സമാധാനം ഒരു സമ്മാനവും ദൗത്യവുമാണ്: ഫ്രാന്‍സിസ് പാപ്പാ 

സമാധാനം ഒരു സമ്മാനവും അതിനെക്കാളുപരി ഒരു ദൗത്യവുമാണെന്ന്, ബള്‍ഗേറിയയിലെ മതനേതാക്കളെ ഓര്‍മ്മപ്പെടുത്തി ഫ്രാന്‍സിസ് പാപ്പാ. ബള്‍ഗേറിയയില്‍ വിവിധ മതങ്ങളുടെ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പാപ്പാ, സമാധാനത്തിന്റെ പ്രസക്തിയും പ്രാധാന്യവും ചൂണ്ടിക്കാട്ടിയത്.

പരസ്പരം മനസ്സിലാക്കുകയും ബഹുമാനപൂര്‍വ്വം വര്‍ത്തിക്കുകയും ചെയ്യേണ്ടത് സമാധാനം പുലരുന്നതിന് ആവശ്യമാണ്. സമാധാനം ഒരേസമയം ഒരു സമ്മാനവും നമ്മില്‍ നിക്ഷിപ്തമായിരിക്കുന്ന ഉത്തരവാദിത്വവുമാണ്. അതിനെ ഒരു അനുഗ്രഹമായി സ്വീകരിക്കുകയും അനുദിനം പരിപോഷിപ്പിക്കുകയും ചെയ്യുക ആവശ്യമാണ്. മനുഷ്യന്റെ മൗലികാവകാശമായി കരുതി സമാധാനസ്ഥാപനത്തിനായി പ്രവര്‍ത്തിക്കുക ആവശ്യമാണ്. പാപ്പാ ഓര്‍മ്മിപ്പിച്ചു.

‘എന്നെ സമാധാനത്തിനുള്ള ഒരു ഉപകരണമാക്കി മാറ്റണമേ’ എന്ന പ്രാര്‍ത്ഥനയോടെയാണ് പാപ്പാ തന്റെ സമാധാനസന്ദേശം ആരംഭിച്ചത്. വിശുദ്ധ ഫ്രാന്‍സിസ് യഥാര്‍ത്ഥ സമാധാനസ്ഥാപകനായിരുന്നു എന്ന് വ്യക്തമാക്കിയ പാപ്പാ, അദ്ദേഹത്തിന്റെ കാലടികള്‍ പിന്തുടരുവാനാണ് നാം ഓരോരുത്തരും വിളിക്കപ്പെട്ടിരിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു.

സ്‌നേഹത്തിന്റെ അഗ്‌നിയാല്‍ യുദ്ധത്തിന്റെ തണുത്തുറഞ്ഞ അവസ്ഥകളെ അലിയിപ്പിക്കാന്‍ കഴിയട്ടെ. അങ്ങനെ ഭൂമിയില്‍, കുടുംബങ്ങളില്‍, ഹൃദയങ്ങളില്‍ സമാധാനത്തിന്റെ വിത്തുകള്‍ വിതയ്ക്കാം. പാപ്പാ ബള്‍ഗേറിയയിലെ ജനങ്ങളെ ഉദ്ബോധിപ്പിച്ചു.