അജപാലകന്റെ വ്യക്തിപരമായ ജീവിതം

നോബിൾ തോമസ് പാറക്കൽ
(എന്റെ പൗരോഹിത്യസ്വീകരണദിനത്തിലെ ധ്യാനം)

നിരവധി വൈദികരുടെ ആത്മീയപിതാവും ദൈവശാസ്ത്രജ്ഞനുമായിരുന്ന മോണ്‍സിഞ്ഞോര്‍ മാത്യു മങ്കുഴിക്കരിയച്ചന്റെ ”അജപാലനധര്‍മ്മം” എന്ന ഗ്രന്ഥം അവസാനിക്കുന്നത് ‍”അജപാലകന്റെ വ്യക്തിപരമായ ജീവിതം” എന്ന കുറിപ്പോടു കൂടിയാണ്. വത്തിക്കാന്‍ സൂനഹദോസിന്റെ പ്രമാണരേഖകളായ ജനതകളുടെ പ്രകാശം 41-ഉം പൗരോഹിത്യത്തെക്കുറിച്ചുള്ള രേഖയുടെ 3-ാം അദ്ധ്യായവും സംഗ്രഹിച്ചാണ് അച്ചന്‍ ഈ കുറിപ്പ് തയ്യാറാക്കിയിരിക്കുന്നത്. ലേഖനത്തിന്‍റെ പുനര്‍വായനക്ക് അനുയോജ്യമായ സാഹചര്യം എക്കാലവും പൗരോഹിത്യത്തെ ചുറ്റിപ്പറ്റി നില്‍ക്കുന്നതിനാല്‍ പ്രസിദ്ധീകരിക്കുന്നു

അജപാലകന്റെ വ്യക്തിപരമായ ജീവിതം

എല്ലാറ്റിലും സ്വര്‍ഗ്ഗീയപിതാവിന്റെ ഹിതം നിര്‍വ്വഹിക്കാനായി ലോകത്തിലേക്ക് വന്ന നല്ലിടയനായ ക്രിസ്തുനാഥനെപ്പോലെ അജപാലകനായ വൈദികനും വിശ്വാസത്തില്‍ അടിയുറച്ച് നിന്ന് വിവിധ സാഹചര്യങ്ങളിലൂടെ വ്യക്തമാകുന്ന ദൈവഹിതം അനുവര്‍ത്തിക്കണം. ഇതിന് അധികാരികളോടും സഹവൈദികരോടും ജനങ്ങളോടും പൊരുത്തപ്പെട്ട് ജീവിക്കേണ്ടതാണ്. അങ്ങനെ പുണ്യപുരോഗതി നേടുവാന്‍ വൈദികന് കഴിയും. സുകൃത സമ്പന്നമായ ഈ ജീവിതമാതൃകയാണ് വിശ്വാസികളുടെ വിശുദ്ധീകരണത്തിനുള്ള വലിയ പ്രേരകശക്തി.

ലോകത്തിലാണെങ്കിലും ലോകത്തിന്‍റേതല്ലാതെ വൈദികന്‍ ജീവിക്കണം. സിനിമയിലും ടിവിയിലും മുഴുകി അലസനും സുഖലോലുപനുമായി വൈദികന്‍ ജീവിക്കരുത്. മറിച്ച് ആത്മാക്കളുടെ നന്മക്കായി എന്തു ത്യാഗം സഹിക്കാനും അദ്ദേഹം സദാ സന്നദ്ധനായിരിക്കണം.

ദ്രവ്യാശ വൈദികനെ വഴിതെറ്റിക്കരുത്. He should not try to live by his vocation, but live for his vocation എന്ന തത്വം അക്ഷരശ്ശ പാലിക്കേണ്ടതാണ്. വൈദികന്റെ പണം സ്വന്തം കുടുംബസ്വത്ത് വര്‍ദ്ധിപ്പിക്കുവാനായി വിനിയോഗിക്കരുത്. പ്രത്യുത തിരുസ്സഭയുടെ സുസ്ഥിതിക്കും പരസ്നേഹപ്രവര്‍ത്തനത്തിനും വേണ്ടി ചിലവിടണം. വൈദികന്റെ വസതിയിലും ജീവിതരീതിയിലും ആഡംബരമായി ഒന്നുമുണ്ടാകരുത്. എല്ലാം ലളിതവും വിനീതവുമായിരിക്കട്ടെ. അതേസമയം, എല്ലാ കാര്യങ്ങളിലും ശുചിത്വവും ക്രമവും പാലിക്കണം. Cleanliness is next to Godliness. എല്ലാ വൈദികരും ക്രമപ്രകാരം ഒരു വില്‍പത്രമെഴുതി, ഒരു കോപ്പി രൂപതാക്കച്ചേരിയില്‍ ഏല്പിക്കണം. അതില്‍ രണ്ടു സാക്ഷികളുമുണ്ടായിരിക്കണം. വിശ്വസ്തനായ ഒരു വ്യക്തിയെ അതിന്റെ നടത്തിപ്പിനായി നിശ്ചയിച്ചിരിക്കുകയും വേണം. വില്‍പത്രം അഞ്ചുവര്‍ഷത്തിലൊരിക്കലെങ്കിലും പുതുക്കുന്നതു കൊള്ളാം.

വൈദികന് രോഗത്തിലും വാര്‍ദ്ധക്യത്തിലും വേണ്ട സഹായം നല്കുവാനായി രൂപതയില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പ്രൊവിഡന്‍റ് ഫണ്ടില്‍ എല്ലാ വൈദികരും ചേരേണ്ടതാണ്. വൈദികന്‍ ജോലിയില്‍ നിന്ന് വിരമിക്കുന്പോള്‍ രൂപതയിലെ വൈദികമന്ദിരത്തില്‍ താമസിക്കുന്നതാണ് എല്ലാ വിധത്തിലും ഉപകാരപ്രദം. സ്വന്തം ഇടവകയില്‍ താമസമാക്കുന്നത് പലവിധ വിഷമതകളും സൃഷ്ടിച്ചേക്കാം.

അജപാലനം വിനീതമായി നിര്‍വ്വഹിക്കേണ്ടതാണ്. ലോകത്തിന്റെ പ്രശംസ ലഭിക്കാനുള്ള താത്പര്യംമൂലം പലവിധവപ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടാനുള്ള പ്രേരണ വൈദികനുണ്ടാകാം. തത്ഫലമായി ആദ്ധ്യാത്മികാനുഷ്ഠാനങ്ങള്‍ അവഗണിക്കുകയോ യാന്ത്രികമായി നിര്‍വ്വഹിക്കുകയോ ചെയ്യും. ഒടുവില്‍ അവയെല്ലാം പരാജയത്തിലും നിരാശയിലും കലാശിക്കും. കാരണം, പ്രാര്‍ത്ഥനയുടെ പ്രേഷിതനാകാകതെ പ്രേഷിതപ്രവര്‍ത്തനങ്ങള്‍ വിജയിപ്പിക്കുവാന്‍ സാദ്ധ്യമല്ല. മാത്രമല്ല സ്വന്തം ജീവിതം തന്നെ ദുരാശകളില്‍പ്പെട്ട് അധപതിക്കുകയും ചെയ്യും. ആകയാല്‍ അജപാലകന്‍ അനുദിന ഭക്തകൃത്യങ്ങള്‍ ഫലപ്രദമായി നിര്‍വ്വഹിക്കുകയും ഈശോയോടുള്ള ഗാഢമായ സ്നേഹബന്ധം പാലിക്കുകയും വേണം.

വൈദികര്‍ക്കുള്ള മാസധ്യാനം ശരിയായി നടത്തണം. മൗനം കൃത്യമായി പാലിച്ചുകൊണ്ട്, പ്രാര്‍ത്ഥനക്കും ജീവിതപരിശോധനക്കും പ്രാധാന്യം കല്പിക്കേണ്ടതാണ്. അതോടുകൂടി ഒരു കുന്പസാരം കഴിക്കുന്നതും കൊള്ളാം. മറ്റുള്ളവരെ സകൃതമാര്‍ഗ്ഗത്തില്‍ നയിക്കുന്ന വൈദികനും ഒരു ആദ്ധ്യാത്മികനിയന്താവിന്റെ ആവശ്യമുണ്ട്. സ്വയം നയിക്കുന്നവന്‍ വിഡ്ഡിയുടെ ശിഷ്യനാകുന്നുവെന്നാണ് വി. ബര്‍ണ്ണാദ് പറഞ്ഞിരിക്കുന്നത്.

അജപാലനപരമായ കാര്യങ്ങള്‍ പഠിച്ചുകൊണ്ടിരിക്കുവാന്‍ വൈദികന്‍ ഉത്സുകനാകണം. അതിനുവേണ്ട പുസ്തകങ്ങളും മറ്റ് പ്രസിദ്ധീകരണങ്ങളും സ്വന്തമായുണ്ടായിരിക്കേണ്ടതാണ്. സര്‍വ്വോപരി എന്നും ബൈബിള്‍ ഭക്തിപൂര്‍വ്വം വായിക്കുകയും ധ്യാനിക്കുകയും വേണം.

വൈദികന് ഒരു അനുദിന ജീവിതപരിപാടി ഉണ്ടായിരിക്കേണ്ടതാണ്. ജോലിത്തിരക്കിനിടയില്‍ അത്യാവശ്യകാര്യങ്ങള്‍ വിട്ടുപോകാതെയും സമയം വൃഥാ നഷ്ടപ്പെടുത്താതെയും ഇരിക്കുവാന്‍ ഇത് സഹായിക്കും. Keep Order and order will keep you എന്ന വി. അംബ്രോസിന്റെ ഉപദേശം തികച്ചും സ്വീകാര്യമാണ്.

ഇപ്രകാരം ജീവിതസമരം നന്നായി നടത്തി, സ്വര്‍ഗ്ഗയാത്ര വിജയപൂര്‍വ്വം പൂര്‍ത്തിയാക്കി, നീതിമാനുള്ള കിരീടം സ്വീകരിക്കുവാന്‍ എല്ലാ വൈദികര്‍ക്കും ഇടയാകട്ടെ…

ദൈവത്തിന് സ്തുതി!

മങ്കുഴിക്കരിയച്ചന്റെ വാക്കുകള്‍ പൗരോഹിത്യജീവിതത്തിനും ആദ്ധ്യാത്മികതയ്ക്കും എന്നും മുതല്‍ക്കൂട്ടാണ്. അച്ചന്‍ ഓര്‍മ്മിപ്പിച്ച കാര്യങ്ങള്‍ മറക്കുമ്പോഴാണ് മിശിഹായുടെ പൗരോഹിത്യത്തില്‍ കളങ്കം വീഴുവാന്‍ വൈദികരായ നമുക്ക് ഇടയാകുന്നത്. ജാഗ്രതയുടെയും നവീകരണത്തിന്റെയും നിശബ്ദനിമിഷങ്ങളെ അടുക്കലടുക്കല്‍ കണ്ടെത്താന്‍ നമുക്ക് ഉത്സാഹിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.