സഭയെ തകര്‍ക്കുകയാണ് ചർച്ച് ആക്ടിന് ബില്ലിന് പിന്നിലുള്ളവരുടെ ലക്ഷ്യം: മാർ കരിയിൽ

ചര്‍ച്ച് ആക്ട് നടപ്പിലാക്കുന്നവരുടെ ലക്ഷ്യം വ്യവസ്ഥാപിത ചട്ടക്കൂട്ടില്‍ പ്രവര്‍ത്തിക്കുന്ന സഭയെ തകര്‍ക്കുകയെന്ന് കെആര്‍എല്‍സിസി പ്രസിഡന്‍റും കൊച്ചി രൂപതാദ്ധ്യക്ഷനുമായ ഡോ. ജോസഫ് കരിയില്‍. കൊല്ലം ഫാത്തിമ മാതാ കോളേജില്‍ നടന്ന കെആര്‍എല്‍സിസി സംഘടിപ്പിച്ച സമുദായ ദിനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സഭയുടെ സുതാര്യമായ പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വക്കുകയാണ് ഇവരുടെ ലക്ഷ്യം. ചര്‍ച്ച് ആക്ടിന് പിന്നില്‍ ഒരു വലിയ വിഭാഗം സഭാവിരുദ്ധരാണ്. അവരുടെ ആവശ്യം സഭയെ തകർക്കലാണ്. അവകാശങ്ങള്‍ പകല്‍ക്കൊളളക്കാരെപ്പോലെയാണ് സര്‍ക്കാര്‍ ലത്തീന്‍ കത്തോലിക്കനില്‍ നിന്ന് എടുത്തുകളയുന്നത്. അതിനുദാഹരണമാണ് പാര്‍ലമെന്റിലും നിയമസഭകളിലും ആഗ്ലോ ഇന്ത്യന്‍ പ്രാതിനിധ്യം എടുത്തുകളയാനുളള നീക്കം – അദ്ദേഹം ചൂണ്ടിക്കാട്ടി. മറ്റാരുടെയും അവകാശങ്ങള്‍ അപഹരിക്കാനല്ല മറിച്ച്, സ്വന്തം നിലനില്‍പ്പിനു വേണ്ടിയാണ് സമുദായം പോരാടുന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

യോഗത്തില്‍ കെആര്‍എല്‍സിസി വക്താവ് ഷാജി ജോര്‍ജ്ജ് അധ്യക്ഷത വഹിച്ചു. കൊല്ലം ബിഷപ്പ് ഡോ. ആന്‍റണി മുല്ലശ്ശേരി, കെആര്‍എല്‍സിസി വൈസ് പ്രസിഡന്‍റ് ഡോ. വിന്‍സെന്‍റ് സാമുവല്‍, സെക്രട്ടറി ജനറല്‍ ഡോ. സില്‍വെസ്റ്റര്‍ പൊന്നുമുത്തന്‍, ഫാ. ഫ്രാന്‍സിസ് സേവ്യര്‍, കെഎല്‍സിഎ സംസ്ഥാന പ്രസിഡന്‍റ് ആന്‍റണി നെറോണ, എം. വിന്‍സെന്‍റ് എംഎല്‍എ, കെഎല്‍സിഡബ്ല്യൂഎ സംസ്ഥാന പ്രസിഡന്‍റ് ജെയിന്‍ ആന്‍സില്‍ ഫ്രാന്‍സിസ്, ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസ് ഐഎഎസ്, കൊല്ലം ഡെപ്യൂട്ടി മേയര്‍ വിജയ ഫ്രാന്‍സിസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.