തലക്കനം കൂടിയ മനുഷ്യനെ പെസഹാ വെല്ലുവിളിക്കുന്നു

റോസിന പീറ്റി

തലക്കനം കൂടിയ മനുഷ്യനെയാണ് പെസഹാദിനം വെല്ലുവിളിക്കുന്നത്! അപരന്റെ മുന്നിൽ തലകുനിക്കുക എന്നത് ഞാൻ പൊക്കിക്കൂട്ടിയ അഹന്തയ്ക്ക് ഏൽക്കുന്ന അടിയാണ്. എന്നാൽ, ക്രിസ്തുവിനെ നോക്കുക! അവൻ മഹത്വത്തിന്റെ അങ്കികൾ അഴിച്ചുവച്ച്, മനുഷ്യന്റെ പാദങ്ങളോളം തലകുനിച്ചു നിൽക്കുകയാണിന്ന്! തല കുനിക്കാൻ മടികാണിക്കുന്ന മനുഷ്യന്റെ കൂർമ്മബുദ്ധിക്കു മുന്നിൽ ദൈവത്തിന്റെ വിനീതഭാവം!

ഒറ്റിക്കൊടുക്കപ്പെട്ട രാത്രിയിൽ, വേർപിരിയലിന്റെ വേദനയിലും ക്രിസ്തു മുറിച്ചുവിളമ്പുന്നത് വിനയത്തിന്റെ വിനീതഭാവമാണ്. ഒറ്റിക്കൊടുക്കുന്നവന്റെയും തള്ളിപ്പറയുന്നവന്റെയും മാറിൽ ചാരിക്കിടന്നവന്റെയും പാദങ്ങളിൽ ക്രിസ്തുവിന്റെ കരങ്ങൾ പതിയുന്നത് ഒരേപോലെയാണ്. പിരിയാനാവാത്ത തന്റെ സ്നേഹത്തിനു മുമ്പിൽ ക്രിസ്തു തോറ്റുപോകുന്നതു കൊണ്ടല്ലേ വിശുദ്ധ കുർബാനയായി അവൻ തന്നെത്തന്നെ വിളമ്പിക്കൊടുക്കുന്നത്!

എന്നിട്ടും ഒരുവൻ അന്ധകാരത്തിലേയ്ക്ക് മറയുകയും മറ്റൊരുവൻ തീ കൂട്ടി ചൂടുകായുന്ന ക്രിസ്തുവിരോധികളോടൊപ്പം അവനെ തള്ളിപ്പറയുകയും ചെയ്യുന്നു. എങ്കിലും ക്രിസ്തുവിന് പരിഭവമില്ല. മനുഷ്യരുടെ സാക്ഷ്യം എനിക്ക് ആവശ്യമില്ല എന്ന് അവൻ മുൻകൂട്ടി പറഞ്ഞുവച്ചിട്ടുണ്ട്. കാരണം, മനുഷ്യനിൽ ഉള്ളത് എന്താണെന്ന് ക്രിസ്തുവിനു നന്നായി അറിയാമായിരുന്നു.

ക്രിസ്തു വിനീതനാകുന്നതും കുർബാനയാകുന്നതും കുരിശിലേറുന്നതുമൊക്കെ അവന് എന്നോടുള്ള അടങ്ങാത്ത സ്നേഹം ഒന്നുകൊണ്ടു മാത്രമല്ലേ! ദൈവമേ, നിന്റെ കുരിശിൽ ചുവട്ടിൽ എന്റെ പ്രാണന്റെ പ്രണാമം…

റോസിനാ പീറ്റി