മ്യാന്മറിൽ സൈനിക അട്ടിമറിക്കു ശേഷം ക്രൈസ്തവപീഡനം വർദ്ധിക്കുന്നു എന്ന് വിദഗ്ധർ

സൈനിക അട്ടിമറിക്കു ശേഷം മ്യാന്മറിൽ ക്രൈസ്തവർക്കു നേരെയുള്ള ആക്രമണങ്ങൾ വർദ്ധിക്കുന്നു എന്ന് അന്താരാഷ്ട്ര ക്രിസ്ത്യൻ കൺസേൺ പാനൽ വിദഗ്ധ അംഗങ്ങൾ വ്യക്തമാക്കി. ജൂലൈ എട്ടിന് യുഎസ് ആസ്ഥാനമാക്കിയുള്ള ഇന്റർനാഷണൽ ക്രിസ്ത്യൻ കോൺസൺ എന്ന സംഘടന സംഘടിപ്പിച്ച ഓൺലൈൻ ചർച്ചയിലാണ് വിദഗ്ധർ ഇക്കാര്യം സംസാരിച്ചത്.

മ്യാന്മറിലെ കാച്ചിൻ, കയാ, ചിൻ സംസ്ഥാനങ്ങളിൽ കഴിഞ്ഞ അഞ്ചു പതിറ്റാണ്ടിലേറെയായി അടിച്ചമർത്തലും പീഡനങ്ങളും നടന്നിട്ടുണ്ട്. എന്നാൽ അട്ടിമറിക്കു ശേഷം മ്യാന്മറിലെ സ്ഥിതി ഗണ്യമായി വഷളായതായി യുഎസ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം ചെയർമാൻ നാദിൻ മൻസാ പറഞ്ഞു. ആയിരക്കണക്കിന് ആളുകളാണ് വിവിധ സംസ്ഥാനങ്ങളിലായി കുടിയൊഴിപ്പിക്കപ്പെട്ടത്. അതിനാൽ തന്നെ ഈ സ്ഥങ്ങളിലെല്ലാം കൂടുതൽ മാനുഷികപരിഗണയും സഹായവും എത്തിക്കേണ്ടതുണ്ടെന്നും യു ബാങ്ക് എന്ന ക്രൈസ്തവ സംഘടന ആവശ്യപ്പെട്ടു.

വ്യോമാക്രമണവും സൈന്യത്തിന്റെ വിവേചനരഹിതമായ ആക്രമണവും കാരണം ആയിരക്കണക്കിന് ആളുകൾ വീടുകൾ വിട്ടു ക്രൈസ്തവ ദൈവാലയങ്ങളിലും കാടുകളിലും അഭയം തേടിയിട്ടുണ്ട്. അടുത്തിടെയുണ്ടായ സംഘർഷത്തിൽ ദൈവാലയങ്ങൾ റെയ്ഡ് ചെയ്യുകയും സൈന്യത്തെ പാർപ്പിക്കുകയും ചെയ്തു. പുരോഹിതന്മാരെയും പാസ്റ്റർമാരെയും അറസ്റ്റ് ചെയ്യുകയും ക്രൈസ്തവരടക്കമുള്ള നിരവധി സാധാരണക്കാർ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. ക്രൈസ്തവ പീഡനങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന സംഘടനയായ ഓപ്പൺ ഡോർസ് യുഎസ്എ -യുടെ 2021 വർഷത്തെ പഠന റിപ്പോർട്ട് പ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ ക്രൈസ്തവപീഡനങ്ങൾ നടക്കുന്ന രാജ്യങ്ങളിൽ മ്യാന്മാറിന് 18 -ആം സ്ഥാനമാണുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.