കോവിഡ് രോഗിയെ ആലിംഗനം ചെയ്യുന്ന ഡോക്ടർ; സോഷ്യൽ മീഡിയയിൽ വൈറലായ ചിത്രം  

മനുഷ്യ ബന്ധത്തിന്റെ വിലയറിയുന്ന നാളുകളാണ് ഈ പകർച്ചവ്യാധിയുടെ നാളുകൾ. അത് അറിയണമെങ്കിൽ ക്വാറന്റൈനിലോ ഐസൊലേഷനിലോ ആയിരിക്കുന്ന ആളുകളോട് അന്വേഷിച്ചാൽ മതി. കാരണം, ആരോടെങ്കിലും ഒന്ന് സംസാരിക്കാനും മനുഷ്യസ്പർശനം ലഭിക്കുവാനും ആഗ്രഹിക്കുന്ന ഒരുപാട് പേരുണ്ട്. പ്രത്യേകിച്ച് കോവിഡ് രോഗികളായവർ. ഒറ്റപ്പെട്ടു പോയ അവരുടെ വേദന പലപ്പോഴും രോഗത്തെക്കാൾ ഭീകരമാണ്. ഈ സാഹചര്യത്തിലാണ് ഡോ. ജോസഫ് വരൺ വ്യത്യസ്തനാകുന്നത്.

കോവിഡ് കാലഘട്ടമായതിനാൽ ആശുപത്രിയിൽ ഒരുപാട് ജോലിയുണ്ട്. ഡോ. ജോസഫ് വരൺ അത്താഴത്തിന് അന്ന്‍ വീട്ടിൽ പോയില്ല. ടെക്സസിലെ ഹ്യൂസ്റ്റണിലെ യുണൈറ്റഡ് മെമ്മോറിയൽ ഹോസ്പിറ്റലിൽ ഒരു സഹപ്രവർത്തകനോടൊപ്പം ആണ് അന്ന് അദ്ദേഹം ഭക്ഷണം കഴിച്ചത്. അപ്പോഴാണ് പ്രായമായ ഒരു കോവിഡ് രോഗിയുടെ കരച്ചിൽ ഡോക്ടറിന്റെ ശ്രദ്ധയിൽ പെടുന്നത്. രോഗി വിഷമിക്കുകയും വീട്ടിലേക്ക് പോകാൻ ആഗ്രഹിക്കുകയും ചെയ്യുന്നുവെന്ന് അന്വേഷിച്ചപ്പോൾ മനസിലായി.

“അതിനാൽ ഞാൻ അദ്ദേഹത്തോട് ചോദിച്ചു. നിങ്ങൾ എന്തിനാണ് കരയുന്നത്? “എനിക്ക് എന്റെ ഭാര്യയോടൊപ്പം ജീവിക്കാൻ ആഗ്രഹമുണ്ട്” വൃദ്ധൻ മറുപടി നൽകി. ആ സമയം വൃദ്ധനായ രോഗിക്ക് ആവശ്യം വൈദ്യ സഹായം ആയിരുന്നില്ല. സ്നേഹമായിരുന്നു, മനുഷ്യ ബന്ധമായിരുന്നു. ആ സമയം ഞാൻ അവനെ ചേർത്ത് നിറുത്തി ആശ്വസിപ്പിച്ചു. ആലിംഗനം ചെയ്തു” -ഡോക്ടർ വരൺ പറയുന്നു.

ഒരു ഫോട്ടോഗ്രാഫർ ആ നിമിഷം തന്റെ ക്യാമറയിൽ പകർത്തി. ആ ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. പ്രിയപ്പെട്ടവർ സന്ദർശിക്കുന്നതിനോ സ്പർശിക്കുന്നതിനോ അനുവാദമില്ലാതെ  കുടുംബത്തിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും അകന്നു മാറി കഴിയുന്ന അനേകർ ഒരു പാട് വേദനയിലാണ്. ഈ ചിത്രം അതിനുള്ള ഒരു ഉത്തരമാണ്. അതോടൊപ്പം ഒരു ഓർമ്മപ്പെടുത്തലും.

“ഇത്തരം അപകടകരമായ വൈകാരിക സാഹചര്യത്തിൽ ഞാൻ കണ്ട ആദ്യത്തെ രോഗിയല്ല ഇത്. അവരിൽ ചിലർ കരയുന്നു, ചിലർ രക്ഷപ്പെടാൻ ശ്രമിക്കുന്നു. കഴിഞ്ഞ ദിവസം ഒരു കോവിഡ് രോഗി ജാലകത്തിലൂടെ രക്ഷപ്പെടാൻ ശ്രമിച്ചു. തനിച്ചായിരിക്കുക എന്നത് വളരെ പ്രയാസകരമാണ്. ചിലപ്പോൾ ദിവസങ്ങൾ, ആഴ്ചകൾ, അല്ലെങ്കിൽ മാസങ്ങൾ. ഭയവും സങ്കടവും നിറഞ്ഞ സമയമാണിത്. ആ സമയം കുടുംബവുമായി ആശയവിനിമയം നടത്താൻ കഴിയുന്നില്ല. ഞങ്ങൾക്ക് വളരെയധികം രോഗികളുണ്ട്. ചിലപ്പോൾ ഞങ്ങൾക്ക് എല്ലാ രോഗികളെയും പ്രത്യേക പരിഗണന കൊടുക്കാനോ കുറച്ചുകൂടി മനുഷ്യത്വ പരമായി പെരുമാറാനോ കഴിയാറില്ല” – ഡോക്ടർ പറയുന്നു.

ഡോ. വരുണും അദ്ദേഹത്തിന്റെ സ്റ്റാഫും  ഇത്തരമൊരു സാഹചര്യത്തിൽ സ്വീകരിക്കുന്ന മറ്റൊരു മാർഗം തങ്ങളുടെ സുരക്ഷാ കവച വസ്ത്രങ്ങൾക്ക് മുകളിൽ സ്വന്തം ഫോട്ടോ പതിക്കുന്നു. അതുവഴി രോഗികൾക്ക് അദ്ദേഹത്തിന്റെ മുഖം കാണാൻ കഴിയും. ഈ പകർച്ചവ്യാധി സമയങ്ങളിൽ എട്ട് മാസത്തിലേറെയായി അദ്ദേഹം വിശ്രമമില്ലാതെ ജോലി ചെയ്യുന്നു. ഒരു ദിവസം അവധിപോലും എടുക്കാതെ  256 ദിവസം തുടർച്ചയായി ജോലി ചെയ്തു ഈ ഡോക്ടർ.

ക്ഷീണം പോലും ഇല്ലാതെ തന്നെ എന്താണ് മുന്നോട്ട് കൊണ്ടുപോകുന്നത് എന്ന് എനിക്കറിയില്ല എന്ന് ഡോക്ടർ വരുൺ സമ്മതിക്കുന്നു. “നിങ്ങൾ സാമൂഹിക അകലം പാലിക്കുക, മാസ്ക്ക് ധരിക്കുക, കൈകഴുകുക, ധാരാളം ആളുകൾ ഉള്ള സ്ഥലങ്ങളിലേക്ക് പോകുന്നത് ഒഴിവാക്കുക. ആളുകൾ ഇങ്ങനെയൊക്കെ ചെയ്യാൻ  കഴിയുമെങ്കിൽ, എന്നെപ്പോലുള്ള ആരോഗ്യ പരിപാലന പ്രവർത്തകർക്ക് വിശ്രമിക്കാൻ കഴിയും” – ഡോക്ടർ ഓർമ്മിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.