പെന്തക്കുസ്താ തിരുനാള്‍

എല്ലാവര്‍ക്കും പെന്തക്കോസ്താ തിരുനാള്‍ മംഗളങ്ങള്‍…

ബ്ര. ഡൊമിനിക് മഠത്തില്‍പറമ്പില്‍

യേശുക്രിസ്തുവിന്റെ സ്വര്‍ഗ്ഗാരോഹണത്തിനുശേഷം അപ്പസ്‌തോലന്മാരിലും മറ്റു ശിഷ്യരിലും പരിശുദ്ധാത്മാവിന്റെ ആവാസമുണ്ടായ പുതിയനിയമ സംഭവത്തെ അനുസ്മരിക്കുന്ന ക്രിസ്ത്യന്‍ വിശേഷദിനമാണ് പെന്തക്കോസ്താ (Pentecost). പെന്തക്കോസ്‌തെ എന്ന ഗ്രീക്ക് പദത്തിന്റെ അര്‍ത്ഥം ‘അമ്പതാം ദിനം’ എന്നാണ്. ഈസ്റ്റര്‍ ഞായറിനുശേഷം അമ്പതാം ദിവസം പെന്തക്കോസ്താ ആഘോഷിക്കപ്പെടുന്നു. യേശുക്രിസ്തുവിന്റെ തുടര്‍ച്ചയായ കത്തോലിക്കാ സഭ ‘തിരുസഭ’ ഔപചാരികമായി ഉദ്ഘാടനം ചെയ്യപ്പെട്ടതും ആ ദിവസമാണ്.

പെന്തക്കോസ്താ എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ അമ്പതാം ദിനം എന്നായതിനാല്‍, യഹൂദജനത പരസ്യമായിട്ട് വളരെ ശക്തവും എന്നാല്‍, വിശ്വാസത്തോടും കൂടെ ആചരിക്കുന്ന വിളവെടുപ്പ് ഉത്സവവുമാണിത്. എന്നാല്‍ കാലഘട്ടം മുമ്പോട്ടു പോയപ്പോള്‍, യഹൂദര്‍ ഈ പെന്തക്കോസ്താ നാളില്‍ പുതിയ വ്യാഖ്യാനം നല്‍കി പുറപ്പാടിന്റെ അമ്പതാം ദിനം അവര്‍ സീനായി മലയില്‍ എത്തിച്ചേര്‍ന്നു. ദൈവം അവര്‍ക്ക് കല്‍പന കൊടുത്തു. അവരുടെ ജീവിതം എപ്രകാരം മുമ്പോട്ടുപോകണം എന്നുള്ള കല്‍പനയുടെ അടിസ്ഥാനത്തിലാണ് പിന്നീട് അവര്‍ ജീവിതം മുന്നോട്ടു നയിച്ചത്. ഈ ഓര്‍മ്മപ്പെടുത്തലാണ് അവര്‍ പെന്തക്കോസ്തയായി ആചരിച്ചിരുന്നത്. ആ ദിനത്തില്‍ അവര്‍ ഏഴു കുഞ്ഞാടുകളെയും ഒരു കാളക്കുട്ടിയെയും രണ്ടു മുട്ടാടുകളെയും ദൈവത്തിനു മുമ്പില്‍ സമര്‍പ്പിക്കുകയും ആ ദിവസം ഒരു ജോലിയും ചെയ്യാന്‍ പാടില്ല എന്ന പ്രത്യേകമായി നിഷ്‌കര്‍ഷിക്കുകയും അതനുസരിച്ച് ദൈവാലയത്തില്‍ പോയി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന വലിയൊരു കാഴ്ചപ്പാടും നിലനിന്നിരുന്നു.

പെന്തക്കോസ്താ ദിനത്തില്‍ ക്രിസ്തുസമുദായത്തില്‍ നമുക്ക് എന്ത് പ്രാധാന്യം?

“പെന്തക്കോസ്താ ദിനം സമാഗതമായപ്പോള്‍ അവരെല്ലാവരും ഒരുമിച്ചു കൂടിയിരിക്കുകയായിരുന്നു. കൊടുങ്കാറ്റ് അടിക്കുന്നതുപോലെയുള്ള ഒരു ശബ്ദം പെട്ടെന്ന് ആകാശത്തു നിന്നുമുണ്ടായി. അത് അവര്‍ സമ്മേളിച്ചിരുന്ന വീട് മുഴുവന്‍ നിറഞ്ഞു. അഗ്നിജ്വാലകള്‍ പോലുള്ള നാവുകള്‍ തങ്ങളോരോരുത്തരുടെയും മേല്‍ വന്നുനില്‍ക്കുന്നത് അവര്‍ കണ്ടു. അവരെല്ലാവരും പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞു” (അപ്പ. പ്രവ. 2:1-4).

