റായ് ചുഴലിക്കാറ്റ്: ഫിലിപ്പീൻസിൽ 846,000 കുട്ടികളെ ബാധിച്ചതായി റിപ്പോർട്ടുകൾ

ഫിലിപ്പീൻസിൽ വീശിയടിച്ച റായ് ചുഴലിക്കാറ്റ് മൂലം 8,46000 കുട്ടികൾക്ക് സഹായമാവശ്യമുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കോവിഡ് 19 ന്റെ ഗുരുതരമായ വ്യാപനവും കൊടുങ്കാറ്റിനെ തുടർന്ന് പെയ്തു കൊണ്ടിരിക്കുന്ന കഠിനമായ മഴയും കൂടുതൽ അപകടകാരണമാവുകയും സഹായ ശ്രമങ്ങൾ മന്ദഗതിയിലാക്കുകയും ചെയ്യുന്നുവെന്നും ഒയൂൺസൈഖാന്റെ റിപ്പോർട്ടിൽ വെളിപ്പെടുത്തുന്നു.

ഫിലിപ്പീൻസ് സർക്കാരുമൊത്ത് സഹകരിക്കുന്ന യൂണിസെഫ് സംഘങ്ങൾ കുട്ടികൾക്ക് സുരക്ഷിതമായ കുടിവെള്ളത്തിനും, ആരോഗ്യത്തിനും, പോഷകാഹാരത്തിനും, മാനസീക പിന്തുണയ്ക്കും, അതിക്രമങ്ങളിൽ നിന്നുള്ള സംരക്ഷണത്തിനും, തുടർന്ന് പഠിക്കാനാവശ്യമായ സൗകര്യങ്ങൾക്കും സഹായം ആവശ്യമാണെന്ന് റിപ്പോർട്ട് ചെയ്തു. വീടുകളിലും ആശുപത്രികളിലും ഡയേറിയ ബാധിച്ച കുട്ടികളെയും, വീടും അനുദിന ജീവിതമാർഗ്ഗവും നഷ്ടപ്പെട്ടതിന്റെ ഞെട്ടലിൽ നിന്ന് പതുക്കെ പുറത്തു വരുന്ന അവരുടെ മാതാപിതാക്കളേയും കണ്ടതായി റിപ്പോർട്ടിൽ പറയുന്നു. വിദ്യാലയങ്ങൾ ഭാഗീകമായോ പൂർണ്ണമായോ നശിപ്പിക്കപ്പെട്ടതിനാൽ കുട്ടികൾ തിങ്ങിനിറഞ്ഞ അഭയകേന്ദ്രങ്ങളിൽ മുതിർന്നവരോടൊപ്പം കഴിയേണ്ടി വരുന്നു. അതിനാൽ ചൂഷണത്തിനും ദുരുപയോഗത്തിനും വിധേയരാകാനുള്ള സാധ്യതകളുണ്ടാകാമെന്ന് റിപ്പോർട്ടിൽ രേഖപ്പെടുത്തുന്നു.

ശിശുപരിപാലന സേവനം നൽകുന്ന ആദ്ധ്യാപകരും സാമൂഹീക പ്രവർത്തകരും ചുഴലികാറ്റിൽ അകപ്പെട്ടതിനാൽ പ്രാദേശീക സർക്കാർ ഉദ്യോഗസ്ഥർക്ക് അമിത ജോലിഭാരമുണ്ട്. ജീവൻ രക്ഷാ ഉപകരണങ്ങളും, ജല ശുദ്ധീകരണ മാത്രകളും, ശുചിത്വ കിറ്റുകളും, കൂടാരങ്ങളും, ജലസംഭരണികളും തുടങ്ങിയ യൂണിസെഫ് നൽകുന്ന പ്രാഥമീക സഹായം തികയുന്നില്ല എന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
2,00000 വരുന്ന ഏറ്റം അത്യാവശ്യമുള്ള കുട്ടികളെ സഹായിക്കാൻ ആവശ്യമായ 11 ദശലക്ഷം ഡോളർ സമാഹരിക്കാനായി ശ്രമം നടത്തിയെങ്കിലും ഇതുവരെ 3.8 ദശലക്ഷം ഡോളർ സമാഹരിക്കാനേ കഴിഞ്ഞിട്ടുള്ളൂ. ഏറ്റം അത്യാവശ്യമായ ഈ സമയത്ത് ഈ ധനസഹായമില്ലാതെ കുട്ടികളെ സഹായിക്കാൻ കഴിയാതെയാവും. കൊടുങ്കാറ്റ് നാശം വിതയ്ക്കുന്നതിനു മുന്നേ തന്നെ പോഷകാഹാരക്കുറവുണ്ടായിരുന്ന ചില പ്രദേശങ്ങളും ഇക്കൂട്ടത്തിലുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.