അത്ഭുത നീരുറവകള്‍ ഉള്ള പ്രസിദ്ധമായ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍

വിശുദ്ധ ജലത്തിന്റെ ഉപയോഗം അനേകരില്‍ അത്ഭുതകരമായ സൗഖ്യത്തിന് കാരണമായി മാറിയിട്ടുണ്ട്. ലൂര്‍ദ്ദിലെ അത്ഭുത ഉറവയില്‍ നിന്നുള്ള വെള്ളമാണ് രോഗശാന്തിക്കുള്ള ഉപകരണമായി ദൈവം മാറ്റിയത്. ഇതുപോലെ മാതാവിന്റെ പ്രത്യക്ഷപ്പെടലിനുശേഷം കണ്ടെത്തിയ അനേകം ഉറവകളുണ്ട്. ഈ അത്ഭുത ഉറവയില്‍ നിന്നുള്ള വെള്ളം അനേകര്‍ക്ക് സൗഖ്യം നല്‍കിക്കൊണ്ടിരിക്കുന്നു. ഇത്തരത്തില്‍ സൗഖ്യകാരണമായ അത്ഭുത നീരുറവകളുള്ള ഏതാനും ചില തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ പരിചയപ്പെടുത്തുകയാണ് ഇവിടെ.

1. ലൂര്‍ദ്ദ് (ഫ്രാന്‍സ്)

1858-ല്‍ ബര്‍ണഡീറ്റോ എന്ന യുവതിക്ക് മാതാവ് പ്രത്യക്ഷപ്പെട്ടതിനു ശേഷമാണ് ഈ സ്ഥലം പ്രസിദ്ധമാകുന്നത്. ലൂര്‍ദ്ദിലെ അത്ഭുത നീരുറവയില്‍ നിന്നുള്ള വെള്ളം അനേകം രോഗികള്‍ക്ക് സൗഖ്യം നല്‍കുന്നു. ഒപ്പം ധാരാളം ആളുകളാണ് ഈ തീര്‍ത്ഥാടനകേന്ദ്രത്തിലേയ്ക്ക് എത്തുന്നത്.

2. ബന്‍ന്യൂസ് (ബെല്‍ജിയം)

മാരിയെറ്റെ ബൈക്കോ എന്ന യുവതിക്ക് 1933-ലാണ് മാതാവ് പ്രത്യക്ഷപ്പെട്ടത്. അന്ന് മാതാവ് മാരിയെറ്റയോട് വെളിപ്പെടുത്തി: “മാതാവ് പ്രത്യക്ഷപ്പെട്ടതിനു സമീപത്തുള്ള അരുവിയിലെ ജലം അനേകര്‍ക്ക് സൗഖ്യം നല്‍കും” എന്ന്. അതിനുശേഷം ധാരാളം ആളുകള്‍ അവിടേയ്ക്ക് എത്തിത്തുടങ്ങി. വിശ്വാസപൂര്‍വം പ്രാര്‍ത്ഥിച്ചു കടന്നുപോയ അനേകര്‍ക്ക് ഈ അരുവിയിലെ ജലം സൗഖ്യം നല്‍കി.

3. കാസില്‍ പെട്രോസോ (ഇറ്റലി)

1888-ലാണ് ഇവിടെ മാതാവ് പ്രത്യക്ഷപ്പെടുന്നത്. രണ്ടു സ്ത്രീകള്‍ക്ക് മുമ്പില്‍ വ്യാകുലമാതാവിന്റെ രൂപത്തിലാണ് മാതാവ് പ്രത്യക്ഷപ്പെടുന്നത്. മാതാവിന്റെ പ്രത്യക്ഷപ്പെടലിനെത്തുടര്‍ന്ന് ഈ സ്ഥലത്ത് ഒരു അരുവി കണ്ടെത്തുകയും അത് ഉപയോഗിക്കുന്നവരില്‍ അത്ഭുതകരമായ രോഗശാന്തികള്‍ സംഭവിക്കുകയും ചെയ്തു. തുടര്‍ന്ന് അനേകം ആളുകള്‍ ഈ തീര്‍ത്ഥാടനകേന്ദ്രത്തില്‍ എത്തുകയും ഇവിടെ നിന്ന് വെള്ളം കൊണ്ടുപോവുകയും ചെയ്യുന്നു.