സെഹിയോന്‍ ഊട്ടുശാലയില്‍ പ്രാര്‍ത്ഥനാനിര്‍ഭരരായിരുന്ന ശിഷ്യന്മാരുടെമേല്‍ പരിശുദ്ധാത്മാവ് ഇറങ്ങിവന്ന് അവരില്‍ ശക്തിപ്രാപിച്ചു. അപ്പോള്‍ ആത്മാവ് കൊടുത്ത ഭാഷാവരമനുസരിച്ച് അവര്‍ വിവിധ ഭാഷകളില്‍ സംസാരിക്കാന്‍ തുടങ്ങി. ഈ പരിശുദ്ധാത്മാവിന്റെ ആരവം കേട്ടും മറ്റു യഹൂദാജനങ്ങള്‍ ഒരുമിച്ചുകൂടി ശിഷ്യന്മാര്‍ തങ്ങളോരോരുത്തരുടെയും ഭാഷയില്‍ സംസാരിക്കുന്നതും കേട്ട് അവര്‍ അത്ഭുതപ്പെട്ടു. ആ സമയം മുതല്‍ യേശുക്രിസ്തു നല്‍കിയ വാഗ്ദാനമനുസരിച്ചുള്ള പരിശുദ്ധാത്മാവ് അവരില്‍ വിളങ്ങി അവര്‍ വിവിധ സ്ഥലങ്ങളില്‍ സുവിശേഷം പ്രസംഗിക്കുവാന്‍ അവരെ പരിശുദ്ധാത്മാവ് ഒരുക്കുകയും ചെയ്തു.

പരിശുദ്ധാത്മാവ് ആശ്വാസദായകനാണ്. പരിശുദ്ധാത്മാവ് സത്യത്തിന്റെ പൂര്‍ണ്ണതയിലേയ്ക്ക് മനുഷ്യരെ നയിക്കുന്ന ദൈവത്തിന്റെ അരൂപിയാണ്. പരിശുദ്ധാത്മാവ് ഒരു വ്യക്തിയുടെ ജീവിതത്തില്‍ കടന്നുവരുമ്പോള്‍ മൂന്നു കാര്യങ്ങള്‍ ആ വ്യക്തിയുടെ ജീവിതത്തില്‍ മനസ്സിലാക്കി നല്‍കുന്നു.

1. പാപത്തെക്കുറിച്ച്; 2. നീതിയെക്കുറിച്ച്; 3. ന്യായവിധിയെക്കുറിച്ച് – ഇവയെക്കുറിച്ച് പരിശുദ്ധാത്മാവ് നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.

നമ്മുടെ ജീവിതത്തിലെ നന്മയെ മനസ്സിലാക്കാതെ തിന്മയും, പാപത്തില്‍ അകപ്പെട്ടു ജീവിക്കുന്നത് തെറ്റാണെന്ന് അറിഞ്ഞിട്ടും വീണ്ടും അതില്‍ തന്നെ തുടരുകയും ദൈവം നല്‍കിയ വിശുദ്ധമായ ശരീരത്തെ തിന്മയുടെ സന്തോഷത്തിനായി ദുരുപയോഗം ചെയ്യുകയും, അശുദ്ധമായതിനെ മാത്രം സ്വീകരിച്ച് വിശുദ്ധമായത് അകറ്റിനിര്‍ത്തുകയും, തിന്മയുടെ ജഡത്തിന്റെ കൂട്ടുകെട്ടുകളില്‍ അകപ്പെടുകയും ചെയ്യുന്നതൊക്കെ പാപമാണെന്ന് പരിശുദ്ധാത്മാവ് നമുക്ക് മനസ്സിലാക്കിത്തരുന്നു. അത്തരത്തില്‍ പാപത്തില്‍ അടിമപ്പെടാതിരിക്കുവാന്‍ പരിശുദ്ധാത്മാവ് നമുക്ക് ശക്തി നല്‍കുന്നു.

