സ്‌കൂളുകളില്‍ ബൈബിള്‍ വായന നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ബില്ലിന് പൂര്‍ണ്ണ പിന്തുണയുമായി ഫിലിപ്പീന്‍സ്

ഫിലിപ്പീന്‍സിലെ സ്‌കൂളുകളില്‍ ബൈബിള്‍ വായന നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ബില്ലിന് പൂര്‍ണ്ണ പിന്തുണയുമായി ഫിലിപ്പീന്‍സിലെ കത്തോലിക്കാ സഭാനേതൃത്വം. കൂടുതല്‍ ആളുകള്‍ ദൈവവചനമറിയുന്നതിന് ഇടയാകുമെന്ന കാരണത്താല്‍ ബില്‍ പാസ്സാകണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നു ഫിലിപ്പീന്‍സ് കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സി.ബി.സി.പി) ബിബ്ലിക്കല്‍ അപ്പസ്‌തോലേറ്റ് എപ്പിസ്‌കോപ്പല്‍ കമ്മീഷന്റെ മുന്‍ തലവനും സോര്‍സഗോണ്‍ മെത്രാനുമായ ആര്‍ട്ടുറോ ബാസ്റ്റസ് പറഞ്ഞു.

സി.ബി.സി.പിയുടെ യൂത്ത് എപ്പിസ്‌കോപ്പല്‍ കമ്മീഷന്റെ എക്‌സിക്യുട്ടീവ് സെക്രട്ടറിയായ ഫാ. കോനെഗുണ്ടോ ഗര്‍ഗാന്റായും ബില്ലിനെ സ്വാഗതം ചെയ്തുകൊണ്ട് രംഗത്ത് വന്നിട്ടുണ്ട്. പ്രതീക്ഷ നല്‍കുന്ന വാര്‍ത്തയും പ്രസക്തമായ നടപടിയുമാണെന്നാണ് അദ്ദേഹം പറഞ്ഞത്. എല്ലാ വര്‍ഷവും ജനുവരി മാസങ്ങളില്‍ ബൈബിളിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള പ്രസിഡന്റിന്റെ പ്രഖ്യാപനങ്ങളെ പിന്തുണക്കുന്നതായിരിക്കും ഈ നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിശ്വാസപരമായ നിര്‍ദ്ദേശങ്ങള്‍ പൊതു സ്‌കൂളുകളില്‍ വായിക്കുന്നതില്‍ തെറ്റൊന്നുമില്ലെന്നും, എന്നാല്‍ വിദ്യാര്‍ത്ഥികളുടെ മതാഭിമുഖ്യങ്ങളെ മാനിക്കത്തക്ക രീതിയില്‍ വേണമെന്നുമാണ് കലൂകന്‍ രൂപതാധ്യക്ഷന്‍ പാബ്ലോ ഡേവിഡ് ബില്ലിനെക്കുറിച്ച് പ്രതികരിച്ചത്.