4. എമിറ്റ്‌സ്ബര്‍ഗ് (മേരിലാന്‍ഡ്)  

എമിറ്റ്‌സ്ബര്‍ഗില്‍ ലൂര്‍ദ്ദിലെ മാതാവിന്റെ ഗ്രോട്ടോയുടെ മാതൃകയില്‍ 1879-ലാണ് ഒരു ഗ്രോട്ടോ പണിയുന്നത്. ഈ ഗ്രോട്ടോയ്ക്ക് അടുത്തായി ഒരു പൈപ്പുണ്ട്. സമീപത്തെ അരുവിയില്‍ നിന്നുള്ള വെള്ളം എത്തുന്ന ഈ പൈപ്പിലെ വെള്ളമാണ് ഗ്രോട്ടോയിലെ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്നത്. ഗ്രോട്ടോയില്‍ വന്നു പ്രാര്‍ത്ഥിച്ചതിനു ശേഷം ഈ വെള്ളം കുടിക്കുമ്പോള്‍ ആത്മാവിന് വലിയൊരു ഉണര്‍വ്വുണ്ടാകുന്നത് പലര്‍ക്കും അനുഭവിക്കുവാന്‍ സാധിച്ചിട്ടുണ്ട്. രോഗസൗഖ്യങ്ങള്‍ ഒന്നുംതന്നെ രേഖപ്പെടുത്തിയിട്ടില്ല എങ്കിലും അനേകരുടെ ആത്മാവിനെയും ശരീരത്തെയും ശക്തിപ്പെടുത്തുവാന്‍ ഈ വെള്ളത്തിന് കഴിഞ്ഞിട്ടുണ്ടെന്ന് സാക്ഷ്യങ്ങളുണ്ട്.

5. ഗോള്‍ഡന്‍ (കൊളറാഡോ)

മദര്‍ കാബ്രിനിയും സഹോദരിമാരും കൊളറാഡോയിലെ മലമുകളില്‍ താമസിച്ചിരുന്ന സമയം. തങ്ങള്‍ക്ക് വെള്ളം കിട്ടുന്നില്ല എന്നും യേശു മൂലം ഞങ്ങള്‍ മരിക്കുകയാണെന്നും മഠത്തിലെ മറ്റ് സന്യാസിനികള്‍ പരാതി പറഞ്ഞു. പ്രാര്‍ത്ഥിച്ചതിനുശേഷം മദര്‍, കുന്നിന്‍മുകളിലെ ഒരു സ്ഥലം കാണിച്ചുകൊടുത്തിട്ട് അവിടെ കല്ലുമാറ്റി കുഴികുത്തുവാന്‍ ആവശ്യപ്പെട്ടു. ഒപ്പം കുടിക്കുവാനും കുളിക്കുവാനും ഒക്കെ നിങ്ങള്‍ക്ക് ആവശ്യമുള്ള വെള്ളം ലഭിക്കുമെന്നും മദര്‍ കൂട്ടിച്ചേര്‍ത്തു. ആദ്യം ആ വെള്ളം ഉപയോഗിച്ച അവര്‍ ആ വെള്ളത്തിന്റെ അത്ഭുതശക്തി തിരിച്ചറിഞ്ഞു. ഇപ്പോള്‍ ധാരാളം സൗഖ്യങ്ങള്‍ ഈ വെള്ളം ഉപയോഗിക്കുന്നതിലൂടെ ആളുകള്‍ക്ക് ലഭിക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.