ഈ കാലഘട്ടത്തിന്റെ വലിയ ഒരു പ്രതിസന്ധിയാണ് പാപബോധം ഇല്ലായ്മ. ആരും കാണാതെ എന്തുചെയ്താലും അത് ശരിയാണെന്ന മനോഭാവത്തോടെ പാപം ചെയ്യുന്നു. പാപത്തെ പുണ്യമായും പുണ്യത്തെ പാപമായും ഈ കാലഘട്ടം ചിത്രീകരിക്കുന്നു. അതില്‍ നിന്നെല്ലാം – നന്മയും തിന്മയും, പാപവും പുണ്യവും വേര്‍തിരിച്ചറിഞ്ഞ് ജീവിക്കുവാന്‍ പരിശുദ്ധാത്മാവ് ശക്തി നല്‍കുന്നു.

രണ്ടാമതായി, പരിശുദ്ധാത്മാവ് ഒരു വ്യക്തിയുടെമേല്‍ വരുമ്പോള്‍ അയാളില്‍ നീതിബോധം ഉളവാകുന്നു. അതുവഴി, അര്‍ഹിക്കുന്നത് നല്‍കുക എന്ന ചിന്ത അയാളില്‍ ഉദിക്കുന്നു. മൂന്നാമതായി ലഭിക്കുന്ന അനുഗ്രഹമാണ് മരണാനന്തര ജീവിതത്തെ ബോധ്യപ്പെടുത്തി നല്‍കുന്നു എന്നത്. ഈ ലോകത്തിന്റെ സുഖത്തിനായും സന്തോഷത്തിനായും ജീവിക്കുക, താന്‍ ചെയ്യുന്നത് എത്ര വലിയ മാരകപാപമാണെങ്കിലും അതില്‍ നിന്നു കിട്ടുന്ന സുഖസന്തോഷത്തിനായി വീണ്ടും വീണ്ടും ആ തെറ്റ് ആവര്‍ത്തിക്കുന്നു. ചെയ്തുപോയ തെറ്റുകള്‍ക്ക് പരിഹാരമായി അതിനുവേണ്ട പാപ പരിഹാരം ചെയ്യാതെ, നല്ല കുമ്പസാരം നേടാതെ, അശുദ്ധിയില്‍ നിന്ന് വീണ്ടും അശുദ്ധിയിലേയ്ക്ക് ജീവിതം നയിക്കുന്നു. അതുവഴിയായി പിതാവായ ദൈവം നമുക്കു നല്‍കിയ മരണാനന്തരമുള്ള സ്വര്‍ഗ്ഗത്തിന്റെ നിത്യസൗഭാഗ്യം നഷ്ടമാകുന്നു. മരണാനന്തരമുള്ള നിത്യജീവനില്‍ വിശ്വസിക്കാതെ ഭൂമിയിലെ സുഖസന്തോഷത്തില്‍ അടിമപ്പെട്ടു ജീവിതം നയിക്കുന്നു. ഇത്തരത്തിലുള്ള ജീവിതരീതികളില്‍ നിന്നും പരിശുദ്ധാത്മാവ് ആ വ്യക്തിയെ മാറ്റിനിര്‍ത്തി വിശുദ്ധമായ ജീവിതം നയിക്കുവാന്‍ ശക്തിപ്പെടുത്തുകയും ബോധ്യപ്പെടുത്തുകയും ചെയ്യുന്നു. അതുവഴിയായി ദൈവത്തിന്റെ അരൂപിയായ പരിശുദ്ധാത്മാവ് നമ്മില്‍ ആവസിച്ച് പരിശുദ്ധാത്മാവിന്റെ ദാനങ്ങള്‍ നല്‍കി നമ്മെ വിശുദ്ധമായ ജീവിതം നയിക്കാന്‍ സഹായിക്കുന്നു.

അതിനാല്‍, പരിശുദ്ധാത്മാവിന്റെ ആവാസത്തിനായി ഈ പെന്തക്കൊസ്താ ദിനത്തില്‍ തീക്ഷ്ണമായി നമുക്ക് പ്രാര്‍ത്ഥിക്കാം. നന്മതിന്മകളെ വേര്‍തിരിച്ചറിഞ്ഞ് അന്യര്‍ക്ക് അവകാശപ്പെട്ടത് അവനു കൊടുത്ത് ദൈവം നമുക്കുവേണ്ടി ഒരുക്കിയിരിക്കുന്ന നിത്യസൗഭാഗ്യത്തില്‍ എത്തിച്ചേരുന്നതിനായി പരിശ്രമിക്കാം. അതിനായി നമുക്ക് ദൈവത്തോട് പ്രാര്‍ത്ഥിക്കാം. ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

ബ്ര. ഡൊമിനിക് മഠത്തില്‍പറമ്പില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

1 COMMENT

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.