കൊറോണക്കാലത്തു വിരിഞ്ഞ കരുണയുടെ പുഷ്പങ്ങൾ

പ്ലേഗിനും കോളറയ്ക്കും സ്പാനിഷ് ഫ്ലൂവിനും ശേഷം ലോകത്ത് ഭീതിയുടെ ഇരുൾ പരത്തിക്കൊണ്ടാണ് കോവിഡ്-19 എന്ന കൊറോണ എത്തുന്നത്. ജനലക്ഷങ്ങൾ മരിച്ചുവീഴുന്നു.. ഉറ്റവരെയും ഉടയവരെയും കാണാൻ കഴിയാതെ അനേകർ ഒറ്റപ്പെട്ടുകഴിയുന്നു.. മരണമടഞ്ഞ പ്രിയപ്പെട്ടവരുടെ മൃതദേഹം പോലും കാണാൻ കഴിയാതെ കണ്ണീർ വാർക്കുന്ന അനേകർ.. പ്രാർത്ഥന പോലും കിട്ടാതെ ദഹിപ്പിക്കേണ്ടിവരുന്ന മൃതദേഹങ്ങൾ.. കൊറോണ ലോകത്തിനു സമ്മാനിച്ചുകൊണ്ടിരിക്കുന്നത് വേദനിപ്പിക്കുന്ന അനുഭവങ്ങളാണ്. എന്നാൽ, വേദനിപ്പിക്കുന്ന ഈ അനുഭവങ്ങൾക്കിടയിലും മനുഷ്യത്വത്തിന്റെയും സ്നേഹത്തിന്റെയും നനവുള്ള അനേകം കരസ്പർശങ്ങൾ അനുഭവിക്കുവാൻ ലോകമെമ്പാടുമുള്ള ആളുകൾക്ക് കഴിയുന്നുണ്ട് എന്നത് മറക്കാനാവാത്ത ഒരു സത്യം തന്നെയാണ്.

മനുഷ്യനെ മനസിലാക്കുവാൻ, സ്നേഹിക്കുവാൻ എതിർപ്പിന്റെയും കലഹത്തിന്റെയും മതിലുകൾ ഇല്ലാതാക്കുവാൻ ഒരു മഹാമാരി വരണം എന്നൊക്കെ പറയുന്നതുപോലെ വേദനകൾ ഏറെയുണ്ടെങ്കിലും ഈ കൊറോണ കാലവും മനുഷ്യത്വത്തിന്റെ വസന്തകാലമായി മാറുകയാണ്. ഈ കൊറോണ കാലത്ത് വിരിഞ്ഞ കരുണയുടെ പുഷ്പങ്ങളെ ഇവിടെ പരിചയപ്പെടുത്തുകയാണ്.

1 . ഡോക്ടർമാർക്ക് സുരക്ഷ ഉറപ്പാക്കുന്ന കന്യാസ്ത്രീകൾ

കൊറോണക്കാലത്ത് ജനം ഓടിക്കൂടിയത് ഡോക്ടർമാരുടെ അടുത്തേയ്ക്കാണ്. ഇത്തരമൊരു സാഹചര്യത്തിൽ ഡോക്ടർമാരുടെ സുരക്ഷ വളരെ പ്രധാനപ്പെട്ട ഒന്നാണ്. ഈ ഒരു ദൗത്യം ഏറ്റെടുക്കുകയാണ് ഒറീസയിലെ അപ്പോസ്‌തോലിക് കാർമൽ (എസി) എന്ന സന്യാസ സമൂഹത്തിലെ അംഗങ്ങൾ.
ബെംഗളൂരുവിലെ സെന്റ് ജോൺസ് ആശുപത്രിയിലെ ഡോക്ടർമാർക്ക് ഗുണമേന്മയുള്ള സുരക്ഷാവസ്ത്രങ്ങൾ തുന്നിക്കൊണ്ടാണ് ഈ കന്യാസ്ത്രീകൾ കൊറോണയ്ക്കെതിരെ പോരാടുന്നത്. എസി സന്യാസിനിമാർ ഇതുവരെ 70-ഓളം ഗൗണുകൾ ഡോക്ടർമാർക്കായി തുന്നിക്കഴിഞ്ഞു. ഒപ്പംതന്നെ നൂറോളം സുരക്ഷാവസ്ത്രങ്ങളും ഇവർ തയ്യാറാക്കി.

വസ്ത്രം തുന്നുന്നതിനാവശ്യമായ തുണിയും മറ്റും ആശുപത്രി അധികൃതർ നൽകും. സന്യാസ സമൂഹത്തിന്റെ കീഴിലുള്ള കമ്മ്യൂണിറ്റി കോളേജ് കൊറോണ ഭീതിയിൽ അടച്ചിട്ടിരിക്കുന്നതിനാൽ അവിടുത്തെ സൗകര്യങ്ങൾ ഉപയോഗിച്ച് സിസ്റ്റർമാർ സുരക്ഷാവസ്ത്രങ്ങൾ തുന്നിയെടുക്കുകയാണ്. ഇതുകൂടാതെ, കൊറോണ വൈറസ് ബാധ കൂടുതൽ സ്ഥിരീകരിച്ച സ്ഥലങ്ങളില്‍ സൗജന്യമായി മാസ്ക് വിതരണം ചെയ്യുവാനും ഇവർ നേതൃത്വം നൽകി.

2 . മറ്റുള്ളവർക്കായി മാസ്കുകൾ തുന്നുന്ന 11 വയസുകാരി

കൊറോണക്കാലം കുട്ടികൾക്ക് സന്തോഷമാണ്. കാരണം, സ്‌കൂൾ അവധി ആയതിനാൽ വീട്ടിരിക്കാം. അധികം കറക്കമൊന്നും പറ്റില്ലെന്ന ഒരു പ്രശ്നമേ ഉള്ളൂ. എങ്കിലും, ഒട്ടുമിക്ക കുട്ടികളും കളികളുടെ ലോകത്താണ്. ഈ സമയത്ത് മറ്റു കുട്ടികളിൽ നിന്ന് വ്യത്യസ്തയാവുകയാണ് അനന്യ പട്ടേൽ എന്ന പതിനൊന്നു വയസുകാരി. വാരണാസിയിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്ന ഈ പെൺകുട്ടി മറ്റുള്ള കുട്ടികളെപ്പോലെ കളിച്ചുനടക്കാതെ ആ സമയം മുഴുവൻ മാസ്ക് നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. തന്റെ വീട്ടിൽ ഇരുന്നുകൊണ്ട് മാസ്കുകൾ തയ്‌ക്കുകയാണ് അനന്യ.

ആദ്യമായിട്ടാണ് ഈ അഞ്ചാം ക്ലാസുകാരി തയ്യൽ മെഷീന്‍ ഉപയോഗിക്കുന്നത്. അതിന്റേതായ പാകപ്പിഴകൾ ആദ്യം ഉണ്ടായിരുന്നുവെങ്കിലും ഇപ്പോൾ അതെല്ലാം മാറി. കൊറോണ പൂർണ്ണമായും മാറുന്നതുവരെ മാസ്ക് നിർമ്മാണം തുടരുമെന്നു പറഞ്ഞ അനന്യ അതിനുശേഷവും മാസ്കുകൾ ഉണ്ടാക്കും എന്ന തീരുമാനമാണ് ഇപ്പോൾ എടുത്തിരിക്കുന്നത്. “വായുമലിനീകരണം മൂലമുള്ള രോഗങ്ങൾ തടയുവാൻ അത് സഹായിക്കുമല്ലോ” അനന്യ പറയുന്നു.

3 . സഹായവുമായി എത്തുന്ന ആർമിക്കാരൻ

ഒരു പട്ടാളക്കാരൻ എപ്പോഴും സ്വന്തം ജീവിനേക്കാള്‍ പ്രാധാന്യം നൽകുന്നത് മറ്റുള്ളവരുടെ ജീവനാണ്; അവരുടെ സുരക്ഷയ്ക്കാണ്. അമൃതസറിൽ ജോലി ചെയ്യുന്ന ബീഹാറിൽ നിന്നുള്ള സുധീർ കുമാർ എന്ന ഈ പട്ടാളക്കാരനും കൊറോണയ്ക്കെതിരെയുള്ള പോരാട്ടത്തിൽ സജീവമാണ്. പട്ടാളജോലിയിൽ നിന്ന് വീട്ടുകാർക്കൊപ്പം കഴിയുവാൻ ലീവെടുത്ത് എത്തിയതാണ് സുധീർ. അപ്പോഴാണ് ഇന്ത്യയിൽ കൊറോണ പൊട്ടിപ്പുറപ്പെടുന്നത്. വീട്ടുകാരോടൊപ്പം ചടഞ്ഞുകൂടുവാൻ അദ്ദേഹം തയ്യാറായില്ല. ആളുകൾക്കായി മാസ്ക് തുന്നുവാനും അത് സൗജന്യമായി വിതരണം ചെയ്യുവാനും അദ്ദേഹം മുന്നിട്ടിറങ്ങി. ഒപ്പം ഭക്ഷണവും മറ്റും ആവശ്യമുള്ളവർക്ക് എത്തിച്ചുനൽകുന്നതിനും അദ്ദേഹം ശ്രമിക്കുന്നു.

4. തെരുവുമൃഗങ്ങൾക്കു ഭക്ഷണവുമായി എത്തുന്ന മനുഷ്യൻ

രാജ്യം മുഴുവൻ ലോക്ക് ഡൌൺ പ്രഖ്യാപിച്ചു. മനുഷ്യർക്കോ ഭക്ഷണം കിട്ടാത്ത അവസ്ഥ. അപ്പോൾ തെരുവിൽ അലയുന്ന മൃഗങ്ങളുടെ അവസ്ഥയോ? എന്നാൽ, തെരുവിൽ അലയുന്ന മൃഗങ്ങളുടെ കാര്യവും പരിഗണനയിൽ എടുത്തുകൊണ്ട് എത്തിയ മനുഷ്യനാണ് പ്രവീൺ കുമാർ എന്ന ബാംഗ്ലൂർകാരൻ. ദിവസേനെ 100 പായ്ക്കറ്റ് ബിസ്ക്കറ്റ് നായ്ക്കൾക്കും, കുരങ്ങുകൾക്കും മറ്റും പഴവും നൽകിയാണ് ഇദ്ദേഹം മൃഗങ്ങളോടും കരുണ കാണിക്കുന്നത്.