നൈജീരിയയിൽ ക്രൈസ്തവപീഡനം ഏറ്റവും ഉയർന്ന നിലയിൽ: പഠന റിപ്പോർട്ട്

ആഫ്രിക്കൻ രാജ്യമായ നൈജീരിയയിൽ ക്രൈസ്തവപീഡനം ഏറ്റവും ഉയർന്ന നിലയിലാണെന്ന് റിപ്പോർട്ട്. മതപീഡനവും മറ്റു മതപരമായ ആക്രമണങ്ങളും നിരീക്ഷിക്കുകയും അതിനെക്കുറിച്ച് ഗവേഷണം നടത്തുകയും ചെയ്യുന്ന ഇന്റർനാഷണൽ സൊസൈറ്റി ഫോർ സിവിൽ ലിബെർട്ടീസ് ആൻഡ് റൂൾ ഓഫ് ലോ നടത്തിയ പഠന റിപ്പോർട്ട് ആണ് പുറത്തുവന്നിരിക്കുന്നത്. 2021 -ലെ ആദ്യത്തെ 200 ദിവസങ്ങളിൽ നൈജീരിയയിൽ മാത്രം 3462 ക്രൈസ്തവർ കൊല്ലപ്പെട്ടു. അതുപോലെ തന്നെ പുരോഹിതന്മാരും പാസ്റ്റർമാരുമടക്കം പത്തു പേരും കൊല്ലപ്പെട്ടു.

2020 -ന്റെ ആദ്യ പകുതിയിൽ ഒരു ദിവസം 17 പേർ തങ്ങളുടെ വിശ്വാസത്തെപ്രതി കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2014 മുതൽ ബോക്കോ ഹറാം, ജിഹാദിസ്റ്റ് ഫുലാനി തീവ്രവാദ സംഘങ്ങൾ കൊന്നൊടുക്കിയത് നിരവധി ക്രൈസ്തവരെയാണ്. 2021 ജനുവരി ഒന്നു മുതൽ ജൂലൈ 18 വരെ തീവ്രവാദികൾ കൊന്നൊടുക്കിയത് 2020 -ലെ ഒരു വർഷത്തെ കണക്കുകളേക്കാൾ ഉയർന്ന നിലയിലുള്ളതാണ്.

കൊല്ലപ്പെട്ടവർക്കു പുറമെ ഈ വർഷത്തെ ആദ്യത്തെ 200 ദിനങ്ങളിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 3000 ക്രൈസ്തവരെയാണ് ഇസ്ലാമിക തീവ്രവാദികൾ തട്ടിക്കൊണ്ടു പോയത്. തട്ടിക്കൊണ്ടു പോയവരിൽ ഓരോ പത്തു പേരിലെയും മൂന്നു പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടാകുമെന്നാണ് മുൻ വർഷങ്ങളിലെ കണക്കുകൾ പ്രകാരം അനുമാനിക്കുന്നത്. ഈ വർഷം ജനുവരി മുതൽ മുന്നൂറോളം ദൈവാലയങ്ങൾ ആക്രമിക്കുകയോ നശിപ്പിക്കുകയോ അഗ്നിക്കിരയാക്കുകയോ ചെയ്തിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.