പുഞ്ചിരിയോടെ മരണത്തെ പുൽകിയ മിഷനറി 

ദരിദ്രരുടെ ബിഷപ്പ് എന്ന് വിളിപ്പേരുള്ള സ്പാനിഷ് ക്ലരീഷ്യൻ മിഷനറി പെഡ്രോ കാസൽഡലിഗ തന്റെ 92- മത്തെ വയസിൽ മരണമടഞ്ഞു. ബ്രസീലിലെ ബറ്റാറ്റൈസ് നഗരത്തിൽ ആയിരുന്നു അന്ത്യം. ദൈവവുമായി ഐക്യമുള്ള ഒരു വ്യക്തിക്ക് എങ്ങനെ ശാന്തമായി ജീവിക്കുകയും മരിക്കുകയും ചെയ്യാമെന്നുള്ളതിന് വലിയ ഉദാഹരണമാണ് അദ്ദേഹത്തിന്റെ ജീവിതം. പുഞ്ചിരിയോടെ മരണത്തെ പുൽകിയ  വലിയ മിഷനറിയാണ് അദ്ദേഹം.

1928 -ൽ സ്പെയിനിലെ ബൽസറേണിയിലാണ് പെഡ്രോ കാസൽഡലിഗ ജനിച്ചത്. 1968 ലാണ് അദ്ദേഹം ബ്രസീലിലെ ആമസോണിൽ മിഷനറിയായി എത്തിയത്. 150,000 ചതുരശ്ര കിലോമീറ്റർ കാടുകളാലും നദികളാലും ചുറ്റപ്പെട്ട, ദരിദ്രരായ കൃഷിക്കാരും തൊഴിലാളികളും വസിക്കുന്ന എല്ലാവരാലും അവഗണിക്കപ്പെട്ട ഒരു സ്ഥലം അദ്ദേഹം തന്റെ മിഷൻ പ്രവർത്തനങ്ങൾക്കായി തിരഞ്ഞെടുക്കുകയായിരുന്നു.

തുടക്കത്തിൽ, പാവപ്പെട്ട ആളുകൾക്കുവേണ്ടിയും അവർക്ക് സ്വന്തമായി ഭൂമിക്കും വേണ്ടിയുമായിരുന്നു അദ്ദേഹത്തിന്റെ പോരാട്ടം. ഇതിന്റെ ഫലമായി ഭൂവുടമകളിൽ നിന്നും സർക്കാരിൽ നിന്നും നിരവധി ഭീഷണികൾ നേരിടേണ്ടതായി വന്നു. എന്നാൽ, അദ്ദേഹം ഭയപ്പെട്ട് ഒരിക്കലും സ്‌പെയിനിലേക്ക് തിരിച്ചുപോയില്ല. കാരണം, തന്റെ ഈ ജനത്തെ ഉപേക്ഷിച്ച്‌ പോയാൽ, ബ്രസീൽ അധികൃതർ തന്നെ മടങ്ങിവരാൻ അനുവദിക്കില്ലെന്ന് അദ്ദേഹം ഭയപ്പെട്ടു.

വാസ്തവത്തിൽ, 1970 -കളിൽ അദ്ദേഹം ബിഷപ്പായതിന് ശേഷവും അദ്ദേഹത്തെ നാട്ടിൽ നിന്ന് പുറത്താക്കാൻ സർക്കാർ പലതവണ ശ്രമിച്ചതാണ്. എന്നാൽ, പുറത്താക്കൽ നടപടി തടയാനായി പോൾ ആറാമൻ മാർപ്പാപ്പ ഇടപെട്ടു. “പെഡ്രോയെ തൊടുന്നവൻ പൗലോസിനെ സ്പർശിക്കുന്നു.” എന്നാണ് പോൾ ആറാമൻ പാപ്പാ പറഞ്ഞത്. സുവിശേഷം പഠിപ്പിക്കുന്നതിൽ നിന്നും ജീവിക്കുന്നതിൽ നിന്നും അദ്ദേഹം ഒരിക്കലും പിന്മാറിയില്ല.

1984 -ൽ അദ്ദേഹത്തിന് പാർക്കിൻസൺസ് രോഗം സ്ഥിരീകരിച്ചു. ‘പാർക്കിൻസൺ സഹോദരൻ’ എന്നാണ് അദ്ദേഹം തന്റെ രോഗത്തെ വിശേഷിപ്പിച്ചത്. 2005 ൽ അദ്ദേഹം ബിഷപ്പ് സ്ഥാനത്തു നിന്നും വിരമിച്ചു. കവിതകളും രചനകളും ഉൾപ്പെടെ 50 ലധികം കൃതികൾ അദ്ദേഹത്തിന്റേതായി ഉണ്ട്. “പരിശുദ്ധ ത്രിത്വത്തോടും കന്യാമറിയത്തോടും ദൈവജനത്തോടുമുള്ള പ്രത്യേക പ്രതിബദ്ധതയോടും സ്നേഹത്തോടും കൂടിയാണ് ബിഷപ്പ് പെഡ്രോ തന്റെ ജീവിതം നയിച്ചത്. പുഞ്ചിരിയോടെ, സമാധാനത്തോടെ ശാന്തമായി മരിച്ച ഒരു മിഷനറിയാണ് അദ്ദേഹം.” – മരണത്തോളം അദ്ദേഹത്തിൻറെ കൂടെയുണ്ടായിരുന്ന ഫാ. റൊണാൾഡോ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.