലവത്തിന് ഊടും പാവും നൽകിയ തലശേരി അതിരൂപതയുടെ വലിയൊരു കാർഷികമുന്നേറ്റമാണ് ബയോ മൗണ്ടൻ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തലശേരി അതിരൂപതയുടെ നേതൃത്വത്തിൽ ഉത്തരമലബാറിലെ കർഷകരുടെ ജീവിതഭദ്രത ലക്ഷ്യമിട്ട് രൂപീകരിച്ച ബയോ മൗണ്ടൻ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനിയുടെ ഉദ്ഘാടനം കണ്ണൂർ ചേംബർ ഓഫ് കൊമേഴ്‌സ് ഹാളിൽ ഓൺലൈനിലൂടെ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.

സർക്കാരിന്റെ സുഭിക്ഷകേരളം പദ്ധതിക്ക് വലിയൊരു പിന്തുണയാണ് ഈ കമ്പനിയുടെ രൂപീകരണം. കർഷകരുടെ ഉത്പന്നങ്ങൾ ശേഖരിച്ച് മൂല്യവർധിത ഉത്പന്നങ്ങളുണ്ടാക്കി വിതരണംചെയ്യുന്ന ഈ സംരംഭം മലബാറിലെ കാർഷികമുന്നേറ്റത്തിന് വലിയ ഉത്തേജനം പകരും. കർഷകരുടെ ക്ഷേമം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഇത്തരം സംരംഭങ്ങൾക്ക് സർക്കാരിന്റെ പിന്തുണയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങിൽ തലശേരി ആർച്ച് ബിഷപ്പ് മാർ ജോർജ് ഞരളക്കാട്ട് അധ്യക്ഷത വഹിച്ചു. അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പാംപ്ലാനി ആമുഖപ്രഭാഷണം നടത്തി.

വ്യവസായ മന്ത്രി ഇ.പി. ജയരാജൻ ഓൺലൈൻ മാർക്കറ്റിംഗും ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ഓഹരി വിതരണവും തുറമുഖ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ വൈബ്‌സൈറ്റും ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു. കമ്പനിയുടെ ലോഗോ പ്രകാശനം കെ.സുധാകരൻ എംപി മാർ ജോർജ് ഞറളക്കാട്ടിന് നൽകി നിർവഹിച്ചു. കമ്പനിയുടെ ബ്രോഷർ പ്രകാശനം രാജ്‌മോഹൻ ഉണ്ണിത്താൻ എംപി അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പാംപ്ലാനിക്ക് നൽകി പ്രകാശനം ചെയ്തു. കമ്പനി ചെയർമാൻ മോൺ. ജോസഫ് ഒറ്റപ്ലാക്കൽ കർമപദ്ധതികൾ പ്രഖ്യാപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.