പ്രസംഗം: പെസഹാ വ്യാഴം

ഇത്ര ചെറുതാകാന്‍ എത്ര വളരേണം
ഇത്ര സ്‌നേഹിക്കാന്‍ എന്തു വേണം

ദിവ്യകാരുണ്യ ഈശോയില്‍ പ്രിയമുള്ളവരേ,

ബ്ര. നിഖില്‍ മാലിയില്‍ MCBS

ചെറുതാകലിന്റെയും സ്‌നേഹത്തിന്റെയും പുതിയ പാഠം പഠിപ്പിച്ച പെസഹാ തിരുനാളിന്റെ മംഗളങ്ങള്‍ എല്ലാവര്‍ക്കും നേരുന്നു. ഈശോയുടെ പീഢാസഹന മരണത്തെ പ്രത്യേകമാംവിധം അനുസ്മരിക്കുന്ന നോമ്പുകാലത്തിലെ അവസാന ആഴ്ചയിലാണ് നാം. ഇന്ന്, പെസഹാ വ്യാഴം. മേലങ്കി അഴിച്ച് അരക്കച്ചയക്കാനുളള ആഹ്വാനവും അധികാരത്തില്‍ നിന്ന് ശുശ്രൂഷയിലേയ്ക്കുളള അവരോഹണവുമാണ് പെസഹാ. ഓരോ യഹൂദനേയും സംബന്ധിച്ച് പെസഹാ എന്നത് ഈജിപ്തിന്റെ അടിമത്വത്തില്‍ നിന്ന് അത്ഭുതകരമാംവിധം ദൈവം അവരെ രക്ഷിച്ചതിന്റെ ഓര്‍മ്മയാണ്. പുറപ്പാടിന്റെ പുസ്തകത്തില്‍ നിന്നുള്ള ഒന്നാം വായനയില്‍ നാം കേട്ടതും ഇതു തന്നെയാണ്. എന്താണ് പെസഹാ, അതിന്റെ അര്‍ത്ഥം എപ്രകാരം ആചരിക്കണം എന്നിങ്ങനെയുള്ളവയാണ് നാം മനസ്സിലാക്കുന്നത്. മലാക്കിയുടെ പുസ്തകത്തില്‍ നിന്നുള്ള രണ്ടാം വായനയില്‍, പ്രവാചകന്റെ കാലത്ത് നിലവിലുണ്ടായിരുന്ന ബലിയര്‍പ്പണത്തിലെ അഴിമതിയെക്കുറിച്ച് നാം കാണുന്നു. അയോഗ്യമായവ അര്‍പ്പിക്കരുതെന്നും അയോഗ്യതയോടെ ബലിപീഠത്തെ സമീപിക്കരുതെന്നും നമ്മെ പഠിപ്പിക്കുന്നു. തുടര്‍ന്ന് പൗലോസ് ശ്ലീഹാ കോറിന്തോസിലെ സഭയ്‌ക്കെഴുതിയ ഒന്നാം ലേഖനത്തില്‍ അവരുടെ ഇടയിലെ ഭിന്നിപ്പിനെയും അയോഗ്യതയേയും തിരുത്തുന്നു. കാരണം, അവരുടെ വിശുദ്ധ കുര്‍ബാനയര്‍പ്പണം ഓര്‍മ്മയാചരണമോ, ഉടമ്പടി നവീകരണമോ അല്ലാതെ കേവലം ഒത്തുചേരലും ഭക്ഷണവുമായി അധഃപതിച്ചു. പാവപ്പെട്ടവര്‍ക്കായുള്ള കാത്തിരിപ്പും പങ്കുവയ്ക്കലും നഷ്ടപ്പെട്ട ഒരു സമൂഹമായി മാറി. ഇവിടെ അപ്പസ്‌തോലന്‍ പറയുന്നു: കര്‍ത്താവിന്റെ മേശയ്ക്കു ചുറ്റും കൂടുമ്പോള്‍ സ്‌നേഹവും പങ്കുവയ്ക്കലും ആയിരിക്കട്ടെ നിങ്ങളുടെ മനോഭാവം.

സുവിശേഷത്തിലേയ്ക്ക് നീങ്ങുമ്പോള്‍, തനിക്ക് പിതാവിന്റെ പക്കലേയ്ക്ക് പോകേണ്ട സമയമായെന്ന അറിവില്‍ ഈശോ തന്റെ 12 ശിഷ്യന്മാരെയും ഒരു മേശയ്ക്കു ചുറ്റും ഒരുമിച്ചുകൂട്ടി പെസഹാ ആചരിച്ചു. രണ്ടു കൂദാശകളും ഒരു പുതിയ പ്രമാണവും അവന്‍ നല്‍കി; പരിശുദ്ധ കുര്‍ബാനയും പൗരോഹിത്യവും; സ്‌നേഹത്തിന്റെ പുതിയ പ്രമാണവും.

പ്രിയമുളളവരെ, ഇന്ന് പെസഹാ ആചരിക്കുന്ന നമുക്ക് അന്ന് ഈശോ ചെയ്ത ശുശ്രൂഷകളെപ്പറ്റി ധ്യാനിക്കാം. അപ്പം മുറിക്കല്‍ ശുശ്രൂഷയും പാദം കഴുകല്‍ ശുശ്രൂഷയും. പഴയനിയമ ജനത പെസഹാക്കുഞ്ഞാടിന്റെ രക്തത്താല്‍ രക്ഷിക്കപ്പെട്ടുവെങ്കില്‍ നമുക്ക് നമ്മുടെ മനസ്സുകളില്‍ കുറിച്ചിടാം, നാം രക്ഷിക്കപ്പെട്ടിരിക്കുന്നത് യേശുവിന്റെ സ്‌നേഹത്താലാണ്.

അപ്പം മുറിക്കല്‍ ശുശ്രൂഷ: അനുദിന ഭോജനത്തിനുവേണ്ടി അദ്ധ്വാനിക്കുന്ന ദൈവമക്കളോടൊപ്പമാണ് താനെന്ന് ബോധ്യപ്പെടുത്താന്‍ ദൈവത്തിന് അപ്പത്തോളം പോന്ന മറ്റൊരു പ്രതീകമില്ല. മനുഷ്യന്റെ അദ്ധ്വാനത്തിന്റെയും വിയര്‍പ്പിന്റെയും പ്രതീകമാണ് അപ്പം. പ്രപഞ്ചത്തില്‍ ദൈവം നല്‍കുന്ന അനുഗ്രഹത്തിന്റെ അടയാളമാണ് അപ്പം. അത് യേശു തന്റെ ശരീരമാക്കി മാറ്റി. പഴയനിയമത്തില്‍ ഇസ്രായേല്‍ ജനത്തോടൊപ്പം മേഘസ്തംഭത്തിലും അഗ്നിസ്തംഭത്തിലും പിന്നീട് വാഗ്ദാനപേടകത്തിലൂടെയും ദൈവം വസിച്ചു. എല്ലാം നഷ്ടപ്പെട്ട നിരാശയിലായ ജനമദ്ധ്യേ ദൈവം മനുഷ്യനായി അവതരിച്ച് 33 വര്‍ഷക്കാലം ജീവിച്ചു. ഇനിയെങ്ങനെ മനുഷ്യനോടൊപ്പം വസിക്കാം എന്ന ചോദ്യത്തിന് ഈശോ കണ്ടെത്തിയ ഉത്തരമായിരുന്നു അപ്പമായി മാറുക, കുര്‍ബാനയിത്തീരുക.

ദൈവമായവന്‍ തന്റെ സകല മഹത്വവും വെടിഞ്ഞ് മനുഷ്യനായി പിറക്കുകയും നമ്മിലൊരുവനായി ജീവിക്കുകയും നമ്മുടെ പാപങ്ങള്‍ക്കുവേണ്ടി മരിക്കുകയും നമ്മോടു കൂടെയായിരിക്കാന്‍ അപ്പമായി സ്വയം മുറിച്ച് നല്‍കുകയും ചെയ്തതിനെ അനുസ്മരിക്കുന്ന ഈ പെസഹാദിനത്തില്‍ നമുക്കും ഈശോയോടു ചോദിക്കാം, നാഥാ കൂടെ വസിക്കണമേയെന്ന്. ഈ അപ്പം മുറിക്കല്‍ ശുശ്രൂഷ തന്നെയായ പരിസുധ കുര്‍ബാനയിലെ നമ്മുടെ വിശ്വാസത്തെ ആഴപ്പെടുത്താം. അതിനായി മൂന്നു ബോധ്യങ്ങള്‍ നമുക്ക് സ്വീകരിക്കാം, വിശ്വസിക്കാം.

ഒന്നാമതായി, അപ്പവും വീഞ്ഞും ഈശോയുടെ ശരീര-രക്തങ്ങളായി മാറുകയാണ്. രണ്ടാമതായി, അപ്പവും വീഞ്ഞും മിശിഹായുടെ ശരീര-രക്തമായി മാറുമ്പോള്‍ അത് യേശുവിന്റെ സാന്നിദ്ധ്യമായി മാറുകയാണ്. മൂന്നാമതായി, ക്രിസ്തു സമ്പൂര്‍ണ്ണമായും വിശുദ്ധ കുര്‍ബാനയില്‍ സന്നിഹിതനാണ്.

പെസഹാദിനത്തിലെ ഈശോയുടെ രണ്ടാമത്തെ ശുശ്രൂഷയായിരുന്നു പാദം കഴുകല്‍ ശുശ്രൂഷ. അന്നത്തെ യഹൂദ പശ്ചാത്തലത്തില്‍ ശിഷ്യന്മാര്‍ പോലും ഗുരുക്കന്മാരുടെ പാദങ്ങള്‍ കഴുകാന്‍ കടപ്പെട്ടിരുന്നില്ല. കാരണം അത് വിജാതീയ അടിമകളുടെ ജോലിയായിരുന്നു. സ്വതന്ത്രനായ ഒരുവനും ചെയ്യാന്‍ തയ്യാറാകാത്തതും ചിന്തിക്കാന്‍ പോലും മടിക്കുന്ന ഒരു കാര്യം. ഇവിടെയാണ് ഈശോ തന്റെ ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകുന്നത്.

ഒരിക്കല്‍ സ്വാമി വിവേകാനന്ദന്‍ ഒരു വലിയ വിരുന്ന് നടത്തി. പ്രമുഖരായ ഒരുപാടു പേരെയും ക്ഷണിച്ചിരുന്നു. സദ്യയ്ക്ക് സമയമായപ്പോള്‍ അദ്ദേഹം തന്നെ ഭക്ഷണം വിളമ്പിക്കൊടുക്കാന്‍ തുടങ്ങി. ഉടന്‍ അദ്ദേഹത്തിന്റെ ശിഷ്യന്മാരെത്തി പറഞ്ഞു: “അങ്ങൊരിക്കലും ഈ ദാസ്യവൃത്തി ചെയ്യരുത്.” അദ്ദേഹം പറഞ്ഞു: “നിങ്ങള്‍ യേശുവിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? യേശു താന്‍ മരിക്കുന്നതിന് തലേരാത്രിയില്‍ തന്റെ ശിഷ്യരുടെ പാദങ്ങള്‍ കഴുകി. എങ്കില്‍ നിസ്സാരനായ എനിക്ക് എന്തുകൊണ്ട് ഇത് ചെയ്തുകൂടാ? മഗ്ദലനമറിയം യേശുവിന്റെ പാദം കണ്ണുനീരാല്‍ കഴുകി, ഞാന്‍ യേശുവിന്റെ കാലത്ത് പാലസ്തീനായില്‍ ജീവിച്ചിരുന്നെങ്കില്‍ എന്റെ ഹൃദയരക്തം കൊണ്ട് അവിടുത്തെ പാദങ്ങള്‍ കഴുകാന്‍ മടിക്കില്ലായിരുന്നു.”

ഒരു അടിമയെപ്പോലെ തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് തന്റെ ശിഷ്യര്‍ക്ക് ദാസ്യവൃത്തി ചെയ്യുന്ന ഈശോ. പൗലോസ് ശ്ലീഹാ ഫിലിപ്പിയര്‍ക്ക് എഴുതിയ ലേഖനത്തില്‍ ഒരു ക്രിസ്തുഗീതമുണ്ട്. സ്വയം ശൂന്യനാകുന്ന ക്രിസ്തുവാണ് വിഷയം. ആദത്തിന്റെ എതിര്‍ദിശയിലേയ്ക്കാണ് ക്രിസ്തുവിന്റെ പ്രയാണം. ദൈവത്തെപ്പോലെയാവാന്‍ ശ്രമിക്കുന്ന ആദമല്ല ക്രിസ്തു. അവന്‍ ദൈവമായിരുന്നിട്ടും തന്റെ സ്ഥാനത്തു നിന്നും ഇറങ്ങിവന്ന് മനുഷ്യനായ്ത്തീര്‍ന്നു. സുവിശേഷകന്മാരില്‍ യോഹന്നാന്‍ ശ്ലീഹാ മാത്രം വിവരിക്കുന്ന ഒരു ഭാഗമാണ് പാദം കഴുകല്‍ ശുശ്രൂഷ. ഇതിന് കാരണമായി ബൈബിള്‍ പണ്ഡിതന്മാര്‍ പറയുന്നു, കര്‍ത്താവിന്റെ ഉയിര്‍പ്പിനു ശേഷം യോഹന്നാന്‍ ആയിരുന്ന സമൂഹത്തില്‍ വിശുദ്ധ കുര്‍ബാനയ്ക്ക് മുമ്പ് കാല്‍ കഴുകല്‍ ശുശ്രൂഷ നടത്തിയിരുന്നെന്ന്. ഈശോയുടെ ഈ ശുശ്രൂഷയ്ക്ക് പിന്നിലെ ഒരു ഉദ്ദേശ്യം ഉണ്ട്. തങ്ങളില്‍ വലിയവനാര് എന്ന സംവാദമായിരുന്നു തന്റെ ശിഷ്യരെ അന്നും ഇന്നും അലട്ടുന്നത്. ചെറുതാകാന്‍ തയ്യാറാകാന്‍ ആരുമില്ലാത്ത സാഹചര്യത്തില്‍ താന്‍ സ്‌നേഹിക്കുന്ന ശിഷ്യരെ വിമര്‍ശിക്കാന്‍ തുനിയാതെ അവരുടെ പാദങ്ങള്‍ കഴുകിക്കൊണ്ട് ചെറുതാകലിന്റെ സുവിശേഷം പഠിപ്പിക്കുകയായിരുന്നു.

പ്രിയമുള്ളവരേ, ഇതില്‍ നിന്നും നാം മനസ്സിലാക്കേണ്ടതും സ്വീകരിക്കേണ്ടതുമായ പാഠമുണ്ട്. അപരന്റെറെ പാദത്തോളം കുനിയാതെയും അപരന്റെ മുമ്പില്‍ സ്വയം ചെറുതാക്കി മുട്ടുമടക്കാതെയും പാദക്ഷാളനം സാധ്യമല്ല. മറ്റുള്ളവരെ നമ്മെക്കാള്‍ വലിയവരായി, ശ്രേഷ്ഠരായി കാണാന്‍ കഴിയുന്ന വിനയത്തിന്റെ മനസ്സാണ് പാദക്ഷാളനത്തിന്റെ അന്തഃസത്ത. കാരണം, ഈ ഒരു മനോഭാവം ഇല്ലാതെ ഈ അപ്പത്തിന്റെ മേശയെ സമീപിക്കുവാന്‍ നമുക്ക് സാധിക്കില്ലെന്ന് ഓര്‍മ്മിക്കാം. ഈ പെസഹാദിനവും നമ്മില്‍ നിന്നും ആവശ്യപ്പെടുന്നതും ഇത്രമാത്രം, ഇന്ന് പെസഹാ അപ്പം മുറിക്കല്‍ ശുശ്രൂഷ തന്നെയായ പരിശുദ്ധ കുര്‍ബാനയിലും ഭവനങ്ങളിലെ പെസഹാ ശുശ്രൂഷയിലും പങ്കെടുക്കുമ്പോള്‍ അയോഗ്യത നീക്കി ചെറുതാകലിന്റെയും സ്‌നേഹത്തിന്റെയും യോഗ്യത നമുക്ക് സ്വീകരിക്കാം. ഇതിനുള്ള കൃപയ്ക്കായി ഈ പരിശുദ്ധ കുര്‍ബാനയില്‍ പ്രാര്‍ത്ഥിക്കാം

എല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടി പെസഹാ തിരുനാള്‍ ആശംസകള്‍ നേരുന്നു. അപ്പം തന്നെയായ ദൈവം, കുര്‍ബാനയായിത്തീര്‍ന്ന ദൈവം നമ്മെയെല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

ബ്ര. നിഖില്‍ മാലിയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.