മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തുമ്പോള്‍ വെള്ള വസ്ത്രം ധരിക്കാന്‍ അനുവാദമുള്ള ഏഴ് വനിതകള്‍

അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ ഫ്രാന്‍സിസ് മാര്‍പാപ്പയുമായുള്ള ആദ്യ കൂടിക്കാഴ്ച പല വിധത്തില്‍ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. അതിലൊന്നായിരുന്നു, പാപ്പായുമായുള്ള കൂടിക്കാഴ്ചയില്‍ പ്രസിഡന്റിന്റെ ഭാര്യ മെലാനിയയും മകള്‍ ഇവാങ്കയും കറുത്ത വസ്ത്രവും ശിരോവസ്ത്രവും ധരിച്ചത്. നിര്‍ബന്ധിത നിയമങ്ങളൊന്നും വസ്ത്രത്തിന്റെ കാര്യത്തില്‍ വത്തിക്കാന്‍ വയ്ക്കുന്നില്ലെങ്കിലും പാപ്പായുമായുള്ള കൂടിക്കാഴ്ചയ്ക്ക് ചില പ്രോട്ടോകോളുകള്‍ നിഷ്‌കര്‍ഷിക്കുന്നുണ്ട്. സ്ത്രീകളുടെയും പുരുഷന്മാരുടെയും കാര്യത്തില്‍. അതിന്റെ ഭാഗമായാണ് മെലാനിയയും ഇവാങ്കയും കറുത്ത നിറത്തിലുള്ള, കോളറുള്ള, മുഴുനീള കൈയ്യുള്ള വസ്ത്രവും കറുത്ത ശിരോവസ്ത്രവും ധരിച്ചത്.

എന്നാല്‍ ചില ആളുകള്‍ക്ക് (രാജ്ഞിമാര്‍ക്ക്) പാപ്പായുമായുള്ള കൂടിക്കാഴ്ചയില്‍ വെള്ള വസ്ത്രം ധരിക്കാന്‍ അനുവാദമുണ്ട്. പ്രിവിലേജ് ഓഫ് വൈറ്റ് എന്നാണ് ഇത് അറിയപ്പെടുന്നത്. ലോകത്ത് ഏഴു പേര്‍ക്ക് മാത്രമാണ് ഈ അനുവാദമുള്ളത്. സ്‌പെയിനിലെ ലെറ്റീസിയ രാജ്ഞി, ക്വീന്‍ എമരിറ്റസ് സോഫിയ ഓഫ് സ്‌പെയിന്‍, ബെല്‍ജിയത്തിലെ ക്വീന്‍ മെറ്റില്‍ഡ, ബെല്‍ജിയത്തിലെ ക്വീന്‍ പോള, ലക്‌സന്‍ബര്‍ഗിലെ ഗ്രാന്‍ഡ് ഡച്ചസ്, മരിയ തെരേസ, മൊണോക്കോയിലെ രാജകുമാരി ചാര്‍ലിന്‍, നേപ്പിള്‍സിലെ രാജകുമാരി മരീന, എന്നിവരാണത്.

പരമ്പരാഗതമായുള്ള ചില ഉടമ്പടികളുടെ ഭാഗമായാണ് ഇത്. എന്നാല്‍ മാര്‍പാപ്പമാരാരും ഇതിന് അധികം പ്രാധാന്യം കൊടുക്കാറില്ല, ശ്രദ്ധിക്കാറുമില്ല. ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ കാലത്ത് അദ്ദേഹത്തെ സന്ദര്‍ശിച്ച പല നേതാക്കളുടെ ഭാര്യമാരും പുത്രിമാരും വെളുത്ത വസ്ത്രം ധരിച്ചാണ് എത്തിയിട്ടുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.