അല്‍പത്വത്തില്‍ അത്ഭുതമൊരുക്കുന്നവന്‍

സി. സാലി, CSS

2019 മാര്‍ച്ച് 10. അമ്പതുനോമ്പിലെ ആദ്യഞായര്‍ എന്നതൊഴിച്ചാല്‍ വളരെ സാധാരണത്വം നിറഞ്ഞ ഒരു ദിവസം. ഫിലിപ്പിയന്‍സില്‍ ഞങ്ങള്‍ താമസിക്കുന്ന ഹോസ്റ്റലില്‍ പതിവായി ഞായറാഴ്ച ഭക്ഷണമില്ല. അതിനാല്‍ത്തന്നെ ഭക്ഷണത്തെക്കുറിച്ചും വിശപ്പിനെക്കുറിച്ചും അന്നേദിവസം ഏറെ ധ്യാനിക്കും. വാങ്ങിയ ഒരുപിടി ചോറുമായി ഊണുമുറിയിലേയ്ക്ക് പോയതുമുതല്‍ ഞങ്ങള്‍ മൂന്നുപേരും പങ്കുവച്ചത് കഴിഞ്ഞനാളുകളിലെ ഞായര്‍ ആചരണങ്ങളായിരുന്നു. അതിന് മാറ്റ് കൂട്ടത്തക്കതായിരുന്നു രാവിലെ എന്റെ സുഹൃത്ത് അയച്ചുതന്ന ‘ഇന്ന് കട അവധിയാണ്’ എന്ന റേഡിയോ ക്ലിപ്പും.

കയ്യിലുള്ള ചെറിയ പൊതിച്ചോറുമായി രാത്രിയില്‍ ഞങ്ങള്‍ വീണ്ടും ഒരുമിച്ചുകൂടി. അപ്പോഴാണ് പ്രാതലൊരുക്കുന്നവന്‍ അവിടെ കാത്തിരിക്കുന്നത് കണ്ടത്. പിന്നെ ധ്യാനിച്ചത് വിശപ്പിനെക്കുറിച്ചും ഭക്ഷണത്തെക്കുറിച്ചുമായിരുന്നില്ല. അവന്റെ മാതൃഹൃദയത്തിന്റെ അനുകമ്പയെക്കുറിച്ചായിരുന്നു. അപ്പമായവനില്‍ ശരണമുണ്ടെങ്കിലും അപ്പത്തിനായി ഒരിക്കലും ഞാന്‍ അവനെ സമീപിച്ചിട്ടില്ല എന്നത് സത്യമാണ്. എന്നാല്‍, ഭക്ഷണത്തിനായി ഞങ്ങളെത്തുമ്പോഴേയ്ക്കും പാത്രങ്ങളില്‍ പതിവിലേറെ വിഭവങ്ങള്‍ വിളമ്പിയിരിക്കുന്നതായാണ് കണ്ടത്. പിന്നെ, പരിഭവപ്പെട്ടതിനെല്ലാം ക്ഷമാപണം ചെയ്ത് നന്ദിയോടെ ഞങ്ങള്‍ പിരിഞ്ഞു.

കയ്യിലുള്ള അല്‍പത്വവുമായി അവനെ ഒന്ന് നോക്കിയാല്‍ മതി, നിന്റെ അല്‍പത്വത്തില്‍ത്തന്നെ അവന്‍ അത്ഭുതമൊരുക്കും. ഒപ്പമാകാന്‍ അപ്പമായെന്നും കൂടെ നടന്നവന്‍ കുര്‍ബാനയായി… എന്നുമൊക്കെ പലയാവര്‍ത്തി കേട്ടത് യാഥാര്‍ത്ഥ്യമായതു പോലെ. കാരണം, രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് അപ്പം വര്‍ദ്ധിപ്പിച്ചവന്‍ ഇന്നും എനിക്കും നിനക്കും വേണ്ടി അപ്പമാകുന്നു എന്നുമാത്രമല്ല, അവന്‍ ഇന്നും അപ്പം വര്‍ദ്ധിപ്പിക്കുന്നുമുണ്ട്. അപ്പമില്ലാതെ (ഭക്ഷണമില്ലാതെ) നിന്നില്‍ ജീവനില്ല. അതിനാലാവാം അവന്‍ അപ്പത്തിന്റെ രൂപത്തിലായത് – വിശുദ്ധ കുര്‍ബാനയായത്. അപ്പം – ഭക്ഷണം അതൊരു ധ്യാനവിഷയമാണ്. പിച്ചവച്ച നാള്‍ മുതല്‍ നീ കഴിച്ച ഭക്ഷണത്തിന്റെ കണക്കോ തൂക്കമോ നിനക്ക് നിര്‍ണ്ണയിക്കാനാകുമോ? അങ്ങനെ നോക്കിയാല്‍ ഉടയവനോട് നീ കടപ്പെട്ടിരിക്കുന്നത് എന്തിനെല്ലാം?

കണക്കുകൂട്ടലുകള്‍ പരിമിതപ്പെടുമ്പോള്‍ ഓര്‍ക്കണം അവന്റെ അത്ഭുതത്തിന്റെ മേശയല്ലേ നിന്റെ വിരുന്നുമേശ. സമീപകാലം ഈ വിരുന്നുമേശയുടെ കണക്കെടുക്കുന്ന കാലം തന്നെ. പത്രമാധ്യമങ്ങളില്‍, സമൂഹമാധ്യമങ്ങളില്‍ എല്ലാം അവന്റെ വിരുന്നുമേശയുടെ കണക്ക് ആഘോഷിക്കപ്പെടുന്നു. കൂട്ടിയും കുറച്ചും അവന്റെ വിരുന്നിന് നാമൊക്കെ കൈചൂണ്ടികള്‍ ഏര്‍പ്പെടുത്തുമ്പോള്‍ ഓര്‍ക്കണം – ഇനിയും എന്റെയും നിന്റെയും അല്‍പത്വങ്ങളില്‍ അവന്‍ മാത്രമാണ് അത്ഭുതമൊരുക്കുക എന്ന്!

സി. സാലി, സി.എസ്.എസ